News - 2025
യെമനിൽ കൊല്ലപ്പെട്ട കന്യാസ്ത്രീകൾക്കു വേണ്ടി കെനിയയിൽ പ്രത്യേക അനുസ്മരണ ദിവ്യബലി നടന്നു
അഗസ്റ്റസ് സേവ്യര്‍ 19-04-2016 - Tuesday
യെമനിലെ ഏഡനിൽ മുസ്ലീം ഭീകരർ നടത്തിയ ആക്രമണത്തിൽ കൊല്ലപ്പെട്ട കന്യാസ്ത്രീകൾക്കു വേണ്ടി കെനിയയിലെ നെയ്റോബിയിൽ പ്രത്യേക അനുസ്മരണ ദിവ്യബലി നടന്നു.
വധിക്കപ്പെടുന്ന സമയത്ത് തന്റെ വിശ്വാസം ഉറക്കെ പ്രഖ്യാപിച്ചു കൊണ്ട് മരണം വരിച്ച കെനിയൻ സ്വദേശിനിയായ സിസ്റ്റർ മേരി ജൂഡിറ്റിനെ ദിവ്യബലി വേളയിൽ പ്രത്യേകം അനുസ്മരിച്ചു. ഹോളി ഫാമിലി ബസലിക്കയിൽ ദിവ്യബലി അർപ്പിച്ചു കൊണ്ട് നെയ്റോബിയിലെ ആക്സിലറി ബിഷപ്പ് ഡേവിഡ് കമൗ പറഞ്ഞു- "സിസ്റ്റർ മേരി ജൂഡിറ്റിന്റെ മരണം വൃഥാവിലല്ല".
സിസ്റ്റർ ജൂഡിറ്റിന്റെ 62 വയസ്സുള്ള അമ്മയും ഈ പ്രത്യേക ദിവ്യബലിയിൽ പങ്കെടുക്കാൻ എത്തിയിരുന്നു. പ്രസംഗമദ്ധ്യേ സിസ്റ്റർ ജൂഡിറ്റിന്റെ അമ്മയോട് ബിഷപ്പ് ഡേവിഡ് കമൗ പറഞ്ഞു്: "അമ്മയുടെ മകളെയോർത്ത് വിലപിക്കരുത്. അവൾ സ്വർഗ്ഗത്തിലിരുന്ന് ഇപ്പോൾ നമുക്കു വേണ്ടി മദ്ധ്യസ്ഥം വഹിച്ചു പ്രാർത്ഥിക്കുകയായിരിക്കും."
യെമനിലെ ഏഡനിൽ മുസ്ലീം ഭീകരർ നടത്തിയ ആക്രമണത്തിൽ നാലു കന്യാസ്ത്രീകളടക്കം പതിനാറു പേർ കൊല്ലപ്പെട്ടിരുന്നു.
അംഗവൈകല്യമുള്ളവരും പ്രായമായവരും മാത്രം വസിച്ചിരുന്ന അഭയഭവനത്തിൽ, അവർക്കു വേണ്ടി നിസ്വാർത്ഥ സേവനം നിർവ്വഹിച്ചിരുന്നവരാണ് കൊല്ലപ്പെട്ട നാല് കന്യാസ്ത്രീകളും12 സഹായികളുമടങ്ങുന്ന സംഘം. മിഷിനറിസ് ഓഫ് ചാരിറ്റി നടത്തുന്ന അഭയകേന്ദ്രത്തിലെ മദർ സുപ്പീരിയർ മാത്രമാണ് അന്ന് അത്ഭുതകരമായി രക്ഷപ്പെട്ടതും അവിടെ നടന്ന കാര്യങ്ങൾ ലോകത്തെ അറിയിച്ചതും. ഇന്ത്യയിൽ നിന്നുള്ള സലേഷ്യൻ വൈദികൻ, ഫാദർ തോമസ് ഉഴുന്നലിൽ അന്ന് അക്രമികളുടെ കൈയ്യിൽ അകപ്പെട്ടിരുന്നു. അദ്ദേഹത്തെ പറ്റി ഇതേവരെ വിവരങ്ങളൊന്നുമില്ല.
കെനിയയിലെ സിസ്റ്റർ ജൂഡിറ്റിനെ കൂടാതെ റുവാണ്ട സ്വദേശികളായ സിസ്റ്റർ മേരി മാർഗരീറ്റ, സിസ്റ്റർ റെജീനെറ്റ, ഇന്ത്യയിൽ നിന്നുള്ള സിസ്റ്റർ മേരി ആൻസ്ലം എന്നിവരും അന്ന് വധിക്കപ്പെട്ടവരിൽ ഉൾപ്പെട്ടിരുന്നു.
ഏഡനിൽ കൊല്ലപ്പെട്ട കന്യാസ്ത്രീകൾ ഉൾപ്പടെയുള്ളവർക്ക് ആത്മീയ ഗുരുവായിരുന്ന ഫാദർ ഉഴുന്നാലിലിന്റെ മോചനത്തിനു വേണ്ടിയും, അദ്ദേഹത്തിന്റെ സുസ്ഥിതിക്കായി ദൈവത്തിന്റെ ഇടപെടലുണ്ടാ കുന്നതിനുവേണ്ടിയും ദിവ്യബലിമദ്ധ്യേ എല്ലാവരും പ്രത്യേകം പ്രാർത്‌ഥിച്ചു