Faith And Reason - 2024

മഴയ്ക്കു വേണ്ടി സിഡ്നി മെത്രാപ്പോലീത്തയുടെ നേതൃത്വത്തില്‍ ഇടവകകളിലും സ്കൂളുകളിലും പ്രാര്‍ത്ഥന

സ്വന്തം ലേഖകന്‍ 07-01-2020 - Tuesday

സിഡ്നി: ഓസ്ട്രേലിയന്‍ സംസ്ഥാനങ്ങളെ ചുട്ടെരിച്ചുകൊണ്ട് സംഹാര താണ്ഡവമാടിയ കാട്ടുതീയും, വരള്‍ച്ചയും അവസാനിക്കുന്നതിനും മഴ ലഭിക്കുന്നതിനും പ്രത്യേക പ്രാര്‍ത്ഥനയുമായി സിഡ്നി മെത്രാപ്പോലീത്ത അന്തോണി ഫിഷര്‍. സിഡ്നിയിലെ ഭൂരിഭാഗം ദേവാലയങ്ങളിലും വിശുദ്ധ കുര്‍ബാനയ്ക്കു മുന്‍പായി മഴക്ക് വേണ്ടിയുള്ള ഈ പ്രത്യേക പ്രാര്‍ത്ഥന ചൊല്ലുന്നുണ്ട്. ‘കളക്റ്റ് ഫോര്‍ ദി മാസ് ഫോര്‍ റെയിന്‍’ എന്ന ഈ പ്രാര്‍ത്ഥന മെത്രാപ്പോലീത്ത തന്നെയാണ് തയാറാക്കിയത്. ദൈവമേ അങ്ങിലൂടെയാണ് ഞങ്ങള്‍ ജീവിക്കുകയും ചലിക്കുകയും ചെയ്യുന്നത്. ഇപ്പോഴത്തെ ജീവിതത്തില്‍ ഞങ്ങളെ നിലനിര്‍ത്തുവാന്‍ പര്യാപ്തമായ മഴ ഞങ്ങള്‍ക്ക് നല്‍കണമേ, നിത്യജീവിതം നിലനിര്‍ത്തുവാന്‍ വേണ്ടതിനും ആത്മവിശ്വാസത്തോടെ ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു” എന്ന അപേക്ഷയോടെയാണ് പ്രാര്‍ത്ഥന ആരംഭിക്കുന്നത്.

ജീവ നഷ്ടം ഉണ്ടാകാതിരിക്കുവാന്‍ സ്വന്തം ജീവന്‍ പോലും വകവെക്കാതെ പോരാടിക്കൊണ്ടിരിക്കുന്ന ധീരരായ അഗ്നിശമനസേനക്കാര്‍ക്ക് വേണ്ടിയുള്ള തന്റെ പ്രാര്‍ത്ഥനയില്‍ പങ്കുചേരുവാന്‍ മെത്രാപ്പോലീത്ത വിശ്വാസികളെ ക്ഷണിക്കുന്നു. ക്രിസ്ത്യാനികളുടെ സഹായമായ മാതാവിനോട് ഈ വിഷമഘട്ടത്തില്‍ നമ്മുടെ സഹായത്തിനെത്തുവാന്‍ നമുക്ക് ഒരുമിച്ച് അപേക്ഷിക്കാമെന്നും മെത്രാപ്പോലീത്ത പ്രാര്‍ത്ഥനയില്‍ സൂചിപ്പിക്കുന്നു. ഇതിനിടെ രാജ്യത്തെ വരള്‍ച്ച ഇല്ലാതാകുന്നത് വരെ മഴക്ക് വേണ്ടി ഓസ്ട്രേലിയന്‍ മെത്രാന്‍ സമിതി നടത്തിക്കൊണ്ടിരിക്കുന്ന ദേശീയ പ്രാര്‍ത്ഥന യത്നം നീട്ടുവാന്‍ സമിതി തീരുമാനിച്ചിട്ടുണ്ട്.

ഇടവകകളിലും, സ്കൂളുകളിലും, കൂട്ടായ്മകളിലൂടെയും, കുടുംബ പ്രാര്‍ത്ഥനയിലൂടെയും ദേശീയ പ്രാര്‍ത്ഥനായത്നത്തില്‍ പങ്കെടുക്കുവാനുള്ള സൗകര്യവും മെത്രാന്‍ സമിതി ഒരുക്കിയിട്ടുണ്ട്. കാട്ടുതീ ഓസ്ട്രേലിയയില്‍ പതിവാണെങ്കിലും ഇത്തവണത്തെ കാട്ടുതീ നിയന്ത്രണാതീതമായി മാറിയിരിക്കുകയാണ്. അതേസമയം കാട്ടുതീയിൽ വലഞ്ഞ സിഡ്‌നി മുതൽ മെൽബൺവരെയുള്ള പ്രദേശങ്ങളിലും ന്യൂ സൗത്ത് വെയിൽസിലെ വിവിധയിടങ്ങളിലും ആശ്വാസമായി തണുത്ത കാറ്റും ചാറ്റൽ മഴയും ഉണ്ടായെന്ന്‍ റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്.

More Archives >>

Page 1 of 21