Faith And Reason - 2024

ഇസ്ലാം മതം ഉപേക്ഷിച്ച് ക്രൈസ്തവ വിശ്വാസം സ്വീകരിച്ച ഇറാനി യുവതിക്ക് ജാമ്യം

സ്വന്തം ലേഖകന്‍ 02-03-2020 - Monday

ടെഹ്‌റാന്‍: ജനുവരിയില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തിനിടെ ടെഹ്‌റാനില്‍ നിന്നും അറസ്റ്റിലായ ക്രൈസ്തവ വിശ്വാസം സ്വീകരിച്ച ഇറാനി യുവതിക്ക് ജാമ്യം. ടെഹ്‌റാന്റെ കിഴക്ക് ഭാഗത്ത് വിജനമായ മരുപ്രദേശത്ത് സ്ഥിതി ചെയ്യുന്ന ക്വാര്‍ചാക്ക് വനിത ജയിലില്‍ നിന്നും മേരി എന്നറിയപ്പെടുന്ന ഇരുപത്തിയൊന്നുകാരിയായ ഫാത്തെമെ മൊഹമ്മദിയ്ക്കു ജാമ്യം ലഭിച്ചിരിന്നുവെന്ന് അമേരിക്ക ആസ്ഥാനമായി ക്രൈസ്തവര്‍ക്കെതിരായ മതപീഡനങ്ങള്‍ നിരീക്ഷിച്ചുകൊണ്ടിരിക്കുന്ന ഇന്റര്‍നാഷ്ണല്‍ ക്രിസ്ത്യന്‍ കണ്‍സേണാണ് വെളിപ്പെടുത്തിയിരിക്കുന്നത്. 2250 ഡോളര്‍ ജാമ്യത്തുകയായി കെട്ടിവെച്ചുകൊണ്ടുള്ള ജാമ്യം കോടതി നിരസിച്ചതായുള്ള ഊഹാപോഹങ്ങള്‍ ശക്തമായ സാഹചര്യത്തില്‍ അറസ്റ്റിന് ശേഷം മൊഹമ്മദിയെ സംബന്ധിച്ച അവ്യക്തതകള്‍ക്ക് വിരാമം നല്‍കിക്കൊണ്ടാണ് ഇപ്പോള്‍ ജാമ്യ വാര്‍ത്ത പുറത്തുവന്നിരിക്കുന്നത്.

ഇക്കഴിഞ്ഞ ജനുവരി 12നാണ് മൊഹമ്മദി അറസ്റ്റിലാവുന്നത്. അറസ്റ്റിലായതിന് ശേഷം യാതൊരു വിവരവുമില്ലായിരുന്നു. ക്വാര്‍ചാക്ക് വനിതാ ജയിലില്‍ അവര്‍ക്ക് പീഡനങ്ങള്‍ ഏല്‍ക്കേണ്ടതായി വന്നുവെന്നും പറയപ്പെടുന്നു. 176 യാത്രക്കാരുമായി പോയ വിമാനം ഇറാനി സൈനികര്‍ വെടിവെച്ചിട്ടതിനെ തുടര്‍ന്ന്‍ സര്‍ക്കാര്‍ നടപടിക്കെതിരെ ടെഹ്‌റാനില്‍ പ്രതിഷേധം അരങ്ങേറിയ സ്ഥലത്തു നിന്നുമാണ് മൊഹമ്മദി അറസ്റ്റിലാവുന്നത്. പ്രതിഷേധത്തില്‍ മൊഹമ്മദി പങ്കെടുത്തിരുന്നോ എന്ന കാര്യത്തില്‍ തീര്‍ച്ചയില്ല. നിയമപരമല്ലാത്ത റാലിയില്‍ പങ്കെടുത്തുകൊണ്ട് പൊതു ജനജീവിതത്തിന് ഭംഗം വരുത്തി എന്ന കുറ്റം ചുമത്തിയായിരുന്നു അറസ്റ്റ്. അതേസമയം ഇസ്ലാം മതം ഉപേക്ഷിച്ച് ക്രൈസ്തവ വിശ്വാസം സ്വീകരിച്ചതിലുള്ള പ്രകോപനമായിരിക്കാം മൊഹമ്മദിയുടെ അറസ്റ്റിനു പിന്നിലെന്നും നിരീക്ഷണമുണ്ട്.

2017ല്‍ ഒരു ഭവനദേവാലയത്തില്‍ അതിക്രമിച്ച് കയറിയ പോലീസ് മൊഹമ്മദിയെ അറസ്റ്റ് ചെയ്തിരുന്നു. ഇറാനിലെ കുപ്രസിദ്ധമായ എവിന്‍ ജയിലില്‍ ആറ് മാസത്തോളം കിടന്നതിനു ശേഷമാണ് മൊഹമ്മദി മോചിതയായത്. കഴിഞ്ഞ ജൂലൈ മാസത്തില്‍ ഹിജാബ് തെറ്റായി ധരിച്ച കുറ്റത്തിനും അവര്‍അറസ്റ്റ് ചെയ്യപ്പെട്ടിരുന്നു. ഇറാനിലെ ഇന്റലിജന്‍സ് വകുപ്പ് മന്ത്രി മഹമൂദ് അലാവിയുടെ ക്രൈസ്തവര്‍ക്കു നേരെയുള്ള അടിച്ചമര്‍ത്തല്‍ ചൂണ്ടിക്കാട്ടിക്കൊണ്ടും, തനിക്ക് ജയിലില്‍ നേരിടേണ്ടി വന്ന അക്രമങ്ങളെക്കുറിച്ച് വിവരിച്ചുകൊണ്ട് തുറന്ന കത്തുകള്‍ എഴുതുന്നതിനും മൊഹമ്മദി ധൈര്യം കാണിച്ചിട്ടുണ്ട്. ഇസ്ലാമിക ഭൂരിപക്ഷ രാജ്യമായ ഇറാനില്‍ നിന്നും ക്രൈസ്തവര്‍ക്ക് നേരെയുള്ള അതിഭീകരമായ പീഡനത്തിന്റെ നിരവധി കഥകളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 25