Faith And Reason

ഗ്വാഡലൂപ്പ മാതാവിന്റെ മുന്നില്‍ അഗ്നി മുട്ടുമടക്കുന്ന അത്ഭുത ചിത്രം വൈറല്‍

സ്വന്തം ലേഖകന്‍ 07-03-2020 - Saturday

ഫ്ലോറിഡ: തങ്ങളുടെ ജീവിതത്തില്‍ ഒരിക്കലും മറക്കാനാവാത്ത ഒരു അത്ഭുതത്തിന് സാക്ഷ്യം വഹിച്ച ആഹ്ലാദത്തിലാണ് ഫ്ലോറിഡയിലെ അഗ്നിശമന സേനാംഗങ്ങളില്‍ ചിലര്‍. അമേരിക്കന്‍ വന്‍കരകളുടെ മധ്യസ്ഥ എന്നറിയപ്പെടുന്ന ഗ്വാഡലൂപ്പ മാതാവിന്റെ ചിത്രത്തിന് മുന്നില്‍ അഗ്നി അത്ഭുതകരമായി പിന്‍വാങ്ങുന്ന കാഴ്ചക്കാണ് അവര്‍ സാക്ഷ്യം വഹിച്ചത്. അഗ്നിശമന സേനാംഗങ്ങളില്‍ ഉള്‍പ്പെട്ടിരുന്ന ജോസ് മാനുവല്‍ റിവേറ വലെന്‍സ്യൂലയാണ് ഈ അത്ഭുത കാഴ്ചയുടെ ചിത്രം പുറത്തുവിട്ടത്. ഇത് നവ മാധ്യമങ്ങളില്‍ വൈറലായി മാറിയിരിക്കുകയാണ്.

ഫ്ലോറിഡയിലെ വലിയ മരത്തിന് തീ പിടിച്ചു എന്നറിഞ്ഞ് തീ അണക്കുവാന്‍ എത്തിയതായിരുന്നു അഗ്നിശമന സേനാംഗങ്ങള്‍. മരത്തെ കാര്‍ന്നു കൊണ്ടിരുന്ന അഗ്നി ഒരു സ്ഥലത്തെത്തിയപ്പോള്‍ പതിയെ പിന്‍വാങ്ങുന്നത് അവരുടെ ശ്രദ്ധയില്‍പ്പെട്ടു. മരത്തില്‍ പതിപ്പിച്ചിരുന്ന ഗ്വാഡലൂപ്പ മാതാവിന്റെ ചിത്രത്തിനടുത്തെത്തിയപ്പോഴാണ് ആളിക്കത്തിക്കൊണ്ടിരുന്ന അഗ്നി പതിയെപ്പതിയെ പിന്‍വാങ്ങിയതെന്നു സേനാംഗങ്ങള്‍ തിരിച്ചറിഞ്ഞത്. കാഴ്ചകണ്ട് തങ്ങള്‍ സ്തബ്ദരായെന്നും അത്ഭുതത്തിന് ഏതാനും സമയം സാക്ഷ്യം വഹിച്ചു നിന്നതിന് ശേഷമാണ് തങ്ങള്‍ തീ പൂര്‍ണ്ണമായും അണച്ചതെന്നും വലെന്‍സ്യൂല വെളിപ്പെടുത്തി. ഏറെ നിഗൂഢ രഹസ്യങ്ങള്‍ നിറഞ്ഞു നില്‍ക്കുന്ന ചരിത്രമാണ് ഗ്വാഡലൂപ്പ ചിത്രത്തിനുള്ളത്.

500 വര്‍ഷങ്ങള്‍ക്ക് മുമ്പ് 1531-ല്‍ മെക്‌സിക്കന്‍ കര്‍ഷകനായ ജുവാന്‍ ഡിഗോയ്ക്ക് നല്‍കിയ പ്രത്യക്ഷപ്പെടലിലൂടെയാണ് ഗ്വാഡലൂപ്പ ആഗോള ശ്രദ്ധ നേടുന്നത്. തനിക്ക് ലഭിച്ച ദര്‍ശനം ബിഷപ്പിന് മുന്നില്‍ സ്ഥിരീകരിക്കുവാന്‍ പരിശുദ്ധ അമ്മ സമ്മാനിച്ച പുഷ്പവുമായി എത്തിയ ജുവാന്‍ തന്റെ മേലങ്കി ബിഷപ്പിന് മുന്നില്‍ തുറന്നപ്പോള്‍ പൂക്കൾ സൂക്ഷിച്ചിരുന്ന സ്ഥാനത്ത് ജുവാനു പ്രത്യക്ഷപ്പെട്ട അതേ രൂപത്തിൽ പരിശുദ്ധ അമ്മയുടെ ചിത്രം അത്ഭുതകരമായി ആലേഖനം ചെയ്തിരിക്കുകയായിരിന്നു. ഈ ചിത്രമാണ് ‘ഗ്വാഡലൂപിലെ പരിശുദ്ധ മാതാവ്’ എന്ന പേരില്‍ പ്രസിദ്ധമായത്. സംഭവത്തിനു ശേഷമുള്ള നൂറ്റാണ്ടുകളില്‍ ആശ്ചര്യജനകമായതും, വിവരിക്കാനാവാത്തതുമായ ചില പ്രത്യേകതകള്‍ 'ഗ്വാഡലൂപിലെ പരിശുദ്ധ മാതാവിന്റെ' ഈ ചിത്രത്തില്‍ ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിട്ടുണ്ട്.

വായിക്കുവാന്‍ താഴെ കാണുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക ‍

ശാസ്ത്രത്തിന് മുന്നില്‍ ഇന്നും ചോദ്യചിഹ്നമായി നിലനില്‍ക്കുന്ന ഗ്വാഡലൂപ്പ മാതാവ്‌: ചരിത്രത്തിലൂടെ ഒരു യാത്ര

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍ 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക  

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 26