Meditation. - April 2024
ദൈവം നമ്മുക്ക് നല്കിയിരിക്കുന്ന തൊഴിലിന്റെ മാഹാത്മ്യത്തെ ചിന്തിച്ചിട്ടുണ്ടോ?
സ്വന്തം ലേഖകന്‍ 29-04-2016 - Friday
"ദൈവം അവരെ ഇങ്ങനെ അനുഗ്രഹിച്ചു: സന്താനപുഷ്ടിയുള്ളവരായി പെരുകുവിന്‍. ഭൂമിയില്‍ നിറഞ്ഞ് അതിനെ കീഴടക്കുവിന്‍. കടലിലെ മത്‌സ്യങ്ങളുടെയും ആകാശത്തിലെ പറവകളുടെയും ഭൂമിയില്‍ ചരിക്കുന്ന സകല ജീവികളുടെയും മേല്‍ നിങ്ങള്‍ക്ക് ആധിപത്യം ഉണ്ടായിരിക്കട്ടെ" (ഉൽപ്പത്തി 1:28).
വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: ഏപ്രില്‍ 30
ദൈവത്തിൽ നിന്നുള്ള ശ്രദ്ധേയമായ ഒരു അനുഗ്രഹമാണ് ജോലി ചെയ്യുവാനുള്ള കൃപ. ഈ പ്രപഞ്ചത്തില്‍ നിന്നും അദ്ധ്വാനിച്ച് ജീവിതത്തെ കരുപിടിപ്പിക്കാന്‍ ദൈവം മനുഷ്യനു പ്രത്യേക വരം നല്കി. ജോലിയില്ലാതെ കഷ്ട്ടപ്പെടുന്ന അനേകരുണ്ട്. വെറുപ്പിന്റെയും അക്രമത്തിന്റെയും പ്രത്യയശാസ്ത്രങ്ങളുടെ ഇടയില്‍പെട്ട് ഒരു നേരത്തെ ആഹാരത്തിന് വേണ്ടി ദുഃഖിക്കുന്ന അനേകരുണ്ട്. നമ്മുടെ ജോലി മേഖലകളില്‍ ഇവരെ പറ്റി എപ്പോഴും ചിന്തിക്കുന്നത് വളരെ നല്ലതാണ്. എങ്കില്‍ മാത്രമേ നാം തൊഴിലിന്റെ മാഹാത്മ്യം മനസിലാക്കുയുള്ളൂ.
തൊഴിലിന്റെ മാഹാത്മ്യം മനസ്സിലാക്കി അദ്ധ്വാനിക്കുന്ന ഓരോരുത്തരും തന്റെ അവകാശങ്ങൾ നിയമപരമായി സംരക്ഷിക്കുവാന്‍ ബാദ്ധ്യസ്ഥരാണ്. മാത്രമല്ല തന്റെ ജോലി ഉത്തരവാദിത്വത്തോടെ ചെയ്യുവാനും മനുഷ്യന് കഴിയണം. ക്രൈസ്തവർ എന്ന നിലയിൽ നാം നീതിയുടെയും സ്വാതന്ത്ര്യത്തിന്റെയും ദാനധർമത്തിന്റെയും ശിൽപ്പികളായി മാറേണ്ടിയിരിക്കുന്നു. ആധുനിക സാങ്കേതിക വിദ്യകള്‍ തൊഴിലില്ലായ്മ സൃഷ്ട്ടിക്കുന്നത് കൊണ്ട് തന്നെ തൊഴിലാളി അറിവിന്റെ മേഖലയിലേയ്ക്ക് കൂടുതലായി ഉയരേണ്ടിയിരിക്കുന്നു. എങ്കില്‍ മാത്രമേ നമ്മുടെ ജോലി മേഖല ഫലപ്രദമാകുകയുള്ളൂ. ജോലിയെന്ന് പറയുന്നത് കേവലം വരുമാനത്തിനായി മാത്രം ഒതുങ്ങരുത്.
മറിച്ച് അതിനെ ശരിക്കും ഒരു ദൈവ നിയോഗമായി കാണാന്‍ നാം പരിശ്രമിക്കണം. ജോലിയിലുള്ള സംതൃപ്തി വഴിയായി വൈരാഗ്യമോ പകയോ ഒന്നുമില്ലാതെ ജീവിതം മുഴുവന്‍ മനുഷ്യസമൂഹത്തിനും സമർപ്പിക്കുവാൻ നമ്മുക്ക് സാധിക്കണം. എങ്കില്‍ മാത്രമേ ക്രിസ്തുവിന്റെ സ്നേഹം നമ്മുക്കനുഭവിച്ചറിയാന്‍ കഴിയുകയുള്ളൂ.
(വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പാ, ഗ്വാദൽജാറ, 30.1.79).
'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.