Faith And Reason - 2025
ദേവാലയ മുറ്റത്ത് ദിവ്യകാരുണ്യവുമായി വൈദികന്‍ നിലയുറപ്പിച്ചു: ആശീര്‍വ്വാദം സ്വീകരിച്ച് വിശ്വാസികള്‍
സ്വന്തം ലേഖകന്‍ 03-04-2020 - Friday
മിന്നെസോട്ട: കൊറോണ കാലത്ത് ദേവാലയങ്ങള്‍ അടച്ചുപൂട്ടിയെങ്കിലും വിശ്വാസികളുടെ ആത്മീയ ദാഹത്തിന് പരിഹാരമേകികൊണ്ട് വൈദികന്‍ സ്വീകരിച്ച നടപടി ശ്രദ്ധയാകര്‍ഷിക്കുന്നു. അമേരിക്കയിലെ മിന്നെസോട്ടയിലെ സെന്റ് മോണിക്ക ദേവാലയ വികാരി ഫാ. ജാക്ക് ഡർക്കിനാണ് ‘ഡ്രൈവ് ത്രൂ ബെനഡിക്ഷൻ’ എന്ന ശ്രദ്ധേയമായ ആത്മീയ മാര്‍ഗ്ഗവുമായി മുന്നോട്ട് വന്നിരിക്കുന്നത്. ദിവ്യകാരുണ്യം എഴുന്നള്ളിച്ചു ദേവാലയത്തിന്റെ പാർക്കിങ് ഏരിയയിൽ നിലയുറപ്പിച്ച വൈദികന്‍ തിരുവോസ്തി നാഥനെ വണങ്ങുവാന്‍ വിശ്വാസികള്‍ക്ക് അവസരം നല്‍കുകയായിരിന്നു. വാഹനങ്ങളിൽ എത്തിയവർ നിശ്ചിത അകലം പാലിച്ചുകൊണ്ട് അവരവരുടെ വാഹനങ്ങളിൽ ഇരുന്നുകൊണ്ട് ദിവ്യകാരുണ്യ ആശീർവാദം സ്വീകരിച്ചതോടെയാണ് ‘ഡ്രൈവ് ത്രൂ ബെനഡിക്ഷൻ’ ഫലം കണ്ടത്.
അതേസമയം ദേവാലയത്തിലെ പാർക്കിംഗ് ഏരിയയിൽ എത്താനാവാത്തവരെയും വൈദികന്‍ നിരാശപ്പെടുത്തിയില്ല. ദിവ്യകാരുണ്യ ആശീർവാദം നൽകാൻ സമീപ നഗരങ്ങളിലൂടെ ദിവ്യകാരുണ്യവുമായി വൈദികൻ സഞ്ചരിച്ചത് ഏതാണ്ട് നാലു മണിക്കൂർ സമയമായിരിന്നു. പൊതുനിരത്തിലൂടെ ദിവ്യകാരുണ്യ ആശീർവാദം നൽകി കടന്നുപോകുന്ന വൈദികന്റെ ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി മാറിയിരിക്കുകയാണ്. ആളുകള്‍ തങ്ങളുടെ വാഹനം നിർത്തി ദിവ്യകാരുണ്യ ആശീർവാദം സ്വീകരിക്കുന്നതും ഇടയ്ക്കു ആളുകൾ വഴിയിൽ മുട്ടുകുത്തിനിന്ന് ദിവ്യകാരുണ്യ നാഥനെ വണങ്ങുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഇരുന്നൂറോളം പേർ വാഹനങ്ങളിൽ ഇരുന്ന് ദിവ്യകാരുണ്യ ആശീർവാദം സ്വീകരിച്ചുവെന്ന്‍ ഫാ. ജാക്ക് പിന്നീട് സാക്ഷ്യപ്പെടുത്തി.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
