News - 2025

ക്രൈസ്തവ പീഡനങ്ങൾക്കു നടുവിലും പാക്കിസ്ഥാനിൽ വൈദികരുടെ എണ്ണം വർദ്ധിക്കുന്നു

അഗസ്റ്റസ് സേവ്യര്‍ 06-05-2016 - Friday

ലാഹോര്‍: ഏറെ ക്രൈസ്തവ പീഡനങ്ങളും ക്രൈസ്തവ വിരുദ്ധ നിയമങ്ങളുമുള്ള പാകിസ്താനില്‍ ക്രൈസ്തവ വൈദികരുടെ എണ്ണത്തിൽ വലിയ വർദ്ധനവ് ഉണ്ടായിട്ടുണ്ടെന്ന് ലാഹോറിലെ സാന്റ മരിയ മൈനർ സെമിനാരിയുടെ റെക്ടർ ഫാദർ ഇനായത് ബർനാർഡ് പ്രസ്താവിച്ചു. "ഇതൊരു ദൈവകൃപയാണ്; ദൈവം തന്റെ ജനത്തോടൊപ്പം ഉണ്ടാകും എന്നതിന്റെ അടയാളമാണത്. " അദ്ദേഹം പറഞ്ഞു.

2015 മുതൽ ഇതിനകം 23 പേർ വൈദികപട്ടം സ്വീകരിച്ചിട്ടുണ്ട്. ഡീക്കൻ പട്ടം ലഭിച്ച 15 പേർ ഈ വർഷം തന്നെ വൈദിക പട്ടം സ്വീകരിക്കും. 26 വൈദിക വിദ്യാർത്‌ഥികളെ പരിശീലിപ്പിച്ചു കൊണ്ടിരിക്കുന്ന ഫാദർ ബർനാർഡ്, പാക്കിസ്ഥാനിലെ തിരുസഭയുടെ ഭാവിയെ പറ്റി ശുഭാപ്തിവിശ്വാസിയാണ്.

അതേ സമയം കറാച്ചിയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് തിയോളജി, ലാഹോറിലെ സെന്റ് ഫ്രാൻസിസ് സേവ്യർ എന്നീ മേജർ സെമിനാരികളിലായി യഥാക്രമം 79- ഉം 96-ഉം വൈദിക വിദ്യാർത്ഥികൾ പഠനം പൂർത്തിയാക്കി വരുന്നു. സന്യാസിനീ സഭകളിലും ഒരു ഉണർവ് ദൃശ്യമാണെന്ന് അദ്ദേഹം പറഞ്ഞു.

"ബുദ്ധിമുട്ടുകൾ തരണം ചെയ്ത് മുന്നോട്ടു പോകാൻ ഇതെല്ലാം ഞങ്ങൾക്ക് ആത്മവിശ്വാസം നൽകുന്ന കാര്യങ്ങളാണ്. ഇവിടെ രക്തസാക്ഷിത്വം പുതിയ വിശ്വാസികളെ സൃഷ്ടിക്കുന്നത് ഞങ്ങൾ കണ്ടുകൊണ്ടിരിക്കുകയാണ്. ഈ ദൈവാനുഗ്രഹത്തെ മനസിലാക്കാൻ വിശ്വാസം ആവശ്യമാണ്" ഫാദർ ബർനാർഡ് ICN - നോട് പറഞ്ഞു.

"പാക്കിസ്ഥാനിലെ സങ്കീർണ്ണമായ സാമൂഹ്യ-രാഷ്ട്രീയ പശ്ചാത്തലത്തിൽ ക്രൈസ്തവർക്കെതിരെ വിവേചനവും അക്രമങ്ങളും നടക്കുന്നുണ്ട് എന്നത് വിസ്മരിക്കുന്നില്ല. ഈസ്റ്റർ ദിനത്തിൽ ലാഹോറിൽ നടന്നത് ക്രൈസ്തവരെ ലക്ഷ്യം വച്ചു കൊണ്ടുള്ള ആക്രമണമായിരുന്നു. പക്ഷേ ഇതൊന്നും ഞങ്ങളുടെ വിശ്വാസത്തേയോ സ്വാതന്ത്രൃത്തേയോ ഹനിച്ചിട്ടില്ല. ഈ സഹനങ്ങളിലൂടെ കടന്നുപോന്നതിന്റെ അനുഗ്രഹമാണ് ഞങ്ങൾ ഇപ്പോൾ അനുഭവിക്കുന്നത്." ഫാദർ ബർനാർഡ് കൂട്ടിച്ചേര്‍ത്തു.

More Archives >>

Page 1 of 35