News - 2025

സ്നേഹത്തിലേക്ക് നയിക്കാത്ത അറിവ് അർത്ഥശൂന്യമാണ്: ഫ്രാൻസിസ് മാർപാപ്പ

അഗസ്റ്റസ് സേവ്യർ 29-04-2016 - Friday

ദൈവശാസ്ത്ര പണ്ഡിതർപോലും, ചിലരെങ്കിലും, സ്നേഹത്തിലും സേവനത്തിലും അറിവും കഴിവും ഇല്ലാത്തവരായിരിക്കാൻ സാധ്യതയുണ്ടന്ന് ബുധനാഴ്ച്ച നടത്തിയ പ്രഭാഷണത്തിൽ മാർപാപ്പ അഭിപ്രായപ്പെട്ടു.

ദേവാലയത്തിൽ സ്ഥിരമായി വരുന്നതുകൊണ്ടോ ദൈവത്തിന്റെ കരുണ അറിഞ്ഞിട്ടുള്ളതുകൊണ്ടോ ആ വ്യക്തി അയൽക്കാരനെ സ്നേഹിക്കുന്നവനാകണമെന്നില്ല എന്ന് പിതാവ് പറഞ്ഞു.

"നിങ്ങൾക്ക് ബൈബിൾ മുഴുവൻ അറിയാമായിരിക്കും; ആരാധനക്രമങ്ങൾ അറിയാമായിരിക്കും; ദൈവശാസ്ത്ര പണ്ഡിതനായിരിക്കും; പക്ഷേ, അറിവുകളൊന്നും സ്നേഹത്തെ ഉദ്ദീപിപ്പിക്കുന്നില്ല. സ്നേഹത്തിന്റെ പാതയിലെത്താൻ ബുദ്ധി മാത്രം പോര. അതിന് മറ്റു ചിലതു കൂടി ആവശ്യമുണ്ട്.

സ്നേഹത്തിലേക്കും സേവനത്തിലേക്കും നയിക്കാത്ത അറിവും ആരാധനയും കപടമാണ്. വിശപ്പുംദാരിദ്രവും അക്രമവും അനീതിയും മനുഷ്യനെ തളർത്തി കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ, അതെല്ലാം കണ്ടില്ലന്നു നടിക്കുന്നവർ ദൈവത്തെ തന്നെ വിസ്മരിക്കുകയാണ് ചെയ്യുന്നത്."

വിശുദ്ധ ലൂക്കായുടെ സുവിശേഷത്തിലെ നല്ല സമരിയക്കാരനെ പരാമർശിച്ചുകൊണ്ടാണ് പിതാവ് പ്രഭാഷണം തുടങ്ങിയത്.

"നിന്നെ പോലെ നിന്റെ അയൽക്കാരനെയും സ്നേഹിക്കുക എന്ന് യേശു ജനക്കൂട്ടത്തോട് ഉപദേശിച്ചപ്പോൾ 'നല്ല അയൽക്കാരൻ' ആരാണെന്നു പറയാൻ ഒരു നിയമജ്ഞൻ യേശുവിനോട് ആവശ്യപ്പെടുകയാണ്. നല്ല അയൽക്കാരനെയും ചീത്ത അയൽക്കാരനെയും വേർതിരിക്കുന്നതിനായി ഒരു കൃത്യമായ നിയമമാണ് അയാൾ അന്വേഷിച്ചത്.

യേശു അതിന് മറുപടി പറഞ്ഞത് ഒരു കഥയിലൂടെയാണ്. ഒരു പുരോഹിതൻ, ഒരു ലേവായൻ, ഒരു സമരിയക്കാരൻ എന്നിവരാണ് യേശു പറഞ്ഞ കഥയിലെ കഥാപാത്രങ്ങൾ. ഇതിൽ ആദ്യത്തെ രണ്ടു കൂട്ടരും ദൈവജനമാണെന്ന് അഭിമാനിക്കുന്ന സമൂഹത്തിലെ ബഹുമാനിക്കപ്പെടുന്ന വ്യക്തികളാണ്. മൂന്നാമത്തെയാളാകട്ടെ ഒരു സമരിയക്കാരനാണ്.

അതു വഴി ആദ്യം കടന്നു പോയ പുരോഹിതനും ലേവായനും അപകടത്തിൽപ്പെട്ടയാളെ കാണുന്നുണ്ട്. പാണ്ഡിത്യവും ദൈവഭക്തിയുമുള്ള അവർക്ക് പക്ഷേ, സ്നേഹം ഇല്ലായിരുന്നു. മൂന്നാമത് കടന്നു പോയ സമരിയക്കാരനാകട്ടെ, സ്നേഹം നിറഞ്ഞ ഒരു ഹൃദയമാണുണ്ടായിരുന്നത്.

സഹജീവികളോടുള്ള ദയ ദൈവപ്രകൃതിയാണ്. സമരിയക്കാരൻ തന്റെ സഹജീവിയോടു കാണിക്കുന്ന ദയ തന്നെയാണ് ദൈവം നമ്മോ ടോരോരുത്തരോടും കാണിക്കുന്നത്!

മുറിവേറ്റ മനുഷ്യനെ സത്രത്തിലെത്തിച്ച് അവിടെയുള്ള എല്ലാ ചിലവുകളും സ്വയം ഏറ്റെടുത്തതിനു ശേഷമാണ് സമരിയക്കാരൻ പോകുന്നത്. സ്വന്തം കാര്യങ്ങൾ ത്യജിച്ചു കൊണ്ടുള്ള സ്നേഹമാണത്.

യേശു ജനകൂട്ടത്തോട് ചോദിക്കുന്നു, 'ഇതിലാരാണ് നല്ല അയൽക്കാരൻ?'. എല്ലാവർക്കും ഒരേ ഉത്തരമേ ഉണ്ടായിരുന്നുള്ളു, സഹജീവിയോട് കരുണ കാണിച്ച സമരിയക്കാരൻ.

സഹായം ആവശ്യമുള്ളവർക്ക് നമ്മുടെ കഴിവിനും അസൗകര്യങ്ങൾക്കും അതീതമായി സഹായം എത്തിച്ചു കൊടുക്കുന്നവനാണ് നല്ല അയൽക്കാരൻ. മനസ്സിൽ സഹാനുഭൂതിയുണ്ടെങ്കിൽ നമുക്കെല്ലാവർക്കും നല്ല അയൽക്കാരനാകാൻ കഴിയും." മാർപാപ്പ പറഞ്ഞു

More Archives >>

Page 1 of 34