News - 2024

കൊറോണക്കിടെ മുസ്ലീം മതവാദികളുടെ പ്രതിഷേധവും അക്രമവും: നൈജറില്‍ ക്രൈസ്തവ സമൂഹം ഭീതിയില്‍

സ്വന്തം ലേഖകന്‍ 09-05-2020 - Saturday

നിയാമെ: കോവിഡ്-19 പടരുന്നത് തടയുന്നതിനായി പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ നൈജറില്‍ ഏര്‍പ്പെടുത്തിയ ലോക്ക്ഡൌണിന്റെ ഭാഗമായി പൊതു ആരാധനകള്‍ റദ്ദാക്കിയതിനെതിരെ മുസ്ലീം ഇമാമുമാരുടെ നേതൃത്വത്തില്‍ തെരുവുകള്‍ കീഴടക്കി തീവ്ര നിലപാടുള്ള സംഘടനകള്‍ നടത്തുന്ന അക്രമാസക്തമായ പ്രതിഷേധത്തില്‍ ക്രൈസ്തവ സമൂഹം ഭീതിയില്‍. പ്രതിഷേധ പ്രകടനം മതന്യൂനപക്ഷമായ ക്രൈസ്തവര്‍ക്ക് നേര്‍ക്ക് തിരിയുമോ എന്ന ആശങ്കയിലാണ് നൈജറിലെ ക്രിസ്ത്യന്‍ സമൂഹം. തലസ്ഥാന നഗരമായ നിയാമെക്ക് പുറമേ, മാറാഡിയില്‍ നിന്നും അധികം ദൂരത്തല്ലാത്ത മേയാഹിയിലും വെള്ളിയാഴ്ച നിസ്കാരങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയതിനെതിരെ തീവ്ര ഇസ്ലാമികള്‍ തെരുവില്‍ ഇറങ്ങിയിരിന്നു.

സര്‍ക്കാര്‍ കെട്ടിടങ്ങള്‍ തകര്‍ത്തും സ്കൂളും, സര്‍വ്വകലാശാലയും അഗ്നിക്കിരയാക്കുകയും ചെയ്തതായി പ്രദേശവാസികള്‍ പറഞ്ഞുവെന്ന് പൊന്തിഫിക്കല്‍ സന്നദ്ധ സംഘടനയായ 'എയിഡ് ടു ദി ചര്‍ച്ച് ഇന്‍ നീഡ്‌' (എ.സി.എന്‍) റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. രാജ്യത്തിന്റെ തെക്ക് കിഴക്കന്‍ ഭാഗത്തുള്ള സിന്‍ഡര്‍ മേഖലയില്‍ അങ്ങിങ്ങായി പൊട്ടിപ്പുറപ്പെട്ട അക്രമങ്ങളില്‍ പ്രദേശങ്ങളിലെ ക്രിസ്ത്യന്‍ സമൂഹം ഭീതിയിലാണെന്നു എ.സി.എന്‍ വ്യക്തമാക്കി. ഇതുവരെ ക്രിസ്ത്യാനികള്‍ ആക്രമിക്കപ്പെട്ടിട്ടില്ലെങ്കിലും, 2015-ല്‍ ഫ്രഞ്ച് ഹാസ്യ മാധ്യമമായ ചാര്‍ളി ഹെബ്ദോയില്‍ പ്രവാചകന്റെ കാര്‍ട്ടൂണ്‍ പ്രത്യക്ഷപ്പെട്ടതിന്റെ പേരില്‍ നൈജറിലെ 45 ക്രിസ്ത്യന്‍ ദേവാലയങ്ങള്‍ ആക്രമിക്കപ്പെട്ട സംഭവം ക്രിസ്ത്യാനികളുടെ ആശങ്ക ഇരട്ടിയാക്കുന്നുണ്ട്.

നഗരങ്ങളില്‍ ടിയര്‍ ഗ്യാസിന്റേയും, കത്തിയ ടയറിന്റേയും മണമാണുള്ളതെന്നു പ്രദേശവാസികള്‍ പറയുന്നു. അതേസമയം മാറാഡി ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. കത്തോലിക്കാ മിഷന്‍ കേന്ദ്രം ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ ഇപ്പോള്‍ കനത്ത സുരക്ഷയിലാണ്. സര്‍ക്കാര്‍ നിയന്ത്രണങ്ങളെ തുടര്‍ന്ന്‍ ബുര്‍ക്കിനായിലേയും നൈജറിലേയും മെത്രാന്‍ സമിതി പൊതു ജന പങ്കാളിത്തത്തോടെയുള്ള കുര്‍ബാനകളും, പ്രാര്‍ത്ഥനാ കൂട്ടായ്മകളും റദ്ദാക്കിയിട്ടുണ്ട്. നൈജറിലെ ജനസംഖ്യയുടെ 96 ശതമാനവും ഇസ്ലാം മതവിശ്വാസികളാണ്.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »