Youth Zone - 2024
മാറ്റങ്ങളെ ശരിയായ വിധം ഉള്‍ക്കൊള്ളാന്‍ യുവജനങ്ങള്‍ക്കു കഴിയണം: കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി
ദീപിക 27-05-2020 - Wednesday
കൊച്ചി: മാറ്റങ്ങളെ ശരിയായ വിധം ഉള്‍ക്കൊണ്ടു പ്രവര്‍ത്തിക്കാന്‍ യുവജനങ്ങള്‍ക്കു കഴിയണമെന്നു സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ ജോര്‍ജ് ആലഞ്ചേരി. സീറോ മലബാര്‍ യൂത്ത് കമ്മീഷന്റെ നേതൃത്വത്തില്‍ കേരളത്തിലെ യുവജനസംഘടനാ പ്രതിനിധികള്‍ക്കായി നടത്തപ്പെട്ട വെബ്‌നാറില്‍ മുഖ്യസന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം.കഴിഞ്ഞ പ്രളയകാലത്തു ചെയ്ത പ്രവര്‍ത്തനം ശ്രദ്ധേയമായതുപോലെ ഈ കോവിഡ് കാലത്തും ലക്ഷക്കണക്കിന് മാസ്‌കുകള്‍ നിര്‍മിച്ചും ഭക്ഷ്യകിറ്റുകള്‍ വിതരണം ചെയ്തും പച്ചക്കറി, ഫലവൃക്ഷ വിത്തുകള്‍ നല്‍കിയും ചെയ്ത കാര്യങ്ങള്‍ കര്‍ദ്ദിനാള്‍ അനുസ്മരിച്ചു.
'കോവിഡാനന്തര വിദ്യാഭ്യാസ സാധ്യതകള്‍' എന്ന വിഷയത്തില്‍ എംജി യൂണിവേഴ്‌സിറ്റി മുന്‍ വൈസ് ചാന്‍സിലര്‍ ഡോ. ബാബു സെബാസ്റ്റ്യന്‍ ക്ലാസ് നയിച്ചു. യൂത്ത് കമ്മീഷന്‍ ചെയര്‍മാന്‍ മാര്‍ ജോസഫ് പണ്ടാരശേരില്‍ സമാപന സന്ദേശം നല്‍കി. മാനുഷിക ബന്ധങ്ങളുടെയും സ്വയം പര്യാപതതയുടെയും വലിയ പാഠമാണ് കോവിഡ് നമുക്ക് നല്‍കിയതെന്ന് അദ്ദേഹം പറഞ്ഞു. ഛാന്ദാ ബിഷപ്പ് മാര്‍ എഫ്രം നരികുളം സൗഹൃദങ്ങളും പരസ്പര ബന്ധങ്ങളും അന്യമാകാത്ത നവീന പാഠപദ്ധതികള്‍ വേണമെന്ന് ആവശ്യപ്പെട്ടു.
യൂത്ത് കമ്മീഷന്‍ സെക്രട്ടറി ഫാ. ജോസഫ് ആലഞ്ചേരില്‍, എസ്.എം.വൈ.എം.ഗ്ലോബല്‍ പ്രസിഡന്റ് അരുണ്‍ കവലക്കാട്ട്, കേരള റീജിയന്‍ പ്രസിഡന്റ് ജൂബിന്‍ കൊടിയംകുന്നേല്‍, ബിവിന്‍ വര്‍ഗീസ്, കേരള റീജിയന്‍ ജനറല്‍ സെക്രട്ടറി മെല്‍ബിന്‍ പുളിയംതൊട്ടിയില്‍, അഞ്ജുമോള്‍ പൊന്നഛേല്‍, അഭിലാഷ് എന്നിവര്‍ പ്രസംഗിച്ചു. കേരളത്തിലെ 13 സീറോ മലബാര്‍ രൂപതകളിലെ ഡയറക്ടര്‍മാര്‍, പ്രസിഡന്റുമാര്‍, ജന. സെക്രട്ടറിമാര്‍ എന്നിവര്‍ പങ്കെടുത്തു.