News
ലോക മാതൃദിനത്തിലും വേദനിക്കുന്ന അമ്മമാരുടെ നാടായി ചൈന
സ്വന്തം ലേഖകന്‍ 09-05-2016 - Monday
ബെയ്ജിംഗ്: ലോകം മറ്റൊരു മാതൃദിനം കൂടി ആഘോഷിക്കുമ്പോള്‍ നെഞ്ചിലെ മുലപ്പാലിന്റെ ഭാരവുമായി ഒരു രാജ്യത്ത് അമ്മമാര്‍ ദുഃഖിക്കുകയാണ്. വിപ്ലവത്തിന്റെ ആയിരം വിത്തുകള്‍ പൊട്ടിമുളയ്ക്കുന്ന കമ്യൂണിസ്റ്റ് ചൈനയില്‍ സ്‌നേഹത്തിന്റെയും ദൈവാനുഗ്രഹത്തിന്റെയും പ്രതീകമായ പിഞ്ചുകുഞ്ഞുങ്ങള്‍ക്കു പിറക്കുവാന്‍ ഇടമില്ല. പിറവിക്കും മുമ്പേ അവര്‍ ദയ ലഭിക്കാതെ കശാപ്പു ചെയ്യപ്പെടുന്നു. 'ഒറ്റകുട്ടി' നയത്തിനു ചൈന അടുത്തിടെ ഇളവ് നല്‍കിയെങ്കിലും ഗര്‍ഭഛിദ്രം പലകാരണങ്ങളാലും വ്യാപകമായി നടക്കുന്നു. നടക്കുന്ന ഗര്‍ഭഛിദ്രങ്ങളുടെ എണ്ണം ഔദ്യോഗിക കണക്കുകള്‍ പ്രകാരം തന്നെ കോടികള്‍ കവിയും.
ചൈനയുടെ തന്നെ ഔദ്യോഗിക കണക്കുകള്‍ പ്രകാരം 13 ദശലക്ഷം ഗര്‍ഭഛിദ്രങ്ങളാണ് ഒരു വര്‍ഷം നടക്കുന്നത്. എന്നാല്‍ അനൗദ്യേഗികമായും ഇത്രയും തന്നെ ശിശുവധങ്ങള്‍ ഗര്‍ഭപാത്രത്തിനുള്ളില്‍ നടക്കുന്നുവെന്നാണു മനുഷ്യാവകാശ സംഘടനകളുടെ കണക്ക്. രണ്ടാമതായി ഒരു കുഞ്ഞിനു കൂടി ജന്മം നല്‍കുന്നതില്‍ ഇളവ് വരുത്തിയ പുതിയ ഉത്തരവിലും വലിയ ഒരു പ്രശ്‌നം ഒളിഞ്ഞു കിടക്കുന്നു. ആദ്യം പെണ്‍കുഞ്ഞിനെ ലഭിക്കുന്ന ദമ്പതിമാര്‍ക്കു രണ്ടാമതായി ഗര്‍ഭാവസ്ഥയിലുള്ള കുഞ്ഞും പെണ്ണാണെങ്കില്‍ ഗര്‍ഭഛിദ്രത്തിനു വിധേയരാകുവാന്‍ അധികാരികള്‍ നിര്‍ദേശിക്കുന്നു. വീണ്ടും ഒരാണ്‍കുഞ്ഞ് ഉദരത്തില്‍ ഉരുവാകുന്നതുവരെ ജനിക്കുന്ന പെണ്‍കുഞ്ഞുങ്ങളുടെ ജീവന്‍ ഗര്‍ഭപാത്രത്തില്‍ തന്നെ അവസാനിക്കുന്നു.
ചൈനയിലെ മനുഷ്യാവകാശ പ്രവര്‍ത്തകനായ ഷാംഗ് ലിന്‍ ഇത്തരം തിന്മകള്‍ക്കെതിരെ പ്രതികരിച്ച വ്യക്തിയാണ്. ഇതിന്റെ പേരില്‍ കൊടിയ പീഡനങ്ങളാണ് അദ്ദേഹത്തിന് ഏറ്റുവാങ്ങേണ്ടി വന്നത്. 13 വര്‍ഷങ്ങള്‍ക്കു മുമ്പ്, അദ്ദേഹത്തിന്റെ ഭാര്യ രണ്ടാമത്തെ മകളെ ഗര്‍ഭിണിയായപ്പോള്‍ ഇതേ പ്രശ്‌നങ്ങള്‍ നേരിട്ടിരുന്നു. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ സ്ഥിരം വീട്ടില്‍ എത്തിയ ശേഷം കുഞ്ഞിനെ നശിപ്പിക്കണമെന്ന് ആവശ്യപ്പെടും. എന്നാല്‍ കുട്ടിയെ കൊല്ലുവാന്‍ സമ്മതിക്കാതെ തന്ത്രപൂര്‍വ്വം തങ്ങളുടെ രണ്ടാമത്തെ മകളെ ലിന്‍ ദമ്പതിമാര്‍ രക്ഷപെടുത്തി. തന്റെ രണ്ടാമത്തെ ഭാര്യയുടെ ഒന്നാമത്തെ കുഞ്ഞാണിതെന്നു ഷാംഗ് ലിന്‍ അധികാരികളോടു പറഞ്ഞു. ഇതു മൂലം കുഞ്ഞിനു പിറക്കുവാനുള്ള അനുമതി ലഭിച്ചു.
ചൈനയില്‍ തുടരുന്നതു സുരക്ഷാ ഭീഷണിയാകുമെന്നതിനാല്‍ ഷാംഗ് ദമ്പതികള്‍ രണ്ടാമത്തെ മകളായ ഷാംഗ് ആനിയെ ചൈനയ്ക്കു പുറത്തേക്കു കടത്തുവാന്‍ ശ്രമിച്ചു. ഇത് ശ്രദ്ധയില്‍പ്പെട്ട അധികാരികള്‍ പത്ത് വയസ് മാത്രം പ്രായമുള്ള ആനിയെ അന്നു ജയിലില്‍ അടച്ചു. ദമ്പതിമാരെ സഹായിച്ച പലരും ജയിലിലായി. പിന്നീട് ദൈവകൃപയാല്‍ ഷാംഗ് ആനി യുഎസിലേക്കു പോയി. മിടുക്കിയായ ഈ മകള്‍ക്ക് ഇപ്പോള്‍ 13 വയസുണ്ട്. പഠനത്തിലും സംഗീതത്തിലും അവള്‍ മികച്ച പ്രകടനമാണു കാഴ്ച്ച വയ്ക്കുന്നത്.
രണ്ടാം കുട്ടി നയവും തികച്ചും അശാസ്ത്രീയമാണെന്നു ഷാംഗ് ലിന്‍ പറയുന്നു. രണ്ടാമതായി ജനിക്കുന്ന കുഞ്ഞിനു ശേഷം എല്ലാ ഗര്‍ഭസ്ഥ ശിശുക്കളും കൊലചെയ്യപ്പെടുന്നു. രാജ്യത്ത് ആണ്‍-പെണ്‍ അനുപാതത്തില്‍ വലിയ കുറവ് അനുഭവപ്പെടുന്നു. കമ്യൂണിസ്റ്റ് ഭരണത്തിന്റെ തെറ്റായ തീരുമാനത്തിനെതിരെ ശക്തമായ പ്രാര്‍ത്ഥനയിലൂടെയും പ്രതിഷേധത്തിലൂടെയും മാറ്റം വരുത്താം എന്ന വിശ്വാസത്തിലാണു ഷാംഗ് ലിനും സുഹൃത്തുക്കളും.