Youth Zone - 2024

'ദിവ്യകാരുണ്യത്തിന്റെ സൈബർ അപ്പസ്തോല ബാലൻ' കാർളോയെ ഒക്ടോബർ 10നു വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കും

പ്രവാചക ശബ്ദം 14-06-2020 - Sunday

വത്തിക്കാന്‍ സിറ്റി: ദിവ്യകാരുണ്യ ഈശോയോടുള്ള അഗാധമായ ഭക്തിയില്‍ ജീവിച്ച് പതിനഞ്ചാം വയസില്‍ മരണമടഞ്ഞ കാര്‍ളോ അക്യൂറ്റിസിനെ ഒക്ടോബർ 10നു വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കും. ദിവ്യകാരുണ്യഭക്തി പ്രചരിപ്പിക്കാൻ ആധുനിക വിവര സാങ്കേതിക വിദ്യകൾ സമർത്ഥമായി ഉപയോഗിച്ച ഈ കൗമാരക്കാരന്റെ വാഴ്ത്തപ്പെട്ട പദവി പ്രഖ്യാപനം അസീസിയിൽവെച്ചാകും നടത്തപ്പെടുക.

നാമകരണത്തിനുവേണ്ടിയുള്ള വത്തിക്കാൻ തിരുസംഘം അധ്യക്ഷൻ കർദ്ദിനാൾ ആഞ്ചലോ ബെച്യു തിരുക്കർമങ്ങൾക്ക് കാർമികത്വം വഹിക്കും. ജന്മനാ പാന്‍ക്രിയാസിന് തകരാറുള്ള ബ്രസീല്‍ സ്വദേശിയായ കുട്ടിയുടെ രോഗം കാര്‍ളോയുടെ മധ്യസ്ഥതയില്‍ നടന്ന പ്രാര്‍ത്ഥനയെ തുടര്‍ന്നു അത്ഭുത സൌഖ്യം പ്രാപിച്ചതു ഫ്രാൻസിസ് പാപ്പ അംഗീകരിച്ചതോടെയാണ് വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഈ വിശുദ്ധ ബാലൻ ഉയർത്തപ്പെടുന്നത്. കഴിഞ്ഞ വർഷം നവംബറില്‍ മെഡിക്കല്‍ ബോര്‍ഡ് അത്ഭുത സൌഖ്യം സ്ഥിരീകരിച്ചിരുന്നു.

1991 മേയ് മൂന്നിന് ലണ്ടനിലായിരുന്നു കാര്‍ലോയുടെ ജനനം. ഇറ്റലിക്കാരായ മാതാപിതാക്കള്‍ താമസിയാതെ മിലാനിലേക്കു മടങ്ങി. സാങ്കേതിക വിദ്യയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ അതീവ തൽപരനായിരുന്നു കാര്‍ളോ. ലോകത്തിലെ ദിവ്യകാരുണ്യ അത്ഭുതങ്ങളുടെ ബൃഹത്തായ ഓൺലൈൻ ശേഖരം തന്നെ നന്നേ ചെറിയ പ്രായത്തിനുള്ളിൽ കാർളോ സജ്ജീകരിച്ചിരുന്നു. പതിനൊന്ന് വയസ്സുള്ളപ്പോള്‍ ആരംഭിച്ച ഈ ഉദ്യമം അന്താരാഷ്ട്ര തലത്തില്‍ തന്നെ ശ്രദ്ധ നേടിയിരിന്നു. നമ്മൾ ദിവ്യകാരുണ്യം എത്രയധികമായി സ്വീകരിക്കുന്നുവോ, അത്രമാത്രം നാം യേശുവിനെ പോലെയാകുമെന്നും അങ്ങനെ ഈ ഭൂമിയിൽ നമുക്ക് സ്വർഗ്ഗത്തിന്റെ ഒരു മുന്നാസ്വാദനം ഉണ്ടാകുമെന്നും കാര്‍ളോ പതിനൊന്നാമത്തെ വയസ്സിൽ കുറിച്ചു.

കാര്‍ളോ ഒരുക്കിയ ദിവ്യകാരുണ്യ വിര്‍ച്വല്‍ ലൈബ്രറിയുടെ പ്രദര്‍ശനം അഞ്ചു ഭൂഖണ്ഡങ്ങളിലാണ് നടന്നിരിക്കുന്നത്. ദിവ്യകാരുണ്യ അത്ഭുതങ്ങളെ കുറിച്ചുള്ള ആഴത്തിലുള്ള പഠനത്തിനും വിശ്വാസ നവീകരണത്തിനും ഇത് സഹായകരമായിട്ടുണ്ടെന്ന് നൂറുകണക്കിനാളുകള്‍ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. അനേകരെ ദിവ്യകാരുണ്യത്തിലേക്ക് കൂട്ടിക്കൊണ്ടു വന്നതിനു ശേഷമാണ് 2006 ഒക്ടോബര്‍ 12നു തന്റെ പതിനഞ്ചാം വയസ്സില്‍ അവന്‍ സ്വര്‍ഗ്ഗത്തിലേക്ക് യാത്രയായത്. കഴിഞ്ഞ വർഷം കാര്‍ളോ അക്യൂറ്റിസിന്റെ ശരീരം അഴുകാത്ത നിലയിൽ കണ്ടെത്തിയെന്ന്‍ നാമകരണ നടപടികളുടെ വൈസ് പോസ്റ്റുലേറ്റര്‍ ഫാ. മാര്‍സെലോ ടെനോറിയോ സാക്ഷ്യപ്പെടുത്തിയിരിന്നു.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍ 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക  

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 14