Youth Zone - 2024
കുട്ടികളെ സ്വവര്‍ഗ്ഗാനുരാഗ അജണ്ടയില്‍ നിന്നും സംരക്ഷിക്കുമെന്ന് പോളിഷ് പ്രസിഡന്റിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനം
പ്രവാചക ശബ്ദം 14-06-2020 - Sunday
വാര്‍സോ: പോളണ്ടിലെ കുട്ടികളെ എല്‍ജിബിടി സ്വവര്‍ഗ്ഗാനുരാഗ അജണ്ടയില്‍ നിന്നും സംരക്ഷിക്കുമെന്ന് പോളണ്ട് പ്രസിഡന്റ് ആൻഡ്രസെജ് ഡൂഡയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനം. കുടുംബം പോളണ്ടിനെ സംബന്ധിച്ചിടത്തോളം വളരെയേറെ നിര്‍ണ്ണായകമാണെന്നും പരമ്പരാഗത വിവാഹ സമ്പ്രദായം നിലനിര്‍ത്തുമെന്നും അദ്ദേഹം വാഗ്ദാനം ചെയ്തു. കുടുംബമാണ് ഡൂഡയുടെ ഇത്തവണത്തെ തെരഞ്ഞെടുപ്പ് പ്രചാരണത്തിലെ തുറുപ്പ് ചീട്ട്.
“പ്രൊട്ടക്ഷന്‍ ഓഫ് ചില്‍ഡ്രന്‍ ഫ്രം എല്‍ജിബിടി ഐഡിയോളജി” എന്ന ഉപശീര്‍ഷകത്തോട് കൂടിയ പ്രകടന പത്രികയില്‍ കുടുംബങ്ങളെ പ്രോത്സാഹിപ്പിക്കുന്ന നിരവധി കാര്യങ്ങളാണ് അക്കമിട്ട് നിരത്തിയിരിക്കുന്നത്. പൊതു സ്ഥാപനങ്ങളില്‍ എല്‍ജിബിടി ആശയങ്ങളുടെ പ്രചാരണത്തിന് അറുതിവരുത്തുമെന്നും, ലൈംഗീക വിദ്യാഭ്യാസം പോലെയുള്ള കാര്യങ്ങളില്‍ കൂടുതല്‍ ഉത്തരവാദിത്വവും കുട്ടികളെ എങ്ങനെ രൂപപ്പെടുത്തണമെന്ന് തീരുമാനിക്കുവാനുള്ള അവകാശവും സ്കൂളുകളില്‍ കുട്ടികള്‍ പഠിക്കേണ്ട ഐച്ഛിക വിഷയങ്ങള്‍ തെരഞ്ഞെടുക്കുന്നതിനുള്ള അവകാശവും മാതാപിതാക്കള്‍ക്ക് നല്‍കുമെന്നും പ്രകടന പത്രികയില്‍ പറയുന്നു.
മുതിര്‍ന്നവര്‍ക്കും കുടുംബങ്ങള്‍ക്കുമുള്ള സാമ്പത്തിക സഹായങ്ങള്‍, ഒറ്റക്ക് കുട്ടികളെ സംരക്ഷിക്കുന്നവര്‍ക്കും, കുട്ടികളെ വീട്ടിലിരുത്തി പഠിപ്പിക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ക്കുമുള്ള സഹായങ്ങളും ഡൂഡ വാഗ്ദാനം ചെയ്യുന്നുണ്ട്. ജൂണ്‍ 28നാണ് പോളണ്ടിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പ്. സമൂഹത്തെ കെട്ടിപ്പടുക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നത് കുടുംബമായതിനാല്‍ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ സഹായം ആവശ്യമുണ്ടെന്നും, സ്ത്രീയും പുരുഷനും തമ്മിലായിരിക്കണം വിവാഹമെന്നും അത് അങ്ങനെ തന്നെ നിലനിര്‍ത്തുമെന്നും ഇക്കഴിഞ്ഞ ജൂണ്‍ 10ന് ഡൂഡ തന്റെ അനുയായികളോട് വാഗ്ദാനം ചെയ്തു. പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഡൂഡയുടെ മുഖ്യ എതിരാളിയും വാഴ്സോ മേയറുമായ റാഫല്‍ ട്രാസ്കോവ്സ്കി എല്‍.ജി.ബി.ടി അനുകൂല നിലപാട് പുലര്‍ത്തുന്ന ആളാണ്.