Youth Zone
"മകന്റെ മാതൃക അനേകരെ ക്രിസ്തുവിലേക്ക് നയിക്കും": അപൂര്‍വ്വ നിമിഷത്തിന് കാത്ത് കാര്‍ളോയുടെ അമ്മ
പ്രവാചക ശബ്ദം 17-06-2020 - Wednesday
മിലാന്‍: മകനെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കുന്ന അപൂര്‍വ്വ നിമിഷത്തിനു സാക്ഷ്യം വഹിക്കാന്‍ സൈബര്‍ അപ്പസ്തോലനായ കാര്‍ളോയുടെ അമ്മയും ഒരുങ്ങുന്നു. ഒക്ടോബർ പത്താം തീയതി വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയർത്തപ്പെടുന്ന കാര്‍ളോ അക്യൂറ്റിസിന്റെ ജീവിത മാതൃക ക്രിസ്തുവിനെയും കൂദാശകളെയും കണ്ടെത്താൻ അനേകർക്ക് സഹായം നൽകുമെന്ന് അമ്മ അന്റോണിയോ സൽസാനോ വത്തിക്കാൻ ന്യൂസിനു നൽകിയ അഭിമുഖത്തില്‍ പ്രതീക്ഷ പ്രകടിപ്പിച്ചു. അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായാണ് മക്കളുടെ വാഴ്ത്തപ്പെട്ട പദവിക്ക് സാക്ഷ്യം വഹിക്കുവാന്‍ മാതാപിതാക്കള്‍ക്ക് അവസരം സംജാതമാകാറുള്ളൂ. ആ അവസരത്തിനാണ് ഏറെ പ്രതീക്ഷയോടെ കാര്‍ളോയുടെ അമ്മ അന്റോണിയോ സൽസാനോയും തയാറെടുക്കുന്നത്. വിശുദ്ധ കുർബാനയിൽ അടിസ്ഥാനമിട്ടതായിരുന്നു മകന്റെ ആത്മീയതയെന്ന് സൽസാനോ സ്മരിച്ചു.
വിശുദ്ധ കുർബാനയാണ് സ്വർഗ്ഗത്തിലേക്കുള്ള തന്റെ വഴിയെന്ന് കാർളോ പറയുമായിരുന്നു. കമ്പ്യൂട്ടർ പരിജ്ഞാനത്തിന്റെ കാര്യത്തിൽ അവന്‍ മുൻപന്തിയിലായിരുന്നു. അൽഗോരിതവും, പ്രോഗ്രാം കോഡുകളും അവനു മനഃപാഠമായിരുന്നു. സർവ്വകലാശാലകളിൽ ഉപയോഗിക്കുന്ന പുസ്തകങ്ങളായിരുന്നു അറിവ് വർദ്ധിപ്പിക്കാൻ കാർളോ വായിച്ചിരുന്നത്. ക്രിസ്തുവിനോടുള്ള സ്നേഹം മൂലമാണ് തനിക്ക് ലഭിച്ച കഴിവും, ബുദ്ധിയും ഉപയോഗിച്ച് കാർളോ ദിവ്യകാരുണ്യ അത്ഭുതങ്ങളുടെ ഒരു വെബ്സൈറ്റ് തയ്യാറാക്കിയത്. അവന്റെ ജീവിത മാതൃക ക്രിസ്തുവിനെയും കൂദാശകളെയും കണ്ടെത്താൻ അനേകർക്ക് സഹായമേകുമെന്നാണ് പ്രതീക്ഷ. അമ്മ പറയുന്നു.
അക്യുറ്റിസിന്റെ ദിവ്യകാരുണ്യ അത്ഭുതങ്ങൾ ശേഖരം ഇന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രദർശനത്തിനു വച്ചിരിക്കുന്നു. ഏറ്റവും ഒടുവിലായി പ്രദർശനം നടന്ന രണ്ടു രാജ്യങ്ങൾ ഇന്ത്യയും, ദക്ഷിണകൊറിയയുമാണ്. മറ്റുള്ളവർ ക്രിസ്തുവിനെ അറിയണമെന്നും, കൂദാശകളുടെ മഹത്വം മനസ്സിലാക്കണമെന്നും കാർളോ ആഗ്രഹിച്ചിരുന്നതായും അന്റോണിയോ സൽസാനോ സ്മരിച്ചു. ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് പതിനഞ്ചാം വയസ്സിൽ നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ട കാർളോ അക്യുറ്റിസ് വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയർത്തപ്പെടുന്ന ദിവസം അസീസി രൂപത പ്രഖ്യാപിച്ചത്. കൊറോണ വൈറസ് വ്യാപനം മൂലമാണ് വാഴ്ത്തപ്പെട്ട പദവി പ്രഖ്യാപനത്തിന്റെ തീയതി നീട്ടിക്കൊണ്ട് പോയതെന്ന് വിശുദ്ധരുടെ നാമകരണ നടപടികൾക്ക് വേണ്ടിയുള്ള തിരുസംഘത്തിന്റെ തലവൻ ആഞ്ചലോ ബെച്യു പിന്നീട് പത്രക്കുറിപ്പിൽ വിശദീകരിച്ചു.
1991 ലണ്ടനിൽ ജീവിച്ചിരുന്ന ഇറ്റാലിയൻ വേരുകളുള്ള ഒരു കുടുംബത്തിലായിരുന്നു കാർളോ അക്യുറ്റിസ് ജനിച്ചത്. ലോകത്തിലെ ദിവ്യകാരുണ്യ അത്ഭുതങ്ങളുടെ ബൃഹത്തായ ഓൺലൈൻ ശേഖരം തന്നെ നന്നേ ചെറിയ പ്രായത്തിനുള്ളിൽ കാർളോ സജ്ജീകരിച്ചിരുന്നു. പതിനൊന്ന് വയസ്സുള്ളപ്പോള്‍ ആരംഭിച്ച ഈ ഉദ്യമം അന്താരാഷ്ട്ര തലത്തില്‍ തന്നെ ശ്രദ്ധ നേടിയിരിന്നു. ചെറിയ പ്രായത്തിൽ തന്നെ കാർളോ ലുക്കീമിയ ബാധിതനായി. തന്റെ വേദനകൾ അവൻ മാർപാപ്പയ്ക്കും, സഭയ്ക്കുമായാണ് സമർപ്പിച്ചിരുന്നത്. 2006ൽ പതിനഞ്ചാമത്തെ വയസ്സിൽ കാർളോ അക്യുറ്റിസ് നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ടു. കാര്‍ളോയുടെ ശരീരം അഴുകാത്ത നിലയിൽ കണ്ടെത്തിയെന്ന്‍ നാമകരണ നടപടികളുടെ വൈസ് പോസ്റ്റുലേറ്റര്‍ ഫാ. മാര്‍സെലോ ടെനോറിയോ കഴിഞ്ഞ വര്‍ഷം സാക്ഷ്യപ്പെടുത്തിയിരിന്നു.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക