News - 2024

വിശുദ്ധരുടെ രൂപങ്ങള്‍ തകര്‍ക്കുന്നത് തുടര്‍ക്കഥ: അമേരിക്കയില്‍ വീണ്ടും വിശുദ്ധ ജൂനിപെറോയുടെ രൂപം തകര്‍ത്തു

പ്രവാചക ശബ്ദം 06-07-2020 - Monday

സാക്രമെന്റോ: സാന്‍ ഫ്രാന്‍സിസ്കോയില്‍ വിശുദ്ധ ജൂനിപെറോയുടെ രൂപം തകര്‍ത്തതിന്റെ ഞെട്ടല്‍ മാറും മുന്‍പ് വിശുദ്ധന്റെ മറ്റൊരു രൂപവും അക്രമികള്‍ തകര്‍ത്തു. കാലിഫോര്‍ണിയയിലെ സാക്രമെന്റോസിലെ കാപ്പിറ്റോള്‍ പാര്‍ക്കിലെ വിശുദ്ധ ജൂനിപെറോ സെറായുടെ രൂപമാണ് ഇക്കഴിഞ്ഞ ശനിയാഴ്ച പ്രതിഷേധക്കാര്‍ തകര്‍ത്തത്. 'തെരുവുകളെ കോളനിവത്കരിക്കാതിരിക്കുക' എന്നെഴുതിയ പ്ലക്കാര്‍ഡുകളുമായി കാപ്പറ്റോളിലെ ടവര്‍ ബ്രിഡ്ജില്‍ നിന്നാരംഭിച്ച ബ്ലാക്ക് ലിവ്സ് മാറ്റര്‍ പ്രതിഷേധ റാലി മറ്റൊരു സംഘവുമായി ചേര്‍ന്നതിനു ശേഷം രൂപം തകര്‍ക്കുകയായിരിന്നു. രൂപം തകര്‍ക്കുന്നതിന്റെ തത്സമയ വീഡിയോ അക്രമികള്‍ ഫേസ്ബുക്കില്‍ പോസ്റ്റ്‌ ചെയ്തിരുന്നു. പിന്നീടത് നീക്കം ചെയ്തു. രാത്രി ഒന്‍പതു മണിയോടെ തന്നെ വലിയ ജനക്കൂട്ടം രൂപത്തിനു ചുറ്റും തടിച്ചുകൂടിയിരുന്നതായി ദൃശ്യങ്ങളില്‍ നിന്നും വ്യക്തമാണ്.

പ്രതിമ തകര്‍ക്കുന്നതിനിടയില്‍ പ്രതിഷേധക്കാരില്‍ ഒരാള്‍ അമ്പുകളുടെ ചിത്രം പതിപ്പിച്ച ഫാസിസ്റ്റ് വിരുദ്ധ പതാക വീശുന്നതും, ചുറ്റുമുള്ളവര്‍ ആഹ്ലാദാരവം മുഴുക്കുന്നതിനിടയില്‍ മറ്റൊരാള്‍ കത്തിച്ച എയറോസോള്‍ കാന്‍ കൊണ്ട് രൂപ മുഖം വികൃതമാക്കുന്നതും ദൃശ്യങ്ങളിലുണ്ട്. ചുറ്റികയും മറ്റ് വസ്തുക്കളും ഉപയോഗിച്ചാണ് പ്രതിമ തകര്‍ത്തത്. പോലീസ് ഇടപെടുന്നതിന് മുന്‍പ് തന്നെ രൂപം തകര്‍ത്തിരുന്നു. സാക്രമെന്റോയിലെ തെരുവുകളിലൂടെ സമാധാനപൂര്‍ണ്ണമായ പ്രതിഷേധ റാലി നടത്തിയവര്‍ തന്നെയാണ് രൂപം തകര്‍ത്തതെന്ന് സി.എച്ച്.പി യുടെ കാപ്പിറ്റോള്‍ സുരക്ഷാ വിഭാഗം കണ്ടെത്തിയിട്ടുണ്ട്.

തദ്ദേശീയരുടെ ക്ഷേമത്തിനും മോക്ഷത്തിനും വേണ്ടിയാണ് തങ്ങള്‍ ഇവിടെ വന്നിരിക്കുന്നതെന്ന് വിശുദ്ധ സെറാ എഴുതിയിട്ടുള്ള കാര്യം പരാമര്‍ശിച്ച സാക്രമെന്റോ രൂപത ബിഷപ്പ് ജെയിം സോട്ടോ, സാമൂഹ്യ വിരുദ്ധത ശോഭനമായൊരു ഭാവിക്ക് നല്ലതല്ലെന്നും, ഇത്തരം അക്രമങ്ങളിലൂടെ വംശീയത അവസാനിക്കില്ലെന്നും തുറന്നടിച്ചു. 'ബ്ലാക്ക് ലിവ്സ് മാറ്റര്‍' പ്രതിഷേധങ്ങളുടെ മറവില്‍ കാലിഫോര്‍ണിയയില്‍ വിശുദ്ധ സെറായുടെ പ്രതിമകള്‍ തകര്‍ക്കുന്നത് പതിവായിക്കൊണ്ടിരിക്കുകയാണ്. ജൂണ്‍ 19നു സാന്‍ ഫ്രാന്‍സിസ്കോയിലെ ഗോള്‍ഡന്‍ ഗേറ്റ് പാര്‍ക്കിലെ വിശുദ്ധ ജൂനിപെറോ സെറായുടെ രൂപം അക്രമികള്‍ തകര്‍ത്തിരിന്നു. കറുത്ത വര്‍ഗ്ഗക്കാര്‍ക്ക് വേണ്ടിയുള്ള സമരം എന്ന മറവില്‍ അക്രമികള്‍ നടത്തുന്ന ക്രൈസ്തവ വിശ്വാസ വിരുദ്ധതയ്ക്കെതിരെ വ്യാപക വിമര്‍ശനമാണ് ഉയരുന്നത്.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »