News - 2024

വിശുദ്ധ ജൂനിപെറോയുടെ രൂപങ്ങള്‍ക്കെതിരെയുള്ള ആക്രമണങ്ങള്‍ക്കിടെ വിശുദ്ധന്‍ സ്ഥാപിച്ച ദേവാലയത്തിന് പാപ്പയുടെ ബഹുമതി

പ്രവാചക ശബ്ദം 17-07-2020 - Friday

കാലിഫോർണിയ: ‘ബ്ലാക്ക്സ് ലൈവ്‌സ് മാറ്റർ’ പ്രക്ഷോഭങ്ങളുടെ മറവിൽ വിശുദ്ധ ജൂനിപെറോ സേറയുടെ തിരുരൂപങ്ങൾക്കുനേരെ വ്യാപക ആക്രമണങ്ങൾ ഉണ്ടാകുന്നതിനിടെ വിശുദ്ധന്‍ സ്ഥാപിച്ച കാലിഫോർണിയയിലെ മിഷൻ ദേവാലയത്തെ ഫ്രാൻസിസ് പാപ്പ മൈനർ ബസിലിക്കയായി ഉയര്‍ത്തി. വിശുദ്ധന്‍ 18-ാം നൂറ്റാണ്ടിൽ സ്ഥാപിച്ച സാൻ ബൊനവന്തൂര മിഷൻ ദേവാലയമാണ് മൈനർ ബസിലിക്ക പദവിയിലേക്ക് ഉയര്‍ത്തപ്പെട്ടിരിക്കുന്നത്. ജൂലൈ 15നു വിശുദ്ധ ബൊനവന്തൂരയുടെ തിരുനാൾ ദിനത്തിലാണ് ഇതു സംബന്ധിച്ചു പരിശുദ്ധ സിംഹാസനം പുറപ്പെടുവിച്ച ഡിക്രി ലോസ് ആഞ്ചലസ് അതിരൂപത ഔദ്യോഗികമായി പ്രഖ്യാപിച്ചത്. യേശുക്രിസ്തുവിന്റെ നാമത്തിൽ ദൈവകരുണ പ്രഖ്യാപിക്കപ്പെട്ട സ്ഥലമാണ് ഓരോ ബസിലിക്കയുമെന്നും ദേവാലയത്തെ ബസിലിക്കയായി പാപ്പ ഉയർത്തുക എന്നാൽ ആ ഇടം കൂടുതൽ പവിത്രമാണെന്നാണ് അര്‍ത്ഥമാക്കുന്നതെന്നും ലോസ് ആഞ്ചലസ് ആർച്ച് ബിഷപ്പ് ഹൊസെ ഗോമസ് പറഞ്ഞു.

പ്രഖ്യാപന ചടങ്ങില്‍ ലോസ് ആഞ്ചലസ് സഹായമെത്രാൻ റോബർട്ട് ബാരൺ, മിഷൻ ഇടവക വികാരി ഫാ. തോമസ് എലിവ്യൂട്ട് എന്നിവർ സഹകാർമികരായി. 1782ലെ ഈസ്റ്റർ ഞായറാഴ്ചയാണ് വിശുദ്ധ ജൂനിപെറോ സേറ, സാൻ ബൊനവന്തൂര മിഷൻ ദേവാലയം സ്ഥാപിച്ചത്. വിശുദ്ധന്‍ കാലിഫോർണിയയിൽ സ്ഥാപിച്ച ഒന്‍പതാമത്തെയും അവസാനത്തെയും ദേവാലയവുമാണിത്. കറുത്ത വര്‍ഗ്ഗക്കാരനായ ജോര്‍ജ്ജ് ഫ്ലോയിഡിന്റെ മരണത്തെ തുടര്‍ന്നു അമേരിക്കയില്‍ പൊട്ടിപ്പുറപ്പെട്ട ബ്ലാക്ക് ലിവ്സ് മാറ്റര്‍ പ്രക്ഷോഭങ്ങള്‍ക്കിടെ ഏറ്റവും കൂടുതല്‍ തവണ രൂപം തകര്‍ക്കപ്പെട്ടത് വിശുദ്ധ ജൂനിപ്പെറോയുടെ രൂപമാണ്.

ജൂണ്‍ 19നു സാന്‍ ഫ്രാന്‍സിസ്കോയിലും ജൂലൈ നാലിനു കാലിഫോര്‍ണിയയിലെ സാക്രമെന്റോസിലെ കാപ്പിറ്റോള്‍ പാര്‍ക്കിലും വിശുദ്ധന്റെ രൂപങ്ങള്‍ അക്രമികള്‍ തകര്‍ത്തിരിന്നു. ഇതിന് സമാനമായി രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലും വിശുദ്ധന്റെ രൂപം തകര്‍ക്കാന്‍ ശ്രമം നടന്നിട്ടുണ്ട്. 18 ാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ഫ്രാന്‍സിസ്ക്കന്‍ സഭയിലെ വൈദികനായിരിന്നു വിശുദ്ധ ജൂനിപെറോ. ശക്തമായ സുവിശേഷം പ്രഘോഷണം വഴി അനേകരെ കത്തോലിക്ക വിശ്വാസത്തിലേക്ക് ആനയിക്കുവാന്‍ അദ്ദേഹത്തിന് കഴിഞ്ഞിരിന്നു. പ്രദേശങ്ങളിലുള്ള സന്യാസസമൂഹങ്ങളുടെ ചുമതല ഏറ്റെടുത്ത അദ്ദേഹം അനേകം മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നൽകി. 1988-ല്‍ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പ, ജൂനിപെറോയെ വാഴ്ത്തപ്പെട്ട പദവിയിലേക്കും 2015 ല്‍ ഫ്രാന്‍സിസ് പാപ്പ വിശുദ്ധ പദവിയിലേക്കും ഉയര്‍ത്തി.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »