Social Media - 2024

സ്വർഗ്ഗത്തിലെ മാനസാന്തരപ്പെട്ട പാപി..!

ഫാ. ഫിലിപ്പ് നടുത്തോട്ടത്തിൽ ഒസിഡി 28-08-2020 - Friday

വേദപാരംഗതനും, ഹിപ്പോയിലെ മെത്രാനും, തിരുസഭയിലെ ഏറ്റവും സ്വാധീനമുള്ള ദൈവശാസ്ത്രജ്ഞനുമായിരുന്ന, വി.അഗസ്തീനോസിൻ്റെ തിരുന്നാൾ ഇന്ന് തിരുസഭ അഘോഷിക്കുകയാണ്. എല്ലാവർക്കും തിരുന്നാൾ മംഗളങ്ങൾ..! "ഏതൊരു മഹാപാപിക്കും, ഒരു വിശുദ്ധനാകാൻ സാധിക്കും" എന്ന് തന്റെ ജീവിത സാക്ഷ്യത്തിലൂടെ ലോകത്തോട് വിളിച്ചു പറഞ്ഞ ഒരു വിശുദ്ധനാണ് അഗസ്തീനോസ് പുണ്യവാളൻ.

ഒരു വ്യക്തിക്ക് എത്രമാത്രം ധാർമ്മികമായി അധഃപതിക്കാൻ സാധിക്കുമോ, അത്രമാത്രം തിന്മയ്ക്ക് അടിമപ്പെട്ട വ്യക്തിയായിരുന്നു അഗസ്തീനോസ്. ദൈവത്തെ തള്ളിപ്പറഞ്ഞു, പല പാഷണ്ടതകളുടെ പുറകെ പോയവൻ. ലോകമോഹങ്ങളുടെ പുറകെ സഞ്ചരിച്ച്, കുത്തഴിഞ്ഞ ജീവിതം നയിച്ചവൻ. പെറ്റമ്മയുടെ പ്രാർത്ഥനകൾക്കും, വാക്കുകൾക്കും, പുല്ലുവില കൽപിച്ചവൻ. പക്ഷേ, "ഞാൻ അശുദ്ധമായ അധരമുള്ളവനാണെന്ന് " ഏശയ്യയേപോലെ അവൻ തിരിച്ചറിഞ്ഞപ്പോൾ, "എന്നെ സൃഷ്‌ടിച്ച എന്റെ ദൈവത്തിന് എന്റെ സമ്മതം കൂടാതെ എന്നെ രക്ഷിക്കാനാവില്ല.”എന്നവൻ മനസിലാക്കിയപ്പോൾ, അവൻ നിലവിളിച്ചു പ്രാർത്ഥിച്ചു, അപ്പോൾ ദൈവം അവനെ തന്റെ ചങ്കോട് ചേർത്തു, വിശുദ്ധീകരിച്ചു.

എടാ മോനേ, "എനിക്ക് വിശുദ്ധനാകാമെങ്കിൽ നിനക്കും വിശുദ്ധനാകാൻ പറ്റുമെടാ, ഒന്നു ട്രൈ ചെയ്യൂ" എന്ന് വിശുദ്ധൻ ഇന്നെന്റെ ഹൃദയത്തിൽ മന്ത്രിക്കുമ്പോഴും, ദൈവമേ ഞാൻ തിരിച്ചറിയുന്നു, ഞാൻ ഇനിയും എത്രയോ പാപത്തിന്റെ പടുകുഴിയിൽ ആണ്.!!!! ദൈവമേ, വിശുദ്ധിയിലേക്ക്, പുണ്യത്തിലേക്ക്, നന്മയിലേക്ക്, കൃപയിലേക്ക്, ഒരു തിരിച്ചുവരവ് എനിക്കിനി സാധിക്കുമോ? അതേ , ഇന്ന് വിശുദ്ധന്റെ തിരുനാൾ ആഘോഷിക്കുമ്പോൾ, തിരുസഭാ മാതാവ് നമ്മെ ഓർമ്മപ്പെടുത്തുന്നു, "സ്വർഗ്ഗത്തിൽ നിറയെ പശ്ചാത്തപിച്ച, മാനസാന്തരപ്പെട്ട, പാപികളാണ്. തീർച്ചയായും, കൂടുതൽ പേർക്ക് ഇനിയും അവിടെ ഇടമുണ്ട്."

ഒരിക്കൽ, വി.അഗസ്തീനോസിൻ്റെ അമ്മ മോനിക്കയുടെ കണ്ണീര് കണ്ടു, ഒരു മെത്രാന്‍ ഇങ്ങനെ പറഞ്ഞു, “ഒരുപാട് കണ്ണുനീരിന്റെ വിലയുള്ള ഈ പുത്രന്‍, ഒരിക്കലും നഷ്ടപ്പെടുകയില്ല”. ചരിത്രം പറയുന്നു, അങ്ങനെ 33 വർഷം നീണ്ട, മോനിക്കയുടെ കണ്ണുനീരിന്റെയും പ്രാര്‍ത്ഥനയുടെയും ഫലമായി, അഗസ്തിനോസ് മാനസാന്തരപ്പെടുകയും, ജ്ഞാനസ്നാനം സ്വീകരിക്കുകയും ചെയ്തു.

ഇന്ന്, കണ്ണുനീരോടെ ഒരു അമ്മ എന്റെ അടുത്ത് വന്നു പറഞ്ഞു, "അച്ഛാ എന്റെ മകനുവേണ്ടി ഒന്നു പ്രാർത്ഥിക്കണം. അവനു ദൈവ വിശ്വാസം ഇല്ല, ഏതോ സാത്താൻ ഗ്രൂപ്പുമായി അവനു ബന്ധമുണ്ട്. മദ്യപാനവും, പുകവലിയും, ഇപ്പോൾ മയക്കുമരുന്നും അവൻ ഉപയോഗിച്ചു തുടങ്ങി. വീട്ടിൽ എന്നും വഴക്കാണ്." ഏങ്ങലടിച്ചു, ചങ്കുപൊട്ടി കരയുന്ന ആ അമ്മയെ ആശ്വസിപ്പിച്ചുകൊണ്ട് ഞാൻ പറഞ്ഞു, "അമ്മേ, വിശുദ്ധ മോനിക്കപുണ്യവതിയോടും, വിശുദ്ധ അഗസ്തീനോസിനോടും നമുക്ക് പ്രാർത്ഥിക്കാം. ഒരുപാട് കണ്ണുനീരിന്റെ വിലയുള്ള ആ മകൻ ഒരിക്കലും നശിക്കുകയില്ല!!!" ദൈവമേ, ആ മകനു മാനസാന്തരം നൽകണേ..!

വിശുദ്ധന്റെ ജീവിതത്തിൽ നാം കാണുന്നു, ഒരിക്കൽ, മിലാൻ കത്തീഡ്രൽ ദേവാലയത്തിൽ വി. അഗസ്തീനോസ് പ്രാർത്ഥിക്കുമ്പോൾ, അവന്റെ മുൻപിലേക്ക് ദൈവത്തിന്റെ വചനം തുറക്കപ്പെട്ടു, റോമാ 13 : 12-13. വചനം ആയിരുന്നു അത്!! "പകല്‍ സമീപിച്ചിരിക്കുന്നു. ആകയാല്‍, നമുക്ക്‌ അന്‌ധകാരത്തിന്‍െറ പ്രവൃത്തികള്‍ പരിത്യജിച്ച്‌ പ്രകാശത്തിന്‍െറ ആയുധങ്ങള്‍ ധരിക്കാം.

പകലിനു യോജിച്ചവിധം നമുക്കു പെരുമാറാം. സുഖലോലുപതയിലോ മദ്യലഹരിയിലോ അവിഹിതവേഴ്‌ചകളിലോ വിഷയാസക്‌തിയിലോകലഹങ്ങളിലോ അ സൂയയിലോ വ്യാപരിക്കരുത്‌". ഈ ദൈവവചനം അഗസ്തീനോസിന്റെ ചങ്കിലാണ് തറച്ചത്.

അവൻ വചനപീഠത്തിന്റെ മുൻപിലേക്ക് മുട്ടുകുത്തിയിട്ട്, ഒരു കല്യാണപ്രതിജ്ഞ പോലെ, ഇരുകരങ്ങളും ദൈവ വചനത്തോടു ചേർത്തുവച്ച്, ഉടമ്പടി ചെയ്തു. "എന്റെ ദൈവമേ, എന്നെ പൂർണ്ണമായും നിനക്ക് തീറെഴുതി നൽകുകയാണ്, മറ്റാർക്കുമായി ഞാൻ ഇനി എന്നെ പകുത്തു നൽകുകയില്ല. നിന്റെ ബലിക്കല്ലോടു ചേർത്ത്, എന്നെ ബന്ധിപ്പിക്കണമേ". സുഹൃത്തേ, ഈ പ്രാർത്ഥന ഞാനും, നീയും, പലയാവർത്തി ഏറ്റുപറയേണ്ടിയിരിക്കുന്നു..!

അതേ, ശരിക്കും പറഞ്ഞാൽ നമ്മുടെ കുടുംബത്തിലുള്ള മക്കളെ, നാം "ബന്ധിക്കേണ്ട" കാലമാണിത്. വിശുദ്ധ ബലിപീഠത്തോട് , വിശുദ്ധ കുരിശിനോട്, വിശുദ്ധ ദേവാലയത്തോട്, വിശുദ്ധ ജപമാലയോട് ഒക്കെ ബന്ധിക്കണം.!! കാരണം, പ്രാർത്ഥിക്കുന്നതും, പള്ളിയിൽ പോകുന്നതും, മതബോധന ക്ലാസുകളിൽ പങ്കെടുക്കുന്നതും, വെറും പാഴ് വേല മാത്രമാണെന്ന് ചിന്തിക്കുന്ന ഒരു തലമുറയാണ് ഇന്ന് ഉയർന്നുവരുന്നത്. കാരണം അവർ പഠിക്കുന്ന പാഠപുസ്തകങ്ങളിൽ പോലും, ദൈവം, വിശുദ്ധി, പ്രാർത്ഥന, നന്മ, പുണ്യം തുടങ്ങിയ ഒറ്റ വാക്കുപോലും കാണുവാൻ സാധിക്കുകയില്ല. പിന്നെങ്ങനെയാണ് ഇന്നത്തെ തലമുറ വിശുദ്ധരായി മാറുന്നത്?

നിസ്സാര കാര്യങ്ങൾക്കു വേണ്ടി ദൈവത്തെ തള്ളിപ്പറയാനും, പ്രേമത്തിന്റെ പേരുപറഞ്ഞ്, മറ്റു മതവിശ്വാസങ്ങളിലേക്കു മാറാനും ഒരു ഉളിപ്പും ഇല്ലാത്തവരായി യുവജനങ്ങൾ മാറുന്നു. ആർക്കാണ് തെറ്റ് പറ്റുന്നത്? മോശയെപോലെ, മോനിക്ക പുണ്യവതിയെപ്പോലെ, കരമുയർത്തി, കണ്ണീരോടെ പ്രാർത്ഥിക്കുന്ന മാതാപിതാക്കൾ കുടുംബങ്ങളിൽ അന്യം നിന്നു പോകുന്നതോ കാരണം? മാതാപിതാക്കൾ തമ്മിൽ കുടുംബങ്ങളിൽ കലഹങ്ങൾ ഉയരുമ്പോൾ, മക്കളുടെ കാര്യം ശ്രദ്ധിക്കാൻ ആർക്ക് സമയം?

"ദൈവത്തെ കൂടാതെ ഒന്നും ചെയ്യാൻ സാധിക്കുകയില്ല" എന്ന തിരിച്ചറിവ്, ചുറ്റുമുള്ളവർക്ക് പകർന്നുകൊടുക്കുവാൻ, ഇനിയെങ്കിലും സാധിച്ചിരുന്നെങ്കിൽ! ‘ദൈവത്തില്‍ വിശ്രമിക്കാത്തിടത്തോളം കാലം തന്റെ ഹൃദയം അസ്വസ്ഥമായിരിക്കും’ എന്ന തിരിച്ചറിവ് വിശുദ്ധ അഗസ്തീനോസിനുണ്ടായതു പോലെ, ഒരു 'തിരിച്ചറിവ്' ഉണ്ടാകാത്തതാണ്, ഇനിയും പല ജീവിതങ്ങളും പാപകുഴിയിൽ നിന്നും കരകയറാത്തതിന്റെ കാരണം. ദൈവവചനം പറയുന്നു, "പാപിയുടെ പാത കല്ലുപാകി മിനുസപ്പെടുത്തിയിരിക്കുന്നു; അത്‌ അവസാനിക്കുന്നത്‌ പാതാളത്തിലാണ്‌" (പ്രഭാഷകന്‍ 21 : 10).

ഓർക്കുക, മാനസാന്തരത്തിന് ശേഷം, തിരുസഭയുടെ ഏറ്റവും സ്വാധീനമുള്ള ദൈവശാസ്ത്രജ്ഞനായി തീർന്നു വിശുദ്ധന്‍. പ്രത്യേകിച്ച് ത്രിത്വൈക ദൈവം, പുണ്യം, സഭ എന്നിവയെ കുറിച്ചുള്ള സിദ്ധാന്തങ്ങളില്‍ വിശുദ്ധന്റെ ജ്ഞാനം വളരെ വലുതായിരിന്നു. ഒരു നല്ല വാക്മിയും, പ്രഭാഷകനും, എഴുത്തുക്കാരനും, അപാരമായ ആത്മീയതയുമുള്ള വ്യക്തിയുമായിരുന്നു അദ്ദേഹം. അതെ, സുഹൃത്തേ, ഒരു മാനസാന്തരം നിന്നിലും ഒത്തിരിയേറെ മാറ്റങ്ങൾ വരുത്തും, തീർച്ച...!

വിശുദ്ധ അഗസ്റ്റിനോസ് നമ്മെ ഓർമ്മപ്പെടുത്തുന്നത്, സ്വയം പാപിയാണ് എന്ന് ചിന്തിച്ചുകൊണ്ട്, നാം നിരാശയിലേക്ക് വഴുതി വീഴരുത്. കാരണം, "ദൈവമായ കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു: ദുഷ്‌ടന്‍ മരിക്കുന്നതിലല്ല, അവന്‍ ദുഷ്‌ടമാര്‍ഗത്തില്‍നിന്ന്‌ പിന്തിരിഞ്ഞു ജീവിക്കുന്നതിലാണ്‌ എനിക്കു സന്തോഷം" (എസെക്കിയേല്‍ 33 : 11). ജീവിതത്തിൽ സംഭവിച്ച പരാജയങ്ങളിൽ, പാപവഴികളിൽ, വീഴ്ചകളിൽ, നിന്നുമൊക്കെ പാഠംപഠിച്ച്, ധൂർത്ത പുത്രനെപോലെ തിരിച്ചു വരാൻ നീ തയ്യാറായാൽ, നല്ല കള്ളനെപ്പോലെ സ്വർഗ്ഗം മോഷ്ടിക്കാൻ നിനക്കും സാധിക്കും.

മറക്കരുത്, കണ്ണുനീരിന്റെ പുത്രനായ വിശുദ്ധ അഗസ്തിനോസ് നശിച്ചു പോകാത്തതുപോലെ, നിനക്കുവേണ്ടി ചങ്കുപൊട്ടി കരയുന്നവരുടെ കണ്ണുനീരിനെ മാനിച്ചാൽ, നീയും വിശുദ്ധിയിലേക്ക് കടന്നുവരും. "നീതിമാന്‍ കഷ്‌ടിച്ചു മാത്രമേ രക്‌ഷപെടുന്നുള്ളുവെങ്കില്‍ ദുഷ്‌ടന്‍െറയും, പാപിയുടെയും സ്‌ഥിതി എന്തായിരിക്കും? (സുഭാഷിതങ്ങള്‍ 11 : 31).

വിശ്വാസത്തോടെ നമുക്കും പ്രാർത്ഥിക്കാം, വിശുദ്ധ അഗസ്തീനോസേ, ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കേണമേ.


Related Articles »