Faith And Reason

കോവിഡിനിടയിലും ഫാത്തിമനാഥയുടെ സന്നിധിയില്‍ എത്തിയത് ആയിരങ്ങള്‍

പ്രവാചക ശബ്ദം 14-10-2020 - Wednesday

ഫാത്തിമ: പരിശുദ്ധ കന്യകാമാതാവിന്റെ പ്രത്യക്ഷീകരണം കൊണ്ട് പ്രസിദ്ധമായ പോര്‍ച്ചുഗലിലെ ഫാത്തിമ തീര്‍ത്ഥാടന കേന്ദ്രത്തില്‍ കത്തിച്ചുപ്പിടിച്ച മെഴുകുതിരികളുമായി കഴിഞ്ഞ ദിവസം എത്തിയത് ആയിരങ്ങള്‍. ഫാത്തിമ പ്രത്യക്ഷീകരണത്തിന്റെ നൂറ്റിമൂന്നാം വാര്‍ഷികത്തിന്റെ ഭാഗമായി സാമൂഹിക അകലം പാലിച്ചുകൊണ്ട് ആറായിരത്തോളം വിശ്വാസികള്‍ ജാഗരണ പ്രാര്‍ത്ഥനയിലും ജപമാലയിലും പങ്കെടുത്തുവെന്നു റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു. 1917-ല്‍ നടന്ന ദൈവമാതാവിന്റെ പ്രത്യക്ഷീകരണങ്ങളുടെ ഓര്‍മ്മ പുതുക്കുവാന്‍ എല്ലാവര്‍ഷവും ഒക്ടോബര്‍ മാസത്തില്‍ ഏതാണ്ട് ഒരുലക്ഷത്തോളം വിശ്വാസികളാണ് ഫാത്തിമായില്‍ എത്തിക്കൊണ്ടിരുന്നത്.

മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് കുറവുണ്ടെങ്കിലും പ്രതികൂലമായ സാഹചര്യം പോലും കണക്കിലെടുക്കാതെ ആയിരകണക്കിന് വിശ്വാസികള്‍ ഇത്തവണയും തീര്‍ത്ഥാടന കേന്ദ്രത്തിലെത്തിയെന്നതാണ് ശ്രദ്ധയാകര്‍ഷിക്കുന്നത്. ഇത്തവണ മാതൃസന്നിധിയില്‍ എത്തിയ വിശ്വാസികളില്‍ ഭൂരിഭാഗം പേരും കൊറോണയുടെ അന്ത്യത്തിന് വേണ്ടിയാണ് പ്രാര്‍ത്ഥിച്ചത്. കൊറോണക്കെതിരെ പോരാടിക്കൊണ്ടിരിക്കുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് വേണ്ടിയും അനേകര്‍ പ്രാര്‍ത്ഥന നടത്തി.

1917 മേയ് 13ന് ആയിരുന്നു ഇടയ ബാലകരായ ലൂസിയാ ഡേ ലോസ് സാന്റോസ്, സഹോദരങ്ങളായ ഫ്രാൻസിസ്കോ ഡേ ലോസ് സാന്റോസ്, ജസീന്താ ഡേ ലോസ് സാന്റോസ് എന്നിവർക്കു പരിശുദ്ധ ദൈവമാതാവിന്റെ ആദ്യ ദര്‍ശനം ലഭിക്കുന്നത്. മെയ് 13 മുതൽ ഒക്ടോബർ 13വരെയുള്ള കാലയളവിൽ ആറു തവണയാണ് ഇവര്‍ക്ക് പ്രത്യക്ഷപ്പെട്ടത്. രണ്ടുവർഷത്തിനുശേഷം അസുഖബാധിതരായി ഫ്രാൻസിസ്കോയും ജസീന്തായും മരിച്ചെങ്കിലും ഫാത്തിമയിലെ മാതാവിന്റെ ദർശനസ്ഥലം സഭയുടെ പേരുകേട്ട മരിയ തീർത്ഥാടനകേന്ദ്രങ്ങളിലൊന്നായി മാറുകയായിരിന്നു. 2017-ല്‍ ഫ്രാൻസിസ്കോയെയും ജസീന്തയെയും ഫ്രാന്‍സിസ് പാപ്പ വിശുദ്ധരായി പ്രഖ്യാപിച്ചിരുന്നു.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »