Faith And Reason - 2024
മെഴുകുതിരിയും ദീപാലങ്കാരങ്ങളും കൊണ്ട് വര്‍ണ്ണ വിസ്മയം: മഹാമാരിയിലും അമലോത്ഭവ തിരുനാള്‍ മുടക്കാതെ കൊളംബിയന്‍ ജനത
പ്രവാചക ശബ്ദം 10-12-2020 - Thursday
ബൊഗോട്ട: മഹാമാരിയ്ക്കിടെയിലും കൊളംബിയയിലെ പ്രധാനപ്പെട്ട ആഘോഷങ്ങളില്‍ ഒന്നായ ദൈവമാതാവിന്റെ അമലോത്ഭവ തിരുനാള്‍ രാജ്യമെമ്പാടും ഭക്തിപൂര്‍വ്വം കൊണ്ടാടി. വീടുകളും തെരുവുകളും വിവിധ വര്‍ണ്ണങ്ങളിലുള്ള മെഴുകുതിരികളും ദീപാലങ്കാരങ്ങളും ഉപയോഗിച്ച് അലങ്കരിച്ചുകൊണ്ടാണ് “മെഴുകുതിരികളുടെ രാത്രി” (‘നൈറ്റ് ഓഫ് കാന്‍ഡില്‍സ്’ അല്ലെങ്കില്‍ ‘ലിറ്റില്‍ കാന്‍ഡില്‍സ് ഡേ’) എന്നറിയപ്പെടുന്ന മാതാവിന്റെ അമലോത്ഭവ തിരുനാള്‍ കൊളംബിയന്‍ ജനത കൊണ്ടാടിയത്. ചില സ്ഥലങ്ങളില്‍ ജപമാലയും, നൊവേനയും നേര്‍ച്ച ഭക്ഷണവും ക്രമീകരിച്ചിരിന്നു. വഴിയോരങ്ങളില്‍ മെഴുകുതിരികള്‍ കത്തിച്ചു കുടുംബങ്ങള്‍ ദൈവമാതാവിനെ ആദരിക്കുന്നതാണ് കൊളംബിയയിലെ അമലോത്ഭവ തിരുനാള്‍ ആഘോഷങ്ങളുടെ ഏറ്റവും വലിയ പ്രത്യേകത.
രാജ്യത്തെ സംബന്ധിച്ചിടത്തോളം വരുവാനിരിക്കുന്ന ക്രിസ്തുമസ് ആഘോഷങ്ങളുടെ ആരംഭം കൂടിയായിരിന്നു അമലോത്ഭവ തിരുനാള്‍. പകര്‍ച്ചവ്യാധി കണക്കിലെടുത്ത് ആളുകളുടെ കൂട്ടംകൂടല്‍ ഒഴിവാക്കുവാന്‍ ഇക്കൊല്ലത്തെ ആഘോഷങ്ങള്‍ കൊളംബിയന്‍ ജനത വീടുകളിലും വിട്ടുപരിസരങ്ങളിലുമായി ചുരുക്കിയിരുന്നു. ബൊഗോട്ടയിലെ മേയറുടെ ഓഫീസും, ഗില്‍ബെര്‍ട്ടോ അല്‍സാട്ടെ അവെന്‍ഡാനോ ഫുഗാ ഫൌണ്ടേഷനും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പരിമിതപ്പെടുത്തിയ ആളുകളുമായി ലാ മില്ലായില്‍ വെച്ചാണ് ഇക്കൊല്ലത്തെ ‘ലിറ്റില്‍ കാന്‍ഡില്‍സ് ഡേ’ ആഘോഷിച്ചത്.
1854 ഡിസംബര്‍ 8നാണ് ഒന്‍പതാം പിയൂസ് പാപ്പ പരിശുദ്ധ കന്യകാമറിയത്തിന്റെ അമലോത്ഭവം വിശ്വാസസത്യമായി പ്രഖ്യാപിച്ചത്. ദൈവപുത്രന്റെ അമ്മയാകാനുള്ളവള്‍ എന്ന നിലയില്‍ സ്വപുത്രന്റെ യോഗ്യതകളാല്‍ പരിശുദ്ധ കന്യകാമറിയം തന്റെ അമ്മയുടെ ഉദരത്തില്‍ ഉരുവായ നിമിഷം മുതല്‍ ജന്മപാപത്തില്‍ നിന്ന് ഒഴിവാക്കപ്പെട്ടിരിക്കുന്നു എന്ന വിശ്വാസമാണ് മാതാവിന്റെ അമലോത്ഭവ തിരുനാള്‍ ആഘോഷത്തിന്റെ അടിസ്ഥാനം. 1854 മുതല്‍ തന്നെ കൊളംബിയയിലും മാതാവിന്റെ “മെഴുകുതിരികളുടെ രാത്രി” ആഘോഷിച്ചു തുടങ്ങിയിരുന്നു. കൊളംബിയക്ക് പുറമേ, അര്‍ജന്റീന, ഓസ്ട്രിയ, ചിലി, ഇറ്റലി, മാള്‍ട്ടാ, പോര്‍ച്ചുഗല്‍, സ്പെയിന്‍, ഫിലിപ്പീന്‍സ് എന്നീ രാഷ്ട്രങ്ങളും മാതാവിന്റെ അമലോത്ഭവ തിരുനാള്‍ ആഘോഷപൂര്‍വ്വം കൊണ്ടാടാറുണ്ട്.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക