Faith And Reason - 2024

മഹാമാരിക്കിടയിലും പാരമ്പര്യം കൈവിടാതെ ബെത്ലഹേമില്‍ നിന്നും 'സമാധാനത്തിന്റെ പ്രകാശം' പകര്‍ന്നു

പ്രവാചക ശബ്ദം 04-12-2020 - Friday

ബെത്ലഹേം: കൊറോണ പകര്‍ച്ചവ്യാധിയുടെ ഭാഗമായി രാഷ്ട്രാതിര്‍ത്തികളും ദേവാലയങ്ങളും അടക്കപ്പെട്ടിരിന്നതിനിടയിലും പതിവ് തെറ്റിക്കാതെ ‘പീസ്‌ ലൈറ്റ് ഓഫ് ബെത്ലഹേം’ ആചരണം ഇക്കൊല്ലവും ആരംഭിച്ചു. ബെത്ലഹേമിലെ തിരുപ്പിറവി ദേവാലയത്തിലെ 14 ഇതളുകള്‍ ഉള്ള നക്ഷത്രത്തിന്റെ മുകളില്‍ തൂക്കിയിട്ടിരിക്കുന്ന എണ്ണ വിളക്കില്‍ നിന്നും ഓസ്ട്രിയായിലും പിന്നീട് വിവിധ രാഷ്ട്രങ്ങളിലും എത്തിക്കുവാനുള്ള സമാധാനത്തിന്റെ റാന്തലിന് പ്രകാശം പകര്‍ന്നുവെന്ന് ‘ഓസ്ട്രിയന്‍ പബ്ലിക് ബ്രോഡ്കാസ്റ്റിംഗ് കോര്‍പ്പറേഷന്‍’ (ഒ.ആര്‍.എഫ്) റിപ്പോര്‍ട്ട് ചെയ്യുന്നു. 1986 മുതല്‍ ഓസ്ട്രിയായിലെ ഏതെങ്കിലും ഒരു കുട്ടിയായിരുന്നു എണ്ണവിളക്കില്‍ നിന്നും തീനാളം പകര്‍ന്നുകൊണ്ടിരുന്നത്. എന്നാല്‍ കൊറോണ മഹാമാരിയെ ത്തുടര്‍ന്ന്‍ ബെത്ലഹേമിലെ തന്നെ മരിയ ഖൂരി എന്ന 9 വയസ്സുകാരിയാണ് ഇക്കൊല്ലം സമാധാനത്തിന്റെ പ്രകാശത്തിന് തിരികൊളുത്തിയത്.

വികലാംഗരായ കുട്ടികള്‍ക്ക് വേണ്ടിയുള്ള കാരുണ്യപ്രവര്‍ത്തിയുടെ ഭാഗമായാണ് ‘പീസ്‌ ലൈറ്റ് ഓഫ് ബെത്ലഹേം’ ആരംഭിച്ചത്. ഓസ്ട്രിയായിലും, അയല്‍ രാജ്യങ്ങളിലും വളരെയേറെ പ്രശസ്തമാണ് ഇത്. ബെത്ലഹേമിലെ എണ്ണ വിളക്കില്‍ നിന്നും കത്തിച്ച റാന്തല്‍ വിമാനത്തില്‍ ഓസ്ട്രിയയിലേക്ക് കൊണ്ടുവരികയും അതില്‍നിന്നും ഓസ്ട്രിയയിലെ കുടുംബങ്ങളിലേയും ഇടവകകളിലേയും പുല്‍ക്കൂടുകളിലെ വിളക്കുകളും മെഴുക് തിരികളും തെളിയിച്ചതിന് ശേഷം ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് അയക്കുകയുമാണ്‌ പതിവ്. ഓസ്ട്രിയന്‍ റെയില്‍വേ, ഫയര്‍ ബ്രിഗേഡ്, റെഡ് ക്രോസ്, സമരിറ്റന്‍ ഫെഡറേഷന്‍, സ്കൗട്ട്സ് എന്നീ സംഘടനകള്‍ക്ക് പുറമേ ഇടവകകളുടേയും സ്വകാര്യ സംഘടനകളുടേയും സഹകരണത്തോടെയായാണ് ഈ പരിപാടി സംഘടിപ്പിക്കാറുള്ളത്.

ഇക്കൊല്ലവും ഈ സംഘടനകള്‍ പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ടെന്നാണ് ‘ഒ.ആര്‍.എഫ്’ന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. ബെത്ലഹേമിലെ പീസ്‌ ലൈറ്റ് പാപ്പമാര്‍ക്കും, പ്രമുഖ ലോക നേതാക്കള്‍ക്കും സമ്മാനിക്കുന്ന പതിവുമുണ്ട്. ഫ്രാന്‍സിസ് പാപ്പ, മുന്‍ പാപ്പമാരായ ബെനഡിക്ട് പതിനാറാമന്‍, വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ തുടങ്ങിയവര്‍ ഇത്തരത്തില്‍ പീസ്‌ ലൈറ്റ് സ്വീകരിച്ചവരാണ്. ഇതുവഴി സംഭാവനയായി ലഭിക്കുന്ന പണം വികലാംഗരായ കുട്ടികള്‍ക്ക് വേണ്ടിയാണ് ചിലവഴിക്കുക. ഈ വര്‍ഷത്തെ പീസ്‌ ലൈറ്റ് പരിപാടിയുടെ ഭാഗമായി വത്തിക്കാനും ഓസ്ട്രിയയും സംയുക്തമായി സ്റ്റാമ്പുകളും പുറത്തിറക്കിയിട്ടുണ്ട്. പീസ്‌ ലൈറ്റുമായി നില്‍ക്കുന്ന ഫ്രാന്‍സിസ് പാപ്പയുടെ ചിത്രമാണ് ഒരു സ്റ്റാമ്പിലെ മുഖ്യ പ്രമേയം.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 45