Faith And Reason
വിശുദ്ധ കുര്‍ബാനക്ക് വേണ്ടിയുള്ള അടങ്ങാത്ത ആഗ്രഹവുമായി ഫ്രഞ്ച് ജനത തെരുവില്‍
പ്രവാചക ശബ്ദം 16-11-2020 - Monday
പാരീസ്: ക്രൈസ്തവ ജീവിതത്തിന്റെ ഉറവിടവും ഹൃദയവുമായ വിശുദ്ധ കുര്‍ബാനയോടുള്ള അടങ്ങാത്ത ആഗ്രഹവുമായി ഫ്രഞ്ച് കത്തോലിക്കര്‍ പൊതു കുര്‍ബാനകള്‍ക്കേര്‍പ്പെടുത്തിയ നിരോധനത്തോടുള്ള പ്രതിഷേധ സൂചകമായി വിവിധ നഗരങ്ങളില്‍ പ്രാര്‍ത്ഥനാ കൂട്ടായ്മകള്‍ സംഘടിപ്പിച്ചു. ഒക്ടോബര്‍ 30ന് ആരംഭിച്ച ദേശവ്യാപകവും ഭാഗികവുമായ രണ്ടാം ലോക്ക്ഡൌണിലും പൊതു കുര്‍ബാനകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയ സാഹചര്യത്തിലാണ് പ്രാര്‍ത്ഥനാകൂട്ടായ്മകള്‍ സംഘടിപ്പിച്ചത്. തെക്ക് പടിഞ്ഞാറന്‍ നഗരമായ ബോര്‍ഡ്യൂക്സിലെ കത്തീഡ്രലിന് പുറത്ത് ഞായറാഴ്ച സംഘടിപ്പിച്ച പ്രാര്‍ത്ഥനാ കൂട്ടായ്മയില്‍, പ്രാര്‍ത്ഥനയും സ്തുതി ഗീതങ്ങളുമായി മുന്നൂറിലധികം വിശ്വാസികളാണ് പങ്കെടുത്തത്. ഫേസ്മാസ്കും ധരിച്ച് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടായിരുന്നു കൂട്ടായ്മകള്‍ സംഘടിപ്പിച്ചത്.
ശനിയാഴ്ച റെന്നെസിലെ കത്തീഡ്രലിന് പുറത്തു നടത്തിയ കൂട്ടായ്മയില്‍ ഏതാണ്ട് 250 വിശ്വാസികളും പങ്കെടുക്കുന്നുണ്ട്. നാന്റെസിലെ പരിശുദ്ധ കന്യകാമാതാവിന്റെ രൂപത്തിന് മുന്നില്‍ സംഘടിപ്പിച്ച കൂട്ടായ്മയില്‍ മഴയെപ്പോലും വകവെക്കാതെയാണ് നൂറുകണക്കിന് വിശ്വാസികള്‍ പങ്കെടുത്തത്. സ്ട്രാസ്ബര്‍ഗ്, വെഴ്സായ്ലസ് തുടങ്ങിയ നഗരങ്ങളിലും സമാനമായ പ്രാര്‍ത്ഥനാ കൂട്ടായ്മകള്‍ സംഘടിപ്പിച്ചു. ഫ്രാന്‍സിന്റെ രണ്ടാം ലോക്ക്ഡൌണില്‍ പരമാവധി 30 പേരെ പങ്കെടുപ്പിച്ചുകൊണ്ട് കല്യാണങ്ങളും, മൃതസംസ്കാരവും ദേവാലയങ്ങളില്‍ നടത്താമെങ്കിലും, വലിയ കൂട്ടായ്മകള്‍ക്ക് നിരോധനമുണ്ട്.
“നമുക്ക് പ്രാര്‍ത്ഥിക്കാം”, “ഞങ്ങള്‍ക്ക് വിശുദ്ധ കുര്‍ബാന വേണം” തുടങ്ങിയ ബാനറുകളുമായിട്ടായിരുന്നു വിശ്വാസികള്‍ പ്രാര്‍ത്ഥനാ കൂട്ടായ്മകളില്‍ പങ്കെടുക്കുവാന്‍ എത്തിയത്. ബോര്‍ഡ്യൂക്സിലെ കത്തീഡ്രലിന് പുറത്ത് സംഘടിപ്പിച്ച പ്രാര്‍ത്ഥനാ കൂട്ടായ്മയെ പ്രതിഷേധ പ്രകടനമായി കണക്കിലെടുത്ത് കൂട്ടായ്മ സംഘടിപ്പിച്ചവരെ പോലീസ് ചോദ്യം ചെയ്യുവാന്‍ വിളിപ്പിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. അതേസമയം രണ്ടാം ലോക്ക്ഡൌണില്‍ തുറന്ന്‍ പ്രവര്‍ത്തിക്കുവാന്‍ അനുവാദമുള്ള സൂപ്പര്‍ മാര്‍ക്കറ്റുകളിലാണ് സാമൂഹ്യ അകലം കൃത്യമായി പാലിക്കുന്ന ദേവാലയങ്ങളിലേക്കാള്‍ കൂടുതല്‍ രോഗബാധ സാധ്യതയെന്നാണ് വിശ്വാസീ സമൂഹം പറയുന്നത്.