Faith And Reason - 2024
ടെലിഫോണ്‍ മുഖേനയുള്ള കുമ്പസാരത്തിന് സാധുതയില്ല: വിശദീകരണവുമായി വത്തിക്കാന്‍
പ്രവാചക ശബ്ദം 11-12-2020 - Friday
വത്തിക്കാന്‍ സിറ്റി: കൊറോണ പകര്‍ച്ചവ്യാധിയുടെ പശ്ചാത്തലത്തില്‍ ടെലിഫോണിലൂടെയുള്ള കുമ്പസാരത്തിന്റെ സാധുത സംബന്ധിച്ച് ഉയര്‍ന്ന വിവാദങ്ങള്‍ക്ക് വിരാമമിട്ടുകൊണ്ട് വത്തിക്കാന്‍. ഫോണിലൂടെയുള്ള കുമ്പസാരങ്ങള്‍ക്ക് സാധുതയുണ്ടാവില്ലെന്ന്‍ വത്തിക്കാന്‍ അപ്പസ്തോലിക പെനിറ്റെന്‍ഷ്യറിയുടെ തലവനായ കര്‍ദ്ദിനാള്‍ മൗറോ പിയാസെന്‍സാ വ്യക്തമാക്കി. മഹാമാരിയെ തുടര്‍ന്നു കൂദാശകള്‍ പോലും സ്വീകരിക്കുവാന്‍ കഴിയാത്ത സാഹചര്യമാണെങ്കിലും ഫോണിലൂടേയും മറ്റ് ഇലക്ട്രോണിക് മാധ്യമങ്ങളിലൂടേയുമുള്ള കുമ്പസാരങ്ങള്‍ക്ക് സാധുതയുണ്ടാവില്ലെന്ന്‍ കര്‍ദ്ദിനാള്‍ പറഞ്ഞു. ഇക്കഴിഞ്ഞ ഡിസംബര്‍ 5ന് ‘എല്‍’ഒസ്സെര്‍വേട്ടോറെ റൊമാനോ’ എന്ന വത്തിക്കാന്‍ വാര്‍ത്താപത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഇതു സംബന്ധിച്ച സംശയങ്ങള്‍ക്ക് കര്‍ദ്ദിനാള്‍ വ്യക്തത വരുത്തിയത്.
അനുതാപിയുടെ യഥാര്‍ത്ഥ സാന്നിധ്യവും വാക്കുകളുടെ യഥാര്‍ത്ഥ കൈമാറ്റവും ഫോണിലൂടെയുള്ള കുമ്പസാരത്തില്‍ സാധ്യമല്ലെന്നും വാക്കുകള്‍ പുനര്‍സൃഷ്ടിക്കുന്ന വൈദ്യുത പ്രകമ്പനങ്ങള്‍ മാത്രമാണുള്ളതെന്നും, അതിനാല്‍ പാപപരിഹാരത്തിനുള്ള ഇത്തരം മാര്‍ഗ്ഗങ്ങള്‍ക്ക് സാധുതയില്ലെന്നും കര്‍ദ്ദിനാള്‍ വ്യക്തമാക്കി. വൈറസ് ബാധിച്ച് മരണത്തിന്റെ വക്കിലെത്തി നില്‍ക്കുന്ന രോഗികളുള്ള ആശുപത്രികള്‍ പോലെയുള്ള അടിയന്തിര സാഹചര്യങ്ങളില്‍ കൂട്ടായ പാപപരിഹാരം അനുവദിക്കണമോ വേണ്ടയോ എന്ന് പ്രാദേശിക മെത്രാന്മാര്‍ക്ക് തീരുമാനിക്കാം. ഇത്തരം സാഹചര്യങ്ങളില്‍ വൈദികര്‍ ആരോഗ്യപരമായ മുന്‍കരുതലുകള്‍ പാലിച്ചിരിക്കണമെന്നും രോഗികള്‍ കേള്‍ക്കുംവിധം ഉച്ചത്തില്‍ സംസാരിക്കുവാന്‍ ശ്രമിക്കണമെന്നും കര്‍ദ്ദിനാള്‍ നിര്‍ദ്ദേശിച്ചു. കുമ്പസാരത്തിന് വൈദികന്റെയും അനുതാപിയുടേയും ശാരീരിക സാന്നിധ്യമുണ്ടായിരിക്കണമെന്നാണ് സഭാനിയമങ്ങളില്‍ പറയുന്നതെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച് കൂദാശകള്‍ നല്‍കുവാന്‍ വൈദികര്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ അംഗീകരിച്ചുകൊണ്ട് തന്നെ നേരിട്ടുള്ള കുമ്പസാരങ്ങളില്‍ മുന്‍കരുതലുകള്‍ പാലിക്കുവാന്‍ വൈദികരോടും വിശ്വാസികളോടും നിര്‍ദ്ദേശിക്കേണ്ടത് മെത്രാന്‍മാരുടെ ചുമതലയാണ്. പ്രാദേശിക മേഖലകളിലെ രോഗബാധയുടെ സാഹചര്യം കണക്കിലെടുത്തു വേണം നിര്‍ദ്ദേശങ്ങള്‍ നല്‍കുവാന്‍. അപ്പസ്തോലിക പെനിറ്റെന്‍ഷ്യറി മാര്‍ച്ചില്‍ പുറത്തുവിട്ട കുറിപ്പില്‍ പറഞ്ഞിട്ടുള്ള കാര്യങ്ങള്‍ ആവര്‍ത്തിക്കുകയാണ് കര്‍ദ്ദിനാള്‍ ചെയ്തത്. ദൈവ സ്നേഹത്തില്‍ നിന്നുമുള്ള പൂര്‍ണ്ണ അനുതാപത്തോടേയും, എത്രയും പെട്ടെന്ന് കൗദാശികമായ കുമ്പസാരം നടത്താമെന്ന ഉറച്ച തീരുമാനത്തോടേയും അപേക്ഷിച്ചാല്‍ പാപപരിഹാരം നേടാമെന്നാണ് അപ്പസ്തോലിക പെനിറ്റെന്‍ഷ്യറി പുറത്തുവിട്ട കുറിപ്പില്‍ പറഞ്ഞിരുന്നത്. മാര്‍ച്ച് 20ന് തത്സമയ സംപ്രേഷണം ചെയ്ത വിശുദ്ധ കുര്‍ബാനക്കിടയില്‍ ഫ്രാന്‍സിസ് പാപ്പയും ഈ സാധ്യതയെക്കുറിച്ച് പ്രസ്താവിച്ചിരിന്നു.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക