Faith And Reason - 2024

പീഡനത്തിനിടയിലും ചൈനയിലെ ക്രൈസ്തവരുടെ എണ്ണം കുതിച്ചുയരുന്നു: 2030-ല്‍ 300 മില്യണാകുമെന്ന് നിരീക്ഷണം

പ്രവാചക ശബ്ദം 29-01-2021 - Friday

ബെയ്ജിംഗ്: 2030-ഓടെ ചൈനയിലെ ക്രൈസ്തവ വിശ്വാസികളുടെ എണ്ണം 300 മില്യണ്‍ തികയുമെന്ന് പ്രമുഖ അന്താരാഷ്ട്ര മതസ്വാതന്ത്ര്യ നിരീക്ഷക സംഘടനയുടെ സ്ട്രാറ്റജിക് റിസര്‍ച്ച് ഡയറക്ടറായ ഡോ. റോണ്‍ ബോയ്‌ഡ്-മാക്മിലാന്‍ പ്രവചിച്ചതായി ‘ദി ക്രിസ്റ്റ്യന്‍ പോസ്റ്റ്‌’ന്റെ റിപ്പോര്‍ട്ട്. ക്രൈസ്തവരുടെ എണ്ണം കൂടുമെന്ന ഭയത്താലാണ് പ്രസിഡന്റ് ഷീ ജിന്‍പിംഗിന്റെ നേതൃത്വത്തിലുള്ള ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ക്രൈസ്തവരെ നിരന്തരം പീഡിപ്പിക്കുന്നതെന്ന്‍ ഡോ. ബോയ്‌ഡ്-മാക്മിലാന്‍ ഒരു യു.കെ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞതായി റിപ്പോര്‍ട്ടിലുണ്ട്. ചൈനീസ് സഭയെ ഇത്രയധികം ലക്ഷ്യമിടുന്നതിനെ കുറിച്ച് ആലോചിക്കുമ്പോള്‍, സഭയുടെ വലിപ്പത്തെക്കുറിച്ചും, വളര്‍ച്ചയെക്കുറിച്ചും ചൈനീസ് നേതാക്കള്‍ ആശങ്കാകുലരാണെന്ന നിഗമനത്തിലാണ് നമ്മള്‍ എത്തിച്ചേരുകയെന്നും ഡോ. ബോയ്‌ഡ്-മാക്മിലാന്‍ പറഞ്ഞു.

2049 വരെ നീളുന്ന സാമ്പത്തിക പദ്ധതികളെപ്പോലെ വളരെ നീണ്ട പദ്ധതികളാണ് ചൈനീസ് സര്‍ക്കാര്‍ ഒരുക്കുന്നതെങ്കില്‍ ക്രിസ്തുമതത്തിന്റെ ഈ വളര്‍ച്ച ചൈനീസ് സര്‍ക്കാരിനെ ഭയപ്പെടുത്തുക തന്നെ ചെയ്യും. കാരണം അതുപോലെയാണ് സഭയുടെ വളര്‍ച്ചയെന്നും ഡോ. ബോയ്‌ഡ്-മാക്മിലാന്‍ കൂട്ടിച്ചേര്‍ത്തു. 1980 മുതലുള്ള സഭയുടെ വളര്‍ച്ച കണക്കിലെടുത്താല്‍ (പ്രതിവര്‍ഷം 7% ത്തിനും 8%ത്തിനും ഇടയില്‍) 2030-ഓടെ 300 മില്യണുള്ള ഒരു സഭയായി ചൈനീസ് സഭ വളരുമെന്നും, സഭ ഇത്തരത്തില്‍ വളരുകയാണെങ്കില്‍ അധികാരം പങ്കിടേണ്ടി വരുമെന്ന്‍ കമ്മ്യൂണിസ്റ്റ് ഭരണകൂടം ഭയക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അതേസമയം കോവിഡ് പകര്‍ച്ചവ്യാധിക്കിടയിലും കഴിഞ്ഞവര്‍ഷവും ചൈനീസ് ഭരണകൂടം ക്രൈസ്തവര്‍ക്കെതിരെ അടിച്ചമര്‍ത്തല്‍ വര്‍ദ്ധിപ്പിക്കുകയാണ് ചെയ്തത്. 2021-ലും ഇത് തുടരുമെന്നാണ് അന്താരാഷ്ട്ര ക്രിസ്ത്യന്‍ നിരീക്ഷക സംഘടനയായ റിലീസ് ഇന്റര്‍നാഷണല്‍ കഴിഞ്ഞ മാസം പ്രവചിച്ചിരിക്കുന്നത്. ചൈനീസ്-അമേരിക്കന്‍ പാസ്റ്റര്‍ ഫ്രാന്‍സിസ് ചാന് ഹോങ്കോങ്ങ് വിസ നിഷേധിച്ചതിനെ തുടര്‍ന്ന്‍ യു.എസ് ലേക്ക് മടങ്ങേണ്ടി വന്നത് സമീപകാലത്താണ്. ക്രൈസ്തവര്‍ ഏറ്റവും കൂടുതല്‍ പീഡിപ്പിക്കപ്പെടുന്ന 50 രാഷ്ട്രങ്ങളുടെ പട്ടികയില്‍ പതിനേഴാമതാണ് ചൈനയുടെ സ്ഥാനം.


Related Articles »