Faith And Reason - 2024

മെയ് ഒന്നാം തീയതി ഫിലിപ്പീൻസിനെ യൗസേപ്പിതാവിന് സമർപ്പിക്കും

പ്രവാചക ശബ്ദം 18-02-2021 - Thursday

മനില: തൊഴിലാളികളുടെ മധ്യസ്ഥനായ വിശുദ്ധ യൗസേപ്പിന്റെ തിരുനാള്‍ ദിനമായ മെയ് മാസം ഒന്നാം തീയതി ഫിലിപ്പീൻസിനെ വിശുദ്ധ യൗസേപ്പിതാവിന് സമർപ്പിക്കും. മെത്രാൻ സമിതി സമർപ്പണത്തിന് അനുമതി നൽകിയെന്നും, അല്‍മായർക്ക് വേണ്ടിയുള്ള കമ്മീഷൻ, സംഘാടക ചുമതല നിർവഹിക്കുമെന്നും കമ്മീഷൻ അധ്യക്ഷൻ ബിഷപ്പ് ബ്രോഡെറിക്ക് പാബില്ലോ പറഞ്ഞു. മാർച്ച് മാസം മുപ്പതാം തീയതി മുതൽ സമർപ്പണത്തിനു വേണ്ടിയുള്ള ആത്മീയ തയ്യാറെടുപ്പുകൾ ആരംഭിക്കും. സമര്‍പ്പണത്തിന്റെ ഭാഗമായി ഫാ. ഡൊണാൾഡ് കല്ലോവേ എഴുതിയ 'കോൺസിക്കറേഷൻ ടു സെന്റ് ജോസഫ്' എന്ന പുസ്തകം യൗസേപ്പിതാവിനോട് സമർപ്പണം നടത്തുന്ന രൂപതകൾക്കും, വ്യക്തികൾക്കും ലഭ്യമാക്കും.

ആഗോള സഭയോട് ചേർന്ന് ഈ വർഷം ഫിലിപ്പീൻസിലെ സഭയും യൗസേപ്പിതാവിന്റെ വർഷമായാണ് ആചരിക്കുന്നത്. ഇതിന്റെ ഭാഗമായാണ് മെയ് മാസം ഒന്നാം തീയതിയിലെ പ്രത്യേക സമർപ്പണ ചടങ്ങ് ക്രമീകരിച്ചിരിക്കുന്നത്. ആഗോള സഭയുടെ മധ്യസ്ഥനായി യൗസേപ്പിതാവിനെ പ്രഖ്യാപിച്ചതിന്റെ നൂറ്റിയന്‍പതാം വാർഷികത്തോടനുബന്ധിച്ചാണ് ഫ്രാൻസിസ് മാർപാപ്പ 2021 യൗസേപ്പിതാവിന്റെ വർഷം ആചരിക്കാൻ തീരുമാനിച്ചത്. ഈ നാളുകൾ എങ്ങനെ കൂടുതൽ അർത്ഥവത്തായി ആചരിക്കാം എന്നതിനെപ്പറ്റി ഫാ. ഡൊണാൾഡ് കല്ലോവേയുമായി ഓൺലൈൻ കൂടിക്കാഴ്ച അല്മായ കമ്മീഷൻ ഫെബ്രുവരി 13നു സംഘടിപ്പിച്ചിരുന്നു.

ഫ്രാന്‍സിസ് പാപ്പ വിശുദ്ധ യൗസേപ്പിതാവിന്റെ വര്‍ഷം പ്രഖ്യാപിച്ചതിന് പിന്നില്‍ ഫാ. ഡൊണാള്‍ഡ് കല്ലോവേ എം.ഐ.സിയാണെന്ന് നേരത്തെ മുതല്‍ റിപ്പോര്‍ട്ടുകള്‍ സജീവമാണ്. വിശുദ്ധ യൗസേപ്പിതാവിന്റെ വര്‍ഷം പ്രഖ്യാപിക്കണമെന്ന് അപേക്ഷിച്ചുകൊണ്ട് 2019 മെയ് ഒന്നിന് പരിശുദ്ധ പിതാവിന് അദ്ദേഹം എഴുതിയ കത്ത് നവമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായിരിന്നു. അര്‍ജന്റീനയിലെ തന്റെ സുഹൃത്തായ ഫാ. ഡാന്റെ അഗ്യൂറോ എം.ഐ.സി യാണ് കത്ത് സ്പാനിഷ് ഭാഷയിലേക്ക് തര്‍ജ്ജമ ചെയ്തതെന്നും, 2019 മെയ് 4ന് അര്‍ജന്റീനയിലെ ഗ്വാലെഗ്വായിച്ചു രൂപതാ മെത്രാനായ ഹെക്ടര്‍ സോര്‍ദാന്‍ റോമിലായിരുന്നപ്പോഴാണ് പാപ്പക്ക് കത്ത് കൈമാറിയതെന്നും ഫാ. ഡൊണാൾഡ് പിന്നീട് വെളിപ്പെടുത്തിയിരിന്നു.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക   


Related Articles »