Faith And Reason

'യേശുവേ അങ്ങില്‍ ഞാന്‍ ശരണപ്പെടുന്നു' എന്ന് നമ്മുക്കും ഏറ്റുപറയാം: ദൈവകരുണയുടെ സന്ദേശം ലഭിച്ചതിന്റെ 90ാമത് വാര്‍ഷികത്തില്‍ പാപ്പ

പ്രവാചക ശബ്ദം 22-02-2021 - Monday

റോം: “യേശുവേ അങ്ങില്‍ ഞാന്‍ ശരണപ്പെടുന്നു” എന്നെഴുതിയ പ്രസിദ്ധമായ ദൈവകരുണയുടെ ചിത്രം ലോകത്തിനു സമ്മാനിച്ച പോളിഷ് കന്യാസ്ത്രീയും കത്തോലിക്ക ദാര്‍ശനികയുമായ വിശുദ്ധ ഫൗസ്റ്റീനക്ക് ദൈവകരുണയുടേയും, ദൈവസ്‌നേഹത്തിന്റേയും രഹസ്യങ്ങള്‍ യേശു വെളിപ്പെടുത്തിക്കൊടുത്തതിന്റെ തൊണ്ണൂറാമത് വാര്‍ഷിക അനുസ്മരണം മാര്‍പാപ്പ നടത്തി. ഇന്നലെ ഫെബ്രുവരി 21 ഞായറാഴ്ചത്തെ മധ്യാഹ്ന ത്രികാലജപ പ്രാര്‍ത്ഥനക്ക് ശേഷം ഫ്രാന്‍സിസ് പാപ്പയാണ് ഇക്കാര്യം അനുസ്മരിച്ചത്. സുവിശേഷത്തിലെ സന്ദേശങ്ങളുടെ സ്ഥിരീകരണമാണ് വിശുദ്ധയിലൂടെ ഈശോ വെളിപ്പെടുത്തിയതെന്നു പാപ്പ പറഞ്ഞു.

"കര്‍ത്താവായ യേശു തൊണ്ണൂറു വര്‍ഷങ്ങള്‍ക്ക് മുന്‍പ് വിശുദ്ധ ഫൗസ്റ്റീന കൊവാള്‍സ്ക എന്ന കന്യാസ്ത്രീക്ക് തന്നെത്തന്നെ വെളിപ്പെടുത്തികൊടുക്കുകയും, ദൈവകരുണയുടെ പ്രത്യേക സന്ദേശം അവള്‍ക്ക് നല്‍കുകയും ചെയ്ത പോളണ്ടിലെ പ്ലോക്കിലെ ദേവാലയത്തിലേക്കാണ് എന്റെ ശ്രദ്ധ പോകുന്നത്. വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമനിലൂടെ ഈ സന്ദേശം ലോകമെങ്ങും പ്രചരിച്ചു. മരിച്ച് ഉയിര്‍ക്കപ്പെടുകയും, തന്റെ പിതാവിന്റെ കാരുണ്യം നമുക്ക് പ്രദാനം ചെയ്യുകയും ചെയ്ത യേശുവിന്റെ സുവിശേഷങ്ങള്‍ അല്ലാതെ മറ്റൊന്നുമല്ല ഈ സന്ദേശങ്ങള്‍". യേശുവേ നിന്നില്‍ ഞാന്‍ ശരണപ്പെടുന്നു എന്ന് പറഞ്ഞുകൊണ്ട് നമുക്ക് നമ്മുടെ ഹൃദയങ്ങളെ തുറക്കാം”. പാപ്പ പറഞ്ഞു.

1931 ഫെബ്രുവരി 22ന് പോളണ്ടിലെ പ്ലോക്കിലുള്ള കോണ്‍വെന്റിലെ മുറിയില്‍വെച്ചാണ് യേശു ക്രിസ്തു ദൈവ കരുണയുടെ ചിത്രം വിശുദ്ധ ഫൗസ്റ്റീനയ്ക്കു ദര്‍ശനത്തിലൂടെ വെളിപ്പെടുത്തിയത്. “വൈകുന്നേരം ഞാന്‍ എന്റെ മുറിയിലായിരിക്കുമ്പോള്‍ വെളുത്ത വസ്ത്രം ധരിച്ച കര്‍ത്താവായ യേശുവിനെ ഞാന്‍ കണ്ടു. അനുഗ്രഹം ചൊരിയുന്ന രീതിയില്‍ ഒരു കൈ ഉയര്‍ത്തിപ്പിടിച്ചിരിക്കുകയായിരുന്നു. മറ്റേ കരമാകട്ടെ നെഞ്ചിലെ വസ്ത്രത്തില്‍ സ്പര്‍ശിച്ചിരിക്കുന്ന നിലയിലും. ചുവപ്പും, ഇളം നിറത്തിലും ഉള്ള രണ്ട് പ്രകാശ കിരണങ്ങള്‍ അവിടെ നിന്നും ചൊരിയുന്നതായി ഞാന്‍ കണ്ടു. അല്പ്പം കഴിഞ്ഞപ്പോള്‍ 'യേശുവേ നിന്നില്‍ ഞാന്‍ ശരണപ്പെടുന്നു' എന്ന വാക്യത്തോട് കൂടിയ ഒരു ചിത്രം വരക്കുവാന്‍ യേശു എന്നോട് പറഞ്ഞു” (ഡയറി, 47) എന്നാണ് ഈ ദര്‍ശനത്തേക്കുറിച്ച് വിശുദ്ധ ഫൗസ്റ്റീനയുടെ ഡയറിയില്‍ പറയുന്നത്.

1934-ല്‍ വിശുദ്ധ ഫൗസ്റ്റീന നേരിട്ട് നല്‍കിയ വിവരണങ്ങളുടെ അടിസ്ഥാനത്തില്‍ യൂജിന്‍ കാസിമിറോവ്സ്കി എന്ന കലാകാരനാണ് ദൈവകരുണയുടെ ആദ്യ ചിത്രം വരച്ചതെങ്കിലും, ക്രാക്കോവിലെ ലാഗിവിനിക്കിലെ അഡോള്‍ഫ് ഹൈല എന്ന കലാകാരന്‍ വരച്ച ചിത്രമാണ് ലോകമെമ്പാടും പ്രസിദ്ധമായത്.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക   

More Archives >>

Page 1 of 50