Faith And Reason - 2024
മതബോധനത്തിന് കുടുംബവും വേദിയാകണം: ഫ്രാന്‍സിസ് പാപ്പയുടെ ഓര്‍മ്മപ്പെടുത്തല്‍
പ്രവാചക ശബ്ദം 15-02-2021 - Monday
വത്തിക്കാന്‍ സിറ്റി: കുടുംബ ചുറ്റുപാടുകളില്‍ മതബോധനത്തിന് അടിത്തറയേകേണ്ടതുണ്ടെന്ന് ഫ്രാന്‍സിസ് പാപ്പയുടെ ഓര്‍മ്മപ്പെടുത്തല്‍. ഇറ്റലിയിലെ മതാധ്യാപകരെ അഭിസംബോധന ചെയ്തുകൊണ്ട് ദേശീയ മെത്രാൻ സമിതിയുടെ ഓഫിസിലേയ്ക്ക് മാര്‍പാപ്പ അയച്ച സന്ദേശത്തിലാണ് ഇക്കാര്യം ഓര്‍മ്മിപ്പിച്ചിരിക്കുന്നത്. അനുദിന സംഭാഷണത്തിലൂടെയും സംസാര ഭാഷയിലൂടെയും വിശ്വാസം കൈമാറ്റം ചെയ്യപ്പെടണമെന്നു മാതാപിതാക്കളോടും മുത്തച്ഛീ മുത്തച്ഛന്‍മാരോടും പാപ്പ അഭ്യര്‍ത്ഥിച്ചു. മാതാപിതാക്കൾക്കും കാരണവന്മാർക്കും മാത്രം സാധ്യമാകുന്ന സാമീപ്യത്തിന്‍റെയും വാത്സല്യത്തിന്‍റെയും ആത്മബന്ധത്തിന്‍റെയും ഗാർഹിക ഭാഷയാണ് പാപ്പ 'സംസാര ഭാഷ' കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് വത്തിക്കാന്‍ മീഡിയ റിപ്പോര്‍ട്ട് ചെയ്യുന്നു.
മക്കബായരുടെ പുസ്തകത്തിൽ രേഖപ്പെടുത്തിയിട്ടുള്ള ഏഴു സഹോദരങ്ങളുടെ പീഡന സമയത്ത് അവരുടെ അമ്മ ചാരത്തുനിന്നുകൊണ്ട് സഹിക്കുന്ന ചെറുപ്പക്കാരോട് അവരുടെ സംസാര ഭാഷയിൽ സാന്ത്വനവചസ്സുകൾ ഓതിക്കൊണ്ടിരുന്നതായി ഗ്രന്ഥത്തിൽ വായിക്കുന്നു. അമ്മ പീഡനങ്ങൾക്കു മദ്ധ്യേ മക്കൾക്ക് സാന്ത്വനമാകുന്നത് അവരുടെ പിതാക്കളുടെ ഭാഷയിൽ രണ്ടു മൂന്നു പ്രാവശ്യം ഏഴു മക്കളോടും സംസാരിച്ചുകൊണ്ടാണ്. വിശ്വാസം ഗാർഹിക പശ്ചാത്തലത്തിൽ നമ്മുടെ സാധാരണ ഭാഷയിൽ പങ്കുവയ്ക്കപ്പെടേണ്ടതാണ്. ഗാർഹിക ഭാഷ ഹൃദയത്തിന്‍റെ ഭാഷയാണ്. ഇത് കുടുംബങ്ങളിൽ ഓരോരുത്തരും ഏറ്റവും അടുത്തറിയുന്നതും, ആശയങ്ങൾ പങ്കുവയ്ക്കുന്നതും, ഒപ്പം പരസ്പരം വളരെ നന്നായി മനസ്സിലാക്കുന്നതിന് സഹായകമാകുന്നതുമാണ്. അതിനാൽ വിശ്വാസം പാഠ്യപദ്ധതിയിലൂടെ അല്ലാതെ ഏറ്റവും മനോഹരമായി പങ്കുവയ്ക്കപ്പെടാവുന്നത് കുടുംബ ചുറ്റുപാടുകളിലും അതിന്‍റെ സംസാരഭാഷയിലൂടെയുമാണെന്നും പാപ്പ ചൂണ്ടിക്കാട്ടി.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക