Seasonal Reflections - 2024

യൗസേപ്പിതാവിന്റെ അന്ത്യവചസ്സുകൾ

ഫാ. ജയ്സൺ കുന്നേൽ എംസിബിഎസ്/പ്രവാചക ശബ്ദം 08-03-2021 - Monday

സഭാപാരമ്പര്യമനുസരിച്ച് ഈശോയുടെയും പരിശുദ്ധ കന്യകാമറിയത്തിൻ്റെയും സാമിപ്യത്തിലാണല്ലോ യൗസേപ്പിതാവ് മരണമടഞ്ഞത്. അപ്പോൾ യൗസേപ്പിതാവ് അവരോട് അവസാനമായി എന്തായിരിക്കാം പറഞ്ഞിരിക്കുക, ഏവർക്കും ആകാംഷയുള്ള കാര്യമാണല്ലോ. ഫ്രാൻസിസ്കൻ സന്യാസിനിയും മിസ്റ്റിക്കുമായിരുന്നു ധന്യയായ സി. മേരി അഗേർദായുടെ ( Venerable Mary of Agreda 1602- 1665) Mystical City of God എന്ന ഗ്രന്ഥത്തിലെ മൂന്നാം വാല്യത്തിൽ

യൗസേപ്പിതാവിൻ്റെ അന്ത്യനിമിഷങ്ങളെപ്പറ്റി വിവരിക്കുന്നുണ്ട്.

തൻ്റെ ജീവിത പങ്കാളിയായ പരിശുദ്ധ മറിയത്തോടുള്ള യൗസേപ്പിൻ്റെ വാക്കുകൾ ഇപ്രകാരമായിരുന്നു: “നീ സ്ത്രീകളിൽ അനുഗ്രഹീതയാണ്. മാലാഖമാരും മനുഷ്യരും നിന്നെ പ്രകീർത്തിക്കട്ടെ, എല്ലാ തലമുറകളും നിൻ്റെ മഹത്വത്തെ പ്രകീർത്തിക്കുകയും സ്തുതിക്കുകയും ചെയ്യട്ടെ. അവൻ്റെ കണ്ണുകളിലും മറ്റെല്ലാ വിശുദ്ധ ആത്മാക്കളുടെ മുമ്പിലും നിന്നെ സൃഷ്ടിച്ച അത്യുന്നതനായ ദൈവം നിത്യമായി സ്തുതിക്കപ്പെടട്ടെ. സ്വർഗ്ഗ ഭവനത്തിൽ നിൻ്റെ ദർശനം കണ്ടു ആനന്ദിക്കാമെന്നു ഞാൻ പ്രത്യാശിക്കുന്നു.”

തുടർന്ന് യൗസേപ്പിതാവ് തൻ്റെ പ്രിയ പുത്രനായ ഈശോയോടു നടത്തുന്ന അന്ത്യ സംഭാഷണവും മേരി അഗേർദാ രേഖപ്പെടുത്തിയിരിക്കുന്നു. "പിന്നീടു ആ ദൈവ മനുഷ്യൻ ആദരപൂർവ്വം തൻ്റെ പുത്രനായ ഈശോയിലേക്കു തിരിഞ്ഞു. അവൻ്റെ മുമ്പിൽ മുട്ടുകുത്താൻ തുനിഞ്ഞു. പക്ഷേ മാധുര്യവാനായ ഈശോ അടുത്തുവന്നു അവനെ കരങ്ങളിൽ സ്വീകരിച്ചു. ഈശോയുടെ കരങ്ങളിൽ തല ചായ്ച്ചുകൊണ്ട് യൗസേപ്പിതാവ് ഇപ്രകാരം പറഞ്ഞു: " എൻ്റെ അത്യുന്നതനായ നാഥനും ദൈവവുമേ, നിത്യ പിതാവിൻ്റെ പുത്രനെ, നിൻ്റെ ശുശ്രൂഷകന് അനുഗ്രഹം നൽകിയാലും. നിന്നെ ശുശ്രൂഷിക്കുന്നതിലും ഇടപെടുന്നതിലും എനിക്കു സംഭവിച്ച തെറ്റുകൾ ക്ഷമിച്ചാലും. നിൻ്റെ പരിശുദ്ധ അമ്മയുടെ പങ്കാളിയാകാൻ നീ എന്നെ തിരഞ്ഞെടുത്തതിനു ഹൃദയപൂർവ്വം നന്ദി പറയുകയും നിന്നെ സ്തുതിക്കുകയും ചെയ്യുന്നു. നിൻ്റെ മഹത്വവും പ്രതാപവും എന്നെന്നേക്കുമായി എൻ്റെ സ്തോത്രമായിരിക്കട്ടെ."

ഇതിനു മറുപടിയായി ഈശോ " എൻ്റെ പിതാവേ, എൻ്റെ നിത്യനായ പിതാവിൻ്റെയും എൻ്റെയും കൃപയിൽ സമാധാനമായി വിശ്രമിക്കുക." എന്ന പ്രാർത്ഥനയോടെ യൗസേപ്പിതാവിനെ അനുഗ്രഹിക്കുന്നു. ഈശോയുടെയും പരിശുദ്ധ കന്യകാമറിയത്തിൻ്റെയും സാമിപ്യത്തിൽ മരിച്ച യൗസേപ്പിതാവിനോടു നമ്മുടെ മരണവും ദൈവ വിചാരത്തോടെയാകൻ മാദ്ധ്യസ്ഥം തേടാം.

More Archives >>

Page 1 of 10