Social Media - 2024
നോമ്പുകാലം ഇരുപതാം നൂറ്റാണ്ടിലെ വിശുദ്ധരൊപ്പം - വിശുദ്ധ അൽഫോൻസോ മരിയ ഫു സ്കോ
ഫാ. ജയ്സൺ കുന്നേൽ എംസിബിഎസ്/ പ്രവാചകശബ്ദം 22-03-2021 - Monday
"എൻ്റെ നിഴലിനു പോലും നന്മ ചെയ്യാൻ കഴിഞ്ഞിരുന്നെങ്കിൽ എന്നു ഞാൻ ആഗ്രഹിക്കുന്നു" - വിശുദ്ധ അൽഫോൻസോ മരിയ ഫു സ്കോ (1839-1910).
സിസ്റ്റേഴ്സ് ഓഫ് സെൻറ് ജോൺ ദി ബാപ്റ്റിസ്റ്റ് എന്ന സന്യാസസഭയുടെ സ്ഥാപകനായ അൽഫോൻസോ മരിയ ഫുസ്കോ അഞ്ചുമക്കളുള്ള കുടുബത്തിൽ മൂത്ത പുത്രനായി ഇറ്റലിയിലെ സാൽനേർണോ പ്രവശ്യയിലെ ആൻഗ്രിയിൽ 1839 ൽ ജനിച്ചു. വിശുദ്ധ അൽഫോൻസ് ലിഗോരിയോടു പ്രാർത്ഥിച്ചതിൻ്റെ മദ്ധ്യസ്ഥം വഴിയാണ് അൽഫോൻസോ ജനിച്ചതെന്നു മാതാപിതാക്കൾ വിശ്വസിച്ചിരുന്നതിനാലാണ് ശിശുവിനു അൽഫോൻസോ എന്ന പേരു നൽകിയത്.
പതിനൊന്നു വയസ്സുള്ളപ്പോൾ വൈദീകനാകണമെന്ന ആഗ്രഹം ആദ്യമായി തുറന്നു പറഞ്ഞു .1863 മെയ് മാസം ഇരുപത്തി ഒമ്പതാം തീയതി പന്തക്കുസ്താ തിരുനാൾ ദിനത്തിൽ അൽഫോൻസോ പുരോഹിതനായി അഭിഷിക്തനായി.
തെറ്റായ ആരോപണങ്ങളെ തുടർന്ന് ഒരിക്കൽ താൻ സ്ഥാപിച്ച സന്യാസസഭയുടെ റോമിലുള്ള ഭവനത്തിൽ പ്രവേശിക്കുന്നതിൽ നിന്നു സ്വന്തം സഹോദരിമാർ അദ്ദേഹത്തെ വിലക്കി. ഈ കടുത്ത പരീക്ഷണങ്ങളെ അദ്ദേഹം അതിജീവിച്ചത് ശക്തമായ പ്രാർത്ഥനയിലാണ്.
1910 ഫെബ്രുവരി ആറാം തീയതി അൽഫോൻസോ സ്വർഗ്ഗത്തിലേക്കു യാത്രയായി. മരണസമയത്തു സമീപത്തുണ്ടായിരുന്ന സഹോദരിമാരോട് " സ്വർഗ്ഗത്തിൽ ഞാൻ നിങ്ങളെ മറക്കുകയില്ല, ഞാൻ എന്നും നിങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കും." പ്രാർത്ഥനയുടെ ആ മനുഷ്യൻ അവസാനമായി പറഞ്ഞു. 2016 ഒക്ടോബർ പതിനാറാം തീയതി ഫ്രാൻസീസ് പാപ്പ അൽഫോൻസോ മരിയ ഫുസ്കോയെ വിശുദ്ധനായി പ്രഖ്യാപിച്ചു.
✝️ വിശുദ്ധ അൽഫോൻസോ മരിയ ഫുസ്കോയോടൊപ്പം പ്രാർത്ഥിക്കാം.
വിശുദ്ധ അൽഫോൻസോയേ, നന്മ ചെയ്യുവാനും പറയുവാനുമുള്ള എൻ്റെ പരിശ്രമങ്ങൾ പലപ്പോഴും തെറ്റി ധരിക്കപ്പെടാറുണ്ട്. മനപൂർവ്വമോ അല്ലാതയോ എന്നെ തെറ്റി ധരിക്കുന്നവരോട് സ്നേഹത്തോടെ പെരുമാറാൻ എനിക്കു വേണ്ടി പ്രാർത്ഥിക്കണമേ. ആമ്മേൻ.