Seasonal Reflections - 2024

ജോസഫ് - പിതാക്കന്മാരുടെ വെളിച്ചം

ഫാ. ജയ്സൺ കുന്നേൽ എം‌സി‌ബി‌എസ്/ പ്രവാചകശബ്ദം 23-03-2021 - Tuesday

യൗസേപ്പിതാവിൻ്റെ ലുത്തിനിയായിലെ രണ്ടാമത്തെ അഭിസംബോധന പിതാക്കന്മാരുടെ വെളിച്ചമേ (lumen patriarcharum) എന്നാണ്. ഈ അഭിസംബോധന അബ്രാഹം, ഇസഹാക്ക്, യാക്കോബ് എന്നി പൂർവ്വപിതാക്കന്മാരെക്കുറിച്ചുള്ള ചിന്തയിലേക്കു നമ്മെ കൂട്ടികൊണ്ടു പോകുന്നു. നസറായക്കാരനായ യൗസേപ്പ് ഈ പരമ്പരയിലെ ഒരു കണ്ണിയായി മനുഷ്യവതാരമെടുത്ത ദൈവപുത്രൻ്റെ ഉത്തരവാദിത്വബോധമുള്ള പിതാവായി മാറുന്നു. പഴയ നിയമത്തിലെ പൂർവ്വ യൗസേപ്പും പുതിയ നിയമത്തിലെ യൗസേപ്പിൻ്റെ മുൻഗാമിയാണ്. പൂർവ്വ യൗസേപ്പിനെപ്പോലെ ദൈവീക പദ്ധതിയിൽ അടിയുറച്ചു വിശ്വസിച്ചിരുന്ന യൗസേപ്പിതാവ് ഒരിക്കലും ദൈവം തന്നെ അനാഥമാക്കുകയില്ല എന്ന ബോധ്യം എന്നും ഹൃദയത്തിൽ സൂക്ഷിച്ചിരുന്നു.

ലോകത്തിൻ്റെ പ്രകാശമായ ഈശോയെ ആദ്യമായി ശുശ്രൂഷിക്കാൻ അവസരം ലഭിച്ച യൗസേപ്പിതാവിനു ഏറ്റവും ഉത്തമമായ ശീർഷകമാണ് പിതാക്കന്മാരുടെ വെളിച്ചം എന്നത് . മറ്റു പൂർവ്വ പിതാക്കന്മാർക്കു ലഭിക്കാത്ത അസുലഭ ഭാഗ്യമാണ് നസറത്തിലെ ഈ എളിയ മനുഷ്യനു കൈവന്നത്.

തിരുസഭയുടെ കാവൽക്കാരനെന്ന നിലയിൽ വിശുദ്ധ യൗസേപ്പിതാവിനു ലഭിച്ചിരിക്കുന്ന " പിതാക്കന്മാരുടെ വെളിച്ചമേ " എന്ന ബഹുമതി സഭയെ നയിക്കാൻ നിയോഗിക്കപ്പെട്ടവരിക്കുന്നവരുടെ കടമയിലേക്കും വിരൽ ചൂണ്ടുന്നു. സഭയിലെ ഇന്നത്തെ പിതാക്കന്മാർക്കും നേതൃത്വ പദവി വഹിക്കുന്നവർക്കും വെളിച്ചം പകർന്നു നൽകുന്ന യൗസേപ്പിൻ്റെ സ്വഭാവസവിശേഷതകൾ സ്വന്തമാക്കാനും അതനുസരിച്ചു ജീവിക്കാനുള്ള കടമയും ഉത്തരവാദിത്വവുമുണ്ട്.

More Archives >>

Page 1 of 11