Social Media - 2024
നോമ്പുകാലം ഇരുപതാം നൂറ്റാണ്ടിലെ വിശുദ്ധരൊപ്പം - വിശുദ്ധ റിക്കാർദോ പാംപുരി
ഫാ. ജയ്സൺ കുന്നേൽ എംസിബിഎസ്/പ്രവാചക ശബ്ദം 31-03-2021 - Wednesday
"സ്വന്തം താൽപര്യമോ അഹങ്കാരമോ മറ്റെതെങ്കിലും ദുഷിച്ച ലാക്കോ, എൻ്റെ രോഗികളിൽ സഹിക്കുന്ന ഈശോയെ കാണുന്നതിൽനിന്നു അവരെ ശുശ്രൂഷിക്കുന്നതിൽ നിന്നും എന്നെ പിൻതിരിപ്പിക്കാതിരിക്കാൻ എനിക്കു വേണ്ടി പ്രാർത്ഥിക്കുവിൻ "
വിശുദ്ധ റിക്കാർദോ പാംപുരി ( 1897-1930)
ഇന്നസെൻസോ അങ്കേല പാംപുരി ദമ്പതികളുടെ പതിനൊന്നു മക്കളിൽ പത്താമനായി 1897 ൽ ഇറ്റലിയിലെ ട്രിവോൾസ്സിയോയിൽ എർമീനിയോ ജനിച്ചു. മൂന്നു വയസ്സസായപ്പോൾ അമ്മ ക്ഷയ രോഗം ബാധിച്ചു മരിച്ചു. പിന്നീട് അമ്മയുടെ മാതാപിതാക്കളും സഹോദരിയും ചേർന്നാണ് എർമീനിയോയെ വളർത്തിയത്. പത്തു വയസ്സുള്ളപ്പോൾ പിതാവ് ഒരു റോഡപകടത്തിൽ മരണമടഞ്ഞു.
ഒരു മിഷനറി വൈദീകനായി തീരാനായിരുന്നു എർമീനിയോയുടെ ആഗ്രഹമെങ്കിലും അവൻ്റെ ഏറ്റവും വലിയ പ്രചോദനം ഒരു ഗ്രാമത്തിൽ ഡോക്ടറായി ജോലി ചെയ്തിരുന്ന അവൻ്റെ അങ്കിളായിരുന്നു. ആരോഗ്യ പ്രശ്നങ്ങൾ മൂലം സാഹസികത നിറഞ്ഞ മിഷനറി പ്രവർത്തനത്തിനു ശരീരം വഴങ്ങാത്തതിനാൽ ഇറ്റലിയിലെ പവിയാ സർവ്വകലാശാലയിൽ മെഡിസിൻ പഠനത്തിനു ചേർന്നു. ഫ്രാൻസിസ്കൻ മൂന്നാം സഭ, വിൻസൻ്റ് ഡീ പോൾ തുടങ്ങിയ സംഘടനകളിൽ അംഗമായിരുന്ന എർമീനിയോ പഠന തിരക്കുകൾക്കിടയിലും അനുദിനം ദിവ്യബലിയിൽ സംബന്ധിച്ചിരുന്നു.
1917 ൽ ഒന്നാം ലോകമഹായുദ്ധത്തിൽ ഇറ്റാലിയൻ സൈന്യത്തിൻ്റെ കൂടെ ജോലി ചെയ്ത എർമീനോ 1921ൽ ഉയർന്ന റാങ്കോടെ മെഡിസൻ പഠനം പൂർത്തിയാക്കി .മിലാനടുത്തുള്ള മോറിമോണ്ട എന്ന സ്ഥലത്തെ മെഡിക്കൽ ഓഫീസറായി എർമീനിയോ നിയമിതനായി. പാവങ്ങളെ സൗജന്യമായി ചികത്സിച്ച അദ്ദേഹം ജീവകാരുണ്യ പ്രവർത്തനങ്ങളിലും സജീവമായിരുന്നു. പാവപ്പെട്ട രോഗികൾക്കു ചികത്സാ സഹായം നൽകുവാനായി പരിരിക്കാനായി Band of Pius X എന്ന സന്നദ്ധ സംഘടനയ്ക്കു രൂപം നൽകി.
സന്യാസജീവിതത്തോടുള്ള പ്രതിപത്തി എർമീനിയോയേ Hospitaller Order of Saint John of God എന്ന സഭയിൽ എത്തിച്ചു. 1928 ഒക്ടോബർ ഇരുപത്തിനാലാം തീയതി റിക്കാർദോ എന്ന പേരു സ്വീകരിച്ചു വ്രതവാഗ്ദാനം നടത്തി. 1930 മെയ് മാസം ഒന്നാം തീയതി മുപ്പത്തിരണ്ടാമത്തെ വയസ്സിൽ ക്ഷയരോഗം ബാധിച്ചു റിക്കാർദോ നിര്യാതനായി. 1989 നവംബർ ഒന്നാം തീയതി ജോൺ പോൾ രണ്ടാമൻ പാപ്പ റിക്കാർദോയെ വിശുദ്ധ പദവിയിലേക്ക് ഉയർത്തി.
വിശുദ്ധ റിക്കാർദോ പാംപുരിയോടൊപ്പം പ്രാർത്ഥിക്കാം
വിശുദ്ധ റിക്കാർദോയേ, നിന്നെ സമീപിച്ച രോഗികളിൽ സഹിക്കുന്ന ഈശോയെ കാണുവാനും അവരെ ശുശ്രൂഷിക്കുവാനും നിനക്കു സാധിച്ചുവല്ലോ. വിശുദ്ധ വാരത്തിലെ ഇന്നേ ദിനം കഷ്ടതയനുഭവിക്കുന്ന സഹോദരി/സഹോദരന്മാരിൽ ഈശോയെ ദർശിച്ചുകൊണ്ട് കഴിവുള്ള വിധത്തിലെല്ലാം അവരെ സഹായിക്കാൻ എനിക്കു വേണ്ടി ഈശോയോടു പ്രാർത്ഥിക്കണമേ. ആമ്മേൻ