Faith And Reason - 2024

തിരുശേഷിപ്പ് ദേവാലയത്തില്‍ തിരികെയെത്തിച്ച് മോഷ്ടാവിന്റെ ക്ഷമാപണം

പ്രവാചകശബ്ദം 19-06-2021 - Saturday

ക്രാക്കോവ് (പോളണ്ട്): വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമനില്‍ ഏറെ സ്വാധീനം ചെലുത്തിയ പത്തൊന്‍പതാം നൂറ്റാണ്ടിലെ പോളിഷ് വിശുദ്ധന്‍ ബ്രദര്‍ ആല്‍ബര്‍ട്ട് എന്നറിയപ്പെടുന്ന വിശുദ്ധ ആല്‍ബെര്‍ട്ട് ച്മിയലോവ്സ്കിയുടെ മോഷ്ടിക്കപ്പെട്ട തിരുശേഷിപ്പ് ദേവാലയ നേതൃത്വത്തിന് തിരികെ ലഭിച്ചു. ഇന്നലെ ജൂണ്‍ 18ന് മോഷ്ടാവ് തന്നെയാണ് ഈ അമൂല്യ തിരുശേഷിപ്പുകള്‍ ഭദ്രമായി തിരികെ എത്തിച്ചതെന്നു ക്രാക്കോവിലെ പോഡ്ഗോര്‍സിലെ സെന്റ്‌ ജോസഫ് ഇടവക ദേവാലയം സമൂഹ മാധ്യമങ്ങളിലൂടെ അറിയിക്കുകയായിരിന്നു. ‘ഇന്നു രാവിലെ 7 മണിക്ക് വിശുദ്ധ ബ്രദര്‍ ആല്‍ബര്‍ട്ടിന്റെ തിരുശേഷിപ്പുകള്‍ അതിരുന്ന സ്ഥലത്ത് തിരികെ എത്തി. മോഷ്ടാവ് നേരിട്ട് തിരുശേഷിപ്പുകള്‍ തിരികെ എത്തിക്കുകയും, ക്ഷമാപണം നടത്തുകയും ചെയ്തിട്ടുണ്ടെന്നാണ് പോസ്റ്റ്. തിരുശേഷിപ്പുകള്‍ തിരികെ ലഭിച്ചതില്‍ ദൈവത്തിനു നന്ദി പറഞ്ഞുകൊണ്ട് ദേവാലയത്തിന്റെ പോസ്റ്റ് അവസാനിക്കുന്നത്.

ജൂണ്‍ 11നാണ് തിരുശേഷിപ്പ് മോഷ്ടിക്കപ്പെട്ട വിവരം ഇടവക പുറത്തുവിട്ടത്. മോഷ്ടാവിന്റെ മാനസാന്തരത്തിനായി പ്രാര്‍ത്ഥിക്കണമെന്നു ഇടവകനേതൃത്വം വിശ്വാസി സമൂഹത്തോട് ആഹ്വാനം ചെയ്തിരിന്നു. ബ്രാറ്റ് ആല്‍ബര്‍ട്ട് (ബ്രദര്‍ ആല്‍ബര്‍ട്ട്) എന്ന പേരില്‍ അറിയപ്പെട്ടിരുന്ന ച്മിയലോവ്സ്കി 1845-ല്‍ പോളണ്ടിലെ ഒരു സമ്പന്ന കുടുംബത്തിലാണ് ജനിച്ചത്. പതിനെട്ടാമത്തെ വയസ്സില്‍ റഷ്യന്‍ സൈന്യത്തിനെതിരെയുള്ള കലാപത്തില്‍ പങ്കെടുക്കുന്നതിനിടയില്‍ മുറിവേറ്റ അദ്ദേഹത്തിന്റെ കാല്‍ മുറിച്ച് നീക്കുകയായിരുന്നു. കലയില്‍ തല്‍പ്പരനായിരുന്ന ച്മിയലോവ്സ്കി ക്രാക്കോവിലെ അറിയപ്പെടുന്ന പെയിന്റര്‍ കൂടിയായിരുന്നു. എന്നാല്‍ പാവപ്പെട്ടവരെ സഹായിക്കണമെന്ന ഉള്‍വിളി ലഭിച്ച ച്മിയലോവ്സ്കി കലയുടെ ലോകം ഉപേക്ഷിച്ച് ആല്‍ബര്‍ട്ട് എന്ന പേര് സ്വീകരിച്ച് ഫ്രാന്‍സിസ്കന്‍ സന്യാസിയായി.

1887-ലാണ് അദ്ദേഹം ‘വിശുദ്ധ ഫ്രാന്‍സിസിന്റെ ബ്രദേഴ്സ് ഓഫ് ദി തേര്‍ഡ് ഓര്‍ഡര്‍’ (ആല്‍ബര്‍ട്ടൈന്‍ ബ്രദേഴ്സ്) സഭ സ്ഥാപിക്കുന്നത്. 1891-ല്‍ ‘ആല്‍ബര്‍ട്ടൈന്‍ സിസ്റ്റേഴ്സ്’ സ്ഥാപിക്കുകയും ചെയ്തു. ഇരു സഭാവിഭാഗങ്ങളുടേയും പ്രധാന സേവന മേഖല പാവപ്പെട്ടവരും, ഭവനരഹിതരുമായിരുന്നു. 1916 ക്രിസ്തുമസ് ദിനത്തില്‍ ബ്രദര്‍ ആല്‍ബര്‍ട്ട് നിത്യസമ്മാനത്തിന് വിളിക്കപ്പെട്ടു. വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ ആകുന്നതിന് മുന്‍പ് 1949-ല്‍ ബ്രദര്‍ ആല്‍ബര്‍ട്ടിനെക്കുറിച്ച് “നമ്മുടെ ദൈവത്തിന്റെ സോദരന്‍” എന്ന ഒരു നാടകം രചിച്ചിരിന്നു. ദൈവസേവനത്തിനായി കലാലോകം വിടുവാനുള്ള ബ്രദര്‍ ആല്‍ബര്‍ട്ടിന്റെ തീരുമാനം പുരോഹിതനാവാനുള്ള തന്റെ തീരുമാനത്തില്‍ കാര്യമായ സ്വാധീനം ചെലുത്തിയിട്ടുണ്ടെന്നാണ് വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ പറഞ്ഞിട്ടുള്ളത്. 1983-ല്‍ ബ്രദര്‍ ആല്‍ബര്‍ട്ടിനെ വാഴ്ത്തപ്പെട്ടവനായും, 1989-നവംബര്‍ 12-ന് വിശുദ്ധ പദവിയിലേക്കുയര്‍ത്തിയതും വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ തന്നെയാണ്.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 55