Social Media

ഡൽഹി ലിറ്റിൽ ഫ്‌ളവർ ദേവാലയം തകര്‍ത്ത നടപടി: സോഷ്യല്‍ മീഡിയയിലെ ന്യായീകരണ പ്രചരണങ്ങളും യാഥാര്‍ത്ഥ്യവും

വിജിലന്‍റ് കാത്തലിക് 13-07-2021 - Tuesday

ഡൽഹി നഗര പരിധിയിലെ ലാഡോസറായി അന്ധേരിയ മോഡിലുള്ള സിറോമലബാർ ദേവാലയം ബ്ലോക്ക് ഡവലപ്പ്മെന്റ് ഓഫീസറുടെ നിർദ്ദേശപ്രകാരം തകർത്തതായുള്ള വാർത്ത ജൂലായ് 12 തിങ്കളാഴ്ച സാമൂഹ്യ മാധ്യമങ്ങളിലൂടെയാണ് പൊതുസമൂഹം അറിഞ്ഞത്. നടുക്കമുളവാക്കുന്ന വാർത്തകൾക്കും ദൃശ്യങ്ങൾക്കും പിന്നാലെ പലവിധ വിശദീകരണങ്ങളുമെത്തി. കയ്യേറ്റ സ്ഥലം ഒഴിപ്പിച്ചു എന്ന രീതിയിലാണ് പ്രധാനമായും വിശദീകരണങ്ങൾ പ്രത്യക്ഷപ്പെട്ടത്. എന്നാൽ, ഒരു വ്യാഴവട്ട കാലമായി നിയമാനുസൃതമായിത്തന്നെ ഉപയോഗിച്ചുകൊണ്ടിരുന്ന സ്ഥലമാണ് അത് എന്ന വാസ്തവം മനസിലാക്കി ഈ വിഷയത്തെ സമീപിച്ചാൽ ആരോപണങ്ങൾക്ക് ഒരു മറുവശം കൂടിയുണ്ടെന്ന് വ്യക്തമാകും.

ഡൽഹിയിൽ വിവിധ സേവനമേഖലകളിൽ പ്രവർത്തന നിരതരായിരിക്കുന്ന വലിയൊരുവിഭാഗം മലയാളികളായ കത്തോലിക്കർ അംഗങ്ങളായ ഇടവകയാണ് ലാഡോസറായി ലിറ്റിൽഫ്ളവർ ഇടവക. ഈ കോവിഡ് കാലത്ത് ആരോഗ്യരംഗത്ത് സ്തുത്യർഹമായി സേവനം ചെയ്തുകൊണ്ടിരിക്കുന്ന നഴ്‌സുമാരാണ് അവരിൽ നല്ലൊരു വിഭാഗം. നിർണ്ണായകമായ പ്രവർത്തനമേഖലകളിലായിരുന്ന് രാജ്യസേവനം നടത്തിവരുന്ന ഒരു വിഭാഗത്തെയാണ് ശത്രുതാപരമായ നീക്കത്തിലൂടെ ഭരണകൂടം മുറിവേൽപ്പിച്ചിരിക്കുന്നത് എന്നുള്ളത് നിസാരമായ കാര്യമല്ല.

ഈ സംഭവത്തെ തുടർന്ന് നടന്ന ചർച്ചകൾക്കിടയിൽ, അമ്മയെ തല്ലിയാലും രണ്ടുണ്ട് പക്ഷം എന്ന ചൊല്ലിനെ അന്വർത്ഥമാക്കുന്ന രീതിയിൽ ക്രൈസ്തവരുടെ വിവിധ വാദഗതികളും കാണപ്പെട്ടു. ഉടമസ്ഥാവകാശമില്ലാത്ത സ്ഥലം കൈവശം വച്ച് ദേവാലയത്തിനായി ഉപയോഗിച്ചു എന്ന ആരോപണമാണ് മുഖ്യമായും രൂപതയ്ക്കും ഇടവകയ്ക്കും എതിരെ ഉയർന്നത്. സംഭവുമായി ബന്ധപ്പെട്ട് ഫരീദാബാദ് രൂപത ഇറക്കിയ വിശദീകരണക്കുറിപ്പും, മെത്രാനും വിമർശിക്കപ്പെട്ടു കണ്ടു. വാസ്തവങ്ങൾ വ്യക്തമായി മനസിലാക്കാതെയാണ് പലരും ഈ വിഷയത്തിൽ അഭിപ്രായപ്രകടനങ്ങൾ നടത്തിയതെന്ന് വ്യക്തം.

ഈ വിഷയത്തിൽ ഉയരുന്ന ചോദ്യങ്ങൾക്കും ആശയക്കുഴപ്പങ്ങൾക്കും വ്യക്തത നൽകാൻ ശ്രമിക്കുകയാണ് ഇവിടെ.

1. ദേവാലയം സ്ഥിതിചെയ്യുന്ന സ്ഥലത്തിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച ആരോപണങ്ങളുടെ വാസ്തവമെന്ത്?

ഡൽഹിയിലെ സിറോ മലബാർ ഇടവകകളിൽ പ്രമുഖ സ്ഥാനമുള്ള ഒന്നാണ് ലാഡോസറായി ലിറ്റിൽ ഫ്‌ളവർ ഇടവക. നാനൂറില്പരം മലയാളി കുടുംബങ്ങൾ അവിടെയുണ്ട്. പ്രശസ്തമായ കുത്തബ് മിനാറിന്റെ സമീപമാണ് ഈ പ്രദേശം. ഭൂമി പതിറ്റാണ്ടുകളായി കൈവശം വച്ചുപോരുകയും കൈവശാവകാശത്തിന്റേതായ പരിഗണനകൾ പൊതുവെ എല്ലാവർക്കും ലഭിക്കുകയും ചെയ്യുന്ന ഒരു പ്രദേശമാണിത്. അതായത്, ലാഡോസറായിയിലെ ഒട്ടേറെ കെട്ടിടങ്ങൾ, വീടുകൾ, സ്ഥാപനങ്ങൾ തുടങ്ങിയവയ്‌ക്കൊന്നും പൂർണ്ണമായ ഉടമസ്ഥാവകാശമില്ല.

എന്നുവച്ച് കൈവശാവകാശം ഇല്ലാതെ വരുന്നുമില്ല. ഡൽഹി നഗരപരിധിയിലെ മിക്കവാറും പ്രദേശങ്ങളും ഇങ്ങനെയാണ്. അത്തരം പ്രദേശങ്ങളിൽ ക്രൈസ്തവ ദേവാലയങ്ങൾ മാത്രമല്ല, ധാരാളം മോസ്‌കുകളും അമ്പലങ്ങളും മറ്റ് സ്ഥാപനങ്ങളും സ്ഥിതിചെയ്യുന്നുണ്ട്. ലാഡോസറായിയിൽ സ്ഥിതിചെയ്തിരുന്ന സിറോമലബാർ ദേവാലയം പോലെതന്നെ അതേ രീതിയിൽ ആ പരിസരങ്ങളിൽ നിലനിൽക്കുന്ന മറ്റ് മതസ്ഥരുടെയും അകത്തോലിക്കാരുടേതുമായ ആരാധനാലയങ്ങൾ പലതുണ്ട്. ലിറ്റിൽഫ്ളവർ ദേവാലയത്തോട് ചേർന്നുതന്നെ ഒരു മോസ്‌കും ഒരു പ്രൊട്ടസ്റ്റന്റ് ആരാധനാലയവുമുണ്ട്. ഇവിടെ സ്ഥലം കൈവശം വച്ച് ഉപയോഗിക്കുന്ന കാര്യത്തിൽ ലിറ്റിൽ ഫ്‌ളവർ ഇടവകയുടെ അവകാശം മാത്രം ചോദ്യം ചെയ്യപ്പെടുന്നത് ദുരൂഹമാണ്.

ചില വർഷങ്ങൾക്ക് മുമ്പ് ഇതേ ആരോപണങ്ങൾ ലിറ്റിൽ ഫ്‌ളവർ ഇടവക നേതൃത്വത്തിനെതിരെ ഉയർന്നതിനെ തുടർന്ന് കേസ് കോടതിയിൽ എത്തിയപ്പോൾ, മറ്റാർക്കും ബാധകമല്ലാത്ത നിയമം കത്തോലിക്കാ ദേവാലയത്തിനുമേൽ മാത്രം അടിച്ചേൽപ്പിക്കാൻ പാടില്ല എന്ന നിർദ്ദേശം കോടതിയിൽനിന്ന് ഉണ്ടായിട്ടുള്ളതാണ്. മാത്രമല്ല, ഈ വിഷയത്തിൽ മനുഷ്യാവകാശ കമ്മീഷനും ഇടപെടുകയും അവിടെ ആരാധന നടത്താനുള്ള അവകാശത്തെ ചോദ്യംചെയ്യാൻ പാടില്ല എന്ന നിർദ്ദേശം നൽകുകയും ചെയ്തിട്ടുണ്ട്. അതിനാൽ, ഉടമസ്ഥാവകാശം സംബന്ധിച്ച ആരോപണങ്ങൾ അടിസ്ഥാന രഹിതമാണ്. മറ്റെല്ലാവർക്കും നിരുപാധികം ഉപയോഗിക്കാൻ അനുമതിയുണ്ടായിരിക്കെ, ഒരു കത്തോലിക്കാ ദേവാലയത്തിന് മാത്രം അനുമതി നിഷേധിക്കപ്പെടുന്നത് എന്തുകൊണ്ട് എന്നതാണ് ഇവിടെ ചർച്ച ചെയ്യപ്പെടേണ്ടത്.

2. സ്ഥലത്തിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച കേസുകളിൽ കോടതിയുടെ നിലപാട് എന്തായിരുന്നു? ‍

ലാഡോസറായി ലിറ്റിൽ ഫ്‌ളവർ ഇടവകയുടെ സ്ഥലം ഉടമസ്ഥതയുമായി ബന്ധപ്പെട്ട് കോടതിയുടെ പരിഗണനയിൽ നിലവിൽ കേസുകളില്ല. മറ്റെല്ലാവർക്കും തങ്ങളുടെ ആവശ്യങ്ങൾക്ക് ഈ ഭാഗത്തുള്ള സമാനസ്വഭാവമുള്ള ഭൂമി ഉപയോഗിക്കാൻ കഴിയുന്ന പക്ഷം അതിനുള്ള അവകാശം ലിറ്റിൽ ഫ്‌ളവർ ഇടവകയ്ക്കും ഉണ്ട്, അതിനാൽ ആ ദേവാലയം മാത്രമായി പൊളിക്കാൻ പാടില്ല എന്നും ആവശ്യമായ സംരക്ഷണം ദേവാലയത്തിന് നൽകണമെന്നുമായിരുന്നു ഹൈക്കോടതി നിർദ്ദേശം. ആ പ്രദേശത്തെ സ്ഥലവിനിയോഗവുമായി ബന്ധപ്പെട്ട് മറ്റൊരു പോളിസി സർക്കാർ സ്വീകരിക്കാത്ത പക്ഷം ഏതുരീതിയിലും ഭൂമി വിനിയോഗിക്കുന്നതിന് മറ്റാരെയുംപോലെതന്നെ ഇടവകയ്ക്കുള്ള അവകാശത്തെ കോടതി മാനിച്ചിരുന്നു. ഇപ്പോഴുണ്ടായ നിയമ നടപടികൾ തികച്ചും അപ്രതീക്ഷിതമായിരുന്നു. വൈകിയവേളയിൽ നോട്ടീസ് ലഭിച്ചപ്പോൾ പോലും കോടതിയുടെയും മനുഷ്യാവകാശ കമ്മീഷന്റെയും നിർദ്ദേശങ്ങളെ മറികടന്ന് ഉടനടി ഒരു പൊളിച്ചുനീക്കൽ ഉണ്ടാകുമെന്ന് ആരും കരുതിയിരുന്നില്ല.

3. പൊളിച്ചുനീക്കലിന്റെ ഉത്തരവാദിത്തം ആർക്ക്? ‍

ജൂലായ് ഏഴാംതിയ്യതിയിലെ ഡേറ്റ് വച്ച് നോട്ടീസ് ഇഷ്യൂ ചെയ്തിരിക്കുന്നത് ഡൽഹി സർക്കാരിന് കീഴിലുള്ള ബ്ലോക്ക് ഡവലപ്പ്മെന്റ് ഓഫീസർ (ബിഡിഒ) ആണ്. എന്നാൽ, ലാൻഡ് സംബന്ധമായ നടപടികൾക്ക് പരമാധികാരമുള്ളതും പോളിസികൾ സ്വീകരിക്കുന്നതും കേന്ദ്ര സർക്കാരിന് കീഴിലുള്ള ഡൽഹി ഡവലപ്പ്മെന്റ് അതോറിറ്റി (ഡിഡിഎ) ആണ്. അതിനാൽ, ഇത്തരമൊരു നടപടി ഡിഡിഎയുടെ അറിവില്ലാതെ നടക്കുമെന്ന് കരുതാനാവില്ല. പ്രത്യേകിച്ച്, ഇടവക ദേവാലയത്തിന് സംരക്ഷണം നൽകാനുള്ള നിർദ്ദേശം ഹൈക്കോടതിയും മനുഷ്യാവകാശ കമ്മീഷനും നൽകിയിട്ടുണ്ടായിരിക്കെ ബ്ലോക്ക് ഡവലപ്പ്മെന്റ് ഓഫീസർക്ക് തനിച്ച് ഇത്തരമൊരു തീരുമാനം സ്വീകരിക്കാൻ കഴിയില്ല.

4. പള്ളി പൊളിച്ചു നീക്കാനുള്ള തീരുമാനം തിടുക്കത്തിൽ സ്വീകരിച്ചതെന്തിന്? ‍

ഏതാനും വർഷങ്ങൾക്ക് മുമ്പ് ചില തർക്കങ്ങളെയും ആരോപണങ്ങളെയും തുടർന്ന് ലാഡോസറായിയിലെ സ്ഥലത്തിന്റെ കൈവശാവകാശ വിഷയത്തിൽ കോടതി ഇടപെടുകയും, ദേവാലയം പൊളിക്കുന്നത് നീതീകരിക്കാനാവില്ല എന്ന നിലപാട് സ്വീകരിക്കുകയും ചെയ്തിരുന്നു. അതോടൊപ്പം, ദേശീയ മനുഷ്യാവകാശ കമ്മീഷനും ഈ വിഷയത്തിൽ ഇടപെട്ടിരുന്നതാണ്. ആ പ്രദേശത്തുള്ള രണ്ടായിരത്തോളം വരുന്ന സിറോമലബാർ വിശ്വാസികൾ ആരാധനയ്ക്കായി ഒത്തുകൂടിയിരുന്ന ആ സ്ഥലത്തിനുമേലുള്ള മറ്റ് അവകാശവാദങ്ങൾ നീങ്ങി എന്ന ധാരണയിൽ തുടരവേയാണ് അപ്രതീക്ഷിതമായി കഴിഞ്ഞ ദിവസം കെട്ടിടങ്ങൾ പൊളിച്ചുമാറ്റപ്പെടുന്നത്. അവിടെയുള്ള ഇതര വിഭാഗങ്ങളെക്കുറിച്ചില്ലാത്ത ആരോപണം എങ്ങനെ കത്തോലിക്കാ ദേവാലയത്തെ കുറിച്ച് മാത്രം ഉണ്ടായി എന്ന ചോദ്യം ഇവിടെ ഉയർന്നു നിൽക്കുന്നു. അവിടെ ഒരു കത്തോലിക്കാ കൂട്ടായ്മ രൂപപ്പെടുന്നതിനോട് യോജിക്കാൻ കഴിയാത്ത ചിലർ ഇതിന് പിന്നിൽ പ്രവർത്തിച്ചിട്ടുണ്ട് എന്ന സൂചനകളുണ്ട്. സ്ഥല മാഫിയകളുടെ ഇടപെടലുകളും ചൂണ്ടിക്കാണിക്കപ്പെടുന്നു. ഫാ. സ്റ്റാൻ സ്വാമിയുടെ മരണത്തെ തുടർന്നുണ്ടായ പ്രതികരണങ്ങൾ ഇത്തരമൊരു കത്തോലിക്കാ വിരുദ്ധ നീക്കത്തിലേയ്ക്ക് ചില രാഷ്ട്രീയ ശക്തികളെ നയിച്ചിട്ടുമുണ്ടാകാം. എന്തുതന്നെയായാലും, കത്തോലിക്കാ സഭയോടുള്ള വിരോധമാണ് ഇവിടെ പ്രകടമായിരിക്കുന്നത് എന്നുള്ളത് നിസ്തർക്കമാണ്.

5. ലാഡോസറായിയിലെ സ്ഥലത്തിന് ലിറ്റിൽഫ്ളവർ ഇടവകയ്ക്ക് അവകാശമുണ്ടോ?

ഉണ്ട് എന്നാണ് ഉത്തരം. കഴിഞ്ഞ നാൽപ്പതോളം വർഷങ്ങളായി, ആദ്യം ഒരു ഇടവകക്കാരനും തുടർന്ന് പന്ത്രണ്ട് വർഷങ്ങളായി ഇടവകയും കൈവശമായി വച്ചിരിക്കുന്നതും ഉപയോഗിക്കുന്നതുമായ സ്ഥലമാണ് ഇത്. നിയമാനുസൃതമായ രീതിയിൽ നികുതികൾ അടയ്ക്കുകയും മറ്റും ചെയ്തുപോന്നിരുന്നു. ലാഡോസറായി ഏരിയയിൽ ഇപ്രകാരം സ്ഥലം കൈവശം വച്ചുപയോഗിക്കുന്ന അനേക വ്യക്തികളും പ്രസ്ഥാനങ്ങളുമുണ്ട്. ഫ്ലാറ്റുകളും വിവിധ ആരാധനാലയങ്ങളും പണിതുയർത്തപ്പെട്ടിട്ടുണ്ട്. ഇപ്രകാരമുള്ള സ്ഥല വിനിയോഗങ്ങളൊന്നും അനധികൃത കയ്യേറ്റമെന്ന പേരിൽ ഒഴിപ്പിക്കാനുള്ള ശ്രമങ്ങൾ ഇതുവരെ ഉണ്ടായിട്ടില്ല. അത്തരത്തിൽ എല്ലാവർക്കും അവരവരുടെ കൈവശമുള്ള സ്ഥലം ഉപയോഗിക്കാൻ അനുവാദമുള്ള പക്ഷം ലിറ്റിൽ ഫ്‌ളവർ ഇടവകയ്ക്കും അതിനുള്ള അവകാശമുണ്ട്. ആ അവകാശത്തെ മാനിക്കണമെന്നുതന്നെയാണ് ഹൈക്കോടതിയും, മനുഷ്യാവകാശ കമ്മീഷനും നിർദ്ദേശിച്ചിട്ടുള്ളതും.

ലാഡോസറായി ഇടവക ദേവാലയത്തെച്ചൊല്ലി ഇപ്പോൾ നടക്കുന്ന ചർച്ചകളിൽ വാസ്തവങ്ങളെക്കാൾ വാസ്തവ വിരുദ്ധമായ ആശയങ്ങളാണ് പ്രചരിപ്പിക്കപ്പെടുന്നത്. സഭയ്ക്ക് അകത്തും പുറത്തുമായി ഇത്തരത്തിൽ പ്രചരിപ്പിക്കപ്പെടുന്ന വാദഗതികൾ സഭയോടുള്ള സ്നേഹത്തിൻ്റെയോ പ്രതിബദ്ധതയുടെയോ പ്രതിഫലനങ്ങളല്ല എന്ന് ഏവരും തിരിച്ചറിയേണ്ടതുണ്ട്. രണ്ടായിരത്തോളം വരുന്ന പ്രവാസികത്തോലിക്കരുടെ ആരാധനാ സ്വാതന്ത്ര്യവും അവകാശങ്ങളും സംരക്ഷിക്കപ്പെടാൻ മനുഷ്യത്വമുള്ള ഏവരും ഒറ്റക്കെട്ടായി നിലകൊള്ളണമെന്ന് അഭ്യർത്ഥിക്കുന്നു.

More Archives >>

Page 1 of 27