Youth Zone
‘ദി ചോസണ്‍’ ടീമിന് ഇത് അനുഗ്രഹീത നിമിഷം: 'സ്ക്രീനിലെ ക്രിസ്തു'വും കൂട്ടരും പത്രോസിന്റെ പിന്‍ഗാമിയെ കണ്ടുമുട്ടി
പ്രവാചകശബ്ദം 12-08-2021 - Thursday
റോം: ലോകമെമ്പാടും കോടിക്കണക്കിന് പ്രേക്ഷകരുടെ മനം കവര്‍ന്നു വിജയകരമായി മുന്നേറുന്ന ‘ദി ചോസണ്‍’ ജനപ്രിയ ബൈബിള്‍ ടെലിവിഷന്‍ പരമ്പരയില്‍ യേശുവായി അഭിനയിച്ച നടന്‍ ജോനാഥന്‍ റൌമിയുടെ ചിരകാലാഭിലാഷം പൂവണിഞ്ഞു. ഫ്രാന്‍സിസ് പാപ്പയെ കാണുക എന്ന ജോനാഥന്റെ ചെറുപ്പം മുതലുള്ള ആഗ്രഹമാണ് സഫലമായത്. തീര്‍ത്ഥാടന കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുക എന്ന ലക്ഷ്യത്തോടെ റോമിലെത്തിയ ജോനാഥന്‍ ഇന്നലെ ബുധനാഴ്ചയാണ് ഫ്രാന്‍സിസ് പാപ്പയുമായി കൂടിക്കാഴ്ച നടത്തിയത്. “എന്റെ ബാല്യകാല സ്വപ്നം നിറവേറി” എന്നായിരുന്നു പാപ്പയെ കണ്ടതിനു ശേഷമുള്ള ജോനാഥന്റെ പ്രതികരണം. 2019-ല്‍ ആരംഭിച്ച ‘ദി ചോസണ്‍’ എന്ന പരമ്പരയിലൂടെ ജോനാഥന്‍ കൈക്കാര്യം ചെയ്യുന്ന യേശുവിന്റെ വേഷം ലക്ഷകണക്കിന് ആളുകളെ സ്വാധീനിച്ചിട്ടുണ്ട്.
ബുധനാഴ്ചത്തെ തന്റെ പൊതു അഭിസംബോധനയ്ക്കു ശേഷമാണ് പാപ്പ പരമ്പരയുടെ അണിയറക്കാരെ കണ്ടത്. പരമ്പരയുടെ സംവിധായകനായ ഡള്ളാസ് ജെന്‍കിന്‍സും, വിതരണക്കാരായ ഏഞ്ചല്‍ സ്റ്റുഡിയോയുടെ സി.ഇ.ഒ നീല്‍ ഹാര്‍മണും ജോനാഥനൊപ്പം ഉണ്ടായിരുന്നു. സ്പാനിഷ് ഭാഷയില്‍ ഫ്രാന്‍സിസ് പാപ്പയെ അഭിസംബോധന ചെയ്ത ജോനാഥന്‍ തനിക്ക് വേണ്ടി പ്രാര്‍ത്ഥിക്കണമെന്ന് പാപ്പയോട് അഭ്യര്‍ത്ഥിച്ചു. തന്റെ കുട്ടിക്കാലം മുതലേ മാർപാപ്പയെ കാണുവാനും, ലോക യുവജന ദിനത്തില്‍ പങ്കെടുക്കുവാനും തനിക്ക് ആഗ്രഹമുണ്ടായിരുന്നുവെന്നും, പക്ഷേ അതെങ്ങിനെ സാധിക്കണമെന്ന് തനിക്കോ, കുടിയേറ്റക്കാരായ തന്റെ മാതാപിതാക്കള്‍ക്കോ അറിയില്ലായിരുന്നെന്നും ജോനാഥന്‍ പറഞ്ഞു.
പാപ്പയുടെ നര്‍മ്മബോധവും, മാധുര്യമേറിയ പെരുമാറ്റവും തനിക്കിഷ്ടമായെന്നായിരുന്നു ജെന്‍കിന്‍സിന്റെ പ്രതികരണം. താനൊരു പ്രൊട്ടസ്റ്റന്റ് സഭാംഗമാണെന്നും യേശുവിനെ കുറിച്ച് ആളുകള്‍ക്ക് ഇഷ്ടപ്പെടുന്ന ഒരു പരിപാടി താന്‍ സംവിധാനം ചെയ്യുകയാണെന്നും പറഞ്ഞപ്പോള്‍ തന്നെ അത്ഭുതപ്പെടുത്തിയ പ്രതികരണമായിരുന്നു പാപ്പയുടെ ഭാഗത്തുനിന്നുണ്ടായതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ‘ഇവനാണോ യേശു?’ എന്ന് ജോനാഥനെ ചൂണ്ടി പാപ്പ ചോദിച്ചു. പിന്നീട് ‘നീ യൂദാസാണോ?’ എന്ന് പാപ്പ തമാശരൂപേണ ചോദിച്ചതും അല്ലെന്ന് പറഞ്ഞപ്പോള്‍ പൊട്ടിച്ചിരിച്ചതും അദ്ദേഹം സ്മരിച്ചു. പാപ്പയുടെ നര്‍മ്മ ബോധം തന്നെ അത്ഭുതപ്പെടുത്തിയെന്നും ജെന്‍കിന്‍സ് കൂട്ടിച്ചേര്‍ത്തു.
വിശുദ്ധരുടെ ശവകുടീരങ്ങളും തങ്ങളുടെ പരമ്പരയിലുള്ള അപ്പസ്തോലന്‍മാരുടേയും, മറ്റ് ബൈബിള്‍ കഥാപാത്രങ്ങളുടേയും തിരുശേഷിപ്പുകള്‍ അടങ്ങിയ ചരിത്ര ദേവാലയങ്ങളും 'ചോസണ്‍' ടീം സന്ദര്‍ശിച്ചു. 7 സീസണുകള്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന പരമ്പരയുടെ ആദ്യ സീസണിലെ പ്രമേയം യേശു തന്റെ അപ്പസ്തോലന്‍മാരേ കണ്ടെത്തുന്നതായിരിന്നു. വലിയ ജനസ്വീകാര്യതയാണ് പരമ്പരയ്ക്കു ഓരോ ദിവസവും ലഭിച്ചുക്കൊണ്ടിരിക്കുന്നത്. 2020 ഓഗസ്റ്റിൽ, 180 രാജ്യങ്ങളിൽ 50 ദശലക്ഷം തവണ പരമ്പര കണ്ടു. 2021 മാർച്ച് അവസാനത്തോടെ, ആദ്യ സീസൺ കണ്ടവരുടെ എണ്ണം 100 ദശലക്ഷമായി ഉയര്‍ന്നു. 2021 ജൂണിൽ, ഈ പരമ്പര 50 ഭാഷകളിലായി 150 ദശലക്ഷം തവണയാണ് പ്രേക്ഷകര്‍ കണ്ടത്.
പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും.
☛ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
☛ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക