Seasonal Reflections - 2024
"ഒന്നും മാറ്റിവയ്ക്കാതെ എന്റെ ജീവിതം നിനക്കു ഞാൻ നൽകുന്നു"
ഫാ. ജെയ്സണ്‍ കുന്നേല്‍/ പ്രവാചകശബ്ദം 30-08-2021 - Monday
അത്യുന്നതങ്ങളില്‍ ദൈവത്തിനു മഹത്വം! ഭൂമിയില്‍ ദൈവകൃപ ലഭിച്ചവര്‍ക്കു സമാധാനം! (ലൂക്കാ 2 : 14). ഉണ്ണിയേശുവിനെ കരങ്ങളിൽ വഹിച്ചപ്പോൾ ആർദ്രമായ ഹൃദയത്തോടെ യൗസേപ്പിതാവും മാലാഖമാരുടെ ഈ കീർത്തനം ഏറ്റു പാടിയിട്ടുണ്ടാവും. ദൈവപുത്രൻ്റെ മനുഷ്യവതാരത്തിൽ സഹകാരിയിരുന്നുകൊണ്ട് സ്വർഗ്ഗത്തിന്റെയും ഭൂമിയുടെയും ആഘോഷത്തിൽ അവൻ പൂർണ്ണ സംതൃപ്തിയോടെ പങ്കുചേർന്നു. പുൽകൂട്ടിലെ ഉണ്ണീശോയെകണ്ട് അവന്റെ മുമ്പു മുട്ടുകുത്തി സന്തോഷാശ്രുക്കളോടെ നിന്ന യൗസേപ്പിതാവിൻ്റെ ആത്മഗതം വിശുദ്ധ അൽഫോൻസ് ലിഗോരി രേഖപ്പെടുത്തിയിരിക്കുന്നത് ഇപ്രകാരമാണ്.
"ഞാൻ നിന്നെ ആരാധിക്കുന്നു, സത്യമായും എന്റെ ദൈവവും നാഥനുമായ നിന്നെ ഞാൻ ആരാധിക്കുന്നു. മറിയത്തിനു ശേഷം നിന്നെ ആദ്യമായി കണ്ടപ്പോൾ ഞാൻ അനുഭവിച്ച സന്തോഷം എത്രയധികമെന്നു നിനക്കറിയാമോ! എന്റെ മകനെന്നു ലോകം നിന്നെ വിളിക്കുമ്പോൾ ഞാൻ അനുഭവിക്കുന്ന ആത്മനിർവൃതി എത്ര വലുതാണന്നോ. എന്റെ മകനെ, നിന്നെ എന്റെ ദൈവമേ പുത്രനേ എന്നു വിളിക്കാൻ എന്നെ അനുവദിച്ചാലും. നിനക്കു എന്റെ ജീവിതം സമ്പൂർണ്ണമായി സമർപ്പിക്കുന്നു. എൻ്റെ ജീവിതം ഇനിമേൽ എന്റെതല്ല ഒന്നും മാറ്റിവയ്ക്കാതെ നിനക്കു ഞാൻ തരുന്നു."
ദൈവ ശുശ്രൂഷക്കായി ഇറങ്ങി തിരിക്കുന്ന ഒരു വ്യക്തി മനസ്സിൽ സൂക്ഷിക്കേണ്ട ഏറ്റവും പ്രധാനമായ ജീവിത നിയമം ഒന്നും മാറ്റിവയ്ക്കാതെ ദൈവത്തിനായി സമ്പൂർണ്ണമായി സമർപ്പിക്കുക എന്നതാണ്. യൗസേപ്പിതാവേ നിന്റെ മഹനീയ മാതൃക അനുസരിച്ച് ഒന്നും മാറ്റിവയ്ക്കാതെ ദൈവ ശുശ്രൂഷിക്കായി ഞങ്ങളെത്തന്നെ പൂർണ്ണമായി സമർപ്പിക്കാൻ ഞങ്ങളെ പഠിപ്പിക്കണമേ.