Social Media - 2024
ഈശോയുടെ ശാന്തതയോടെ അൾത്താരയിൽ ഒരാൾ
ഫാ. സൈമണ്‍ വര്‍ഗീസ് 06-09-2021 - Monday
പ്രസന്നപുരം പള്ളിയിൽ സംഭവിച്ചത് ഏതാനും തെമ്മാടിക്കൂട്ടങ്ങളെയൊഴിച്ച് മറ്റാരെയും അത്ര പ്രസന്നരാക്കാൻ യാതൊരു സാധ്യതയുമില്ല. ഇത്തരം അവഹേളനങ്ങൾ ലോകത്ത് ഒരു ദേവാലയത്തിലും ഒരിക്കലും സംഭവിക്കരുതേ എന്നാണ് പ്രാർത്ഥന.
കഥാപാത്രങ്ങളും, പങ്കെടുത്തവരും
* മാതൃഭൂമി ചാനൽ,
* "കൊന്ത ചൊല്ലിയിട്ടു വന്ന"തെങ്കിലും തനി ഗുണ്ടാശൈലിയിൽ പ്രതികരിക്കുന്ന ഒരു വിശ്വാസി.
* ഒരു ഓട്ടോറിക്ഷയിൽ തിരുകാൻ മാത്രം എണ്ണമുള്ള 'വിശ്വാസി'കൾ.
ഇക്കൂട്ടരെല്ലാം മുൻകൂട്ടി രചിച്ച തിരക്കഥക്കൊത്ത് രംഗം കൊഴുപ്പിക്കുകയായിരുന്നുവെന്ന് വ്യക്തം.
അവർ കാട്ടിക്കൂട്ടിയത്
* അവർ അലറുന്നു.
* ആക്രോശിക്കുന്നു.
*:അൾത്താരയിലേക്ക് ഇടിച്ചു കയറുന്നു.
* കാർമ്മികൻ്റെ മൈക്ക് എടുത്ത് മാറ്റുന്നു
* അപസ്വരങ്ങൾ പുറപ്പെടുവിക്കുന്നു.
അൾത്താരയിൽ ബലിയർപ്പിക്കുന്ന വൈദികൻ ഈശോയുടെ അതേ സ്ഥാനത്താണ്. അതെല്ലാം തൃണവത്ഗണിച്ച് കാർമ്മികനു നേരെ പാഞ്ഞടുക്കുന്നു! കഷ്ടം എന്തോ വൻകാര്യം ചെയ്യുന്ന ഗമയോടെ ഇക്കൂട്ടർ ഇതൊക്കെ കാട്ടിക്കൂട്ടുമ്പോൾ ചങ്കുപിളർന്ന് വിശ്വാസി സമൂഹം പ്രാർത്ഥിക്കുന്നത് പശ്ചാത്തലത്തിൽ കേൾക്കാമായിരുന്നു.
അതിലേറെ വേദനയോടെയാണ് ഇതൊക്കെ ലൈവ് കണ്ടുകൊണ്ട് ഓരോ സഭാസ്നേഹിയും തലതാഴ്ത്തിയിരുന്നതെന്നതും സത്യം. കാര്യങ്ങൾ അങ്ങനെ സ്ക്രിപ്റ്റനുസരിച്ച് മുന്നോട്ട് പോയിക്കൊണ്ടിരുന്നു.
ഈശോയുടെ ശാന്തതയോടെ അൾത്താരയിൽ
ഈ കോലാഹലമെല്ലാം നടക്കുമ്പോൾ കാർമ്മികൻ എന്താണ് ചെയ്യുന്നത് എന്നറിയാൻ ആകാംക്ഷ തോന്നി. അൾത്താരയുടെ മധ്യത്തിലേക്ക് നോക്കി. അവിടെ ഈശോ നിൽക്കുന്നതുപോലെ ഒരു രൂപം. ആ രൂപമാകട്ടെ, ഇത്രയും ശബ്ദകോലാഹലങ്ങളുണ്ടായിട്ടും അനങ്ങുന്നുമില്ല. ഈശോയുടെ ചിത്രം വെച്ചിരിക്കുന്നതാണോ? കണ്ണുതിരുമ്മി ഒരിക്കൽ കൂടെ നോക്കി. അല്ല, അത് ആ വിശുദ്ധ ബലിയുടെ കാർമ്മികൻ തന്നെയാണ്. അദ്ദേഹം അവിടെ ശാന്തനായി നിൽക്കുകയാണ്.
അപ്പോഴതാ ഒരു 'വിശ്വാസി' ആക്രോശിച്ചുകൊണ്ട് അൾത്താരയിലേക്ക് ഇടിച്ചുകയറി. അയാൾ കാർമികൻ്റെ പക്കലേക്ക് ചീറിയടുക്കുകയാണ്. ഒപ്പം മറ്റു ചിലരുമുണ്ട്. അച്ചൻ എന്താണ് ചെയ്യുന്നതെന്ന് അറിയണമല്ലോ? ഞാൻ ശ്രദ്ധിച്ചു. ചാനൽ കണ്ണുകൾ അവിടേക്ക് തുറുപ്പിച്ചുതന്നെയാണിരിപ്പ്.
അച്ചൻ, തൻ്റെ നേരെ പാഞ്ഞുവരുന്ന ആ കോപാക്രാന്ദൻ്റെ നേരെ മെല്ലെ തിരിഞ്ഞു. ഒന്നു നോക്കി, ശാന്തതയോടെ കൈയുയർത്തി. അതിലും ശാന്തമായി എന്തോ പറഞ്ഞെന്നു തോന്നുന്നു. കടൽ ഇരുളുകയും തിരമാലകൾ ഉയരുകയും കൊച്ചോടം മറിയാൻ തുടങ്ങുകയും ശിഷ്യന്മാർ അലറി വിളിക്കുകയും ചെയ്തപ്പോൾ "അടങ്ങുക ശാന്തമാകുക " എന്ന് പറഞ്ഞുകൊണ്ട് കർത്താവ് കൈകളുയർത്തിയതുപോലെ ഒരു രംഗം!
ഫാ. സെലസ്റ്റിൻ ഇഞ്ചക്കൽ. അതാണ് ആ വൈദികൻ! എനിക്കദ്ദേഹത്തെ മുൻപരിചയമില്ലായിരുന്നു. ഏതായാലും അന്ന്, പീലാത്തോസിൻ്റെ മുമ്പിൽ, ജനക്കൂട്ടത്തിൻ്റെയും പടയാളികളുടെ മറ്റു പീഡകരുടെയും നടുവിൽ, അന്തസ്സോടെ, അക്ഷോഭ്യനായി, തലയുയർത്തി നിന്ന തൻ്റെ ദിവ്യഗുരുവിൻ്റെ ശാന്തതയോടെ അദ്ദേഹം അവിടെ നിന്നു, യാതൊരു പതർച്ചയുമില്ലാതെ.
അതെ, രൂപസാദൃശ്യത്തിൽ മാത്രമല്ല ദീർഘശാന്തതയിലും അദ്ദേഹം ഈശോയെപ്പോലെ പ്രശോഭിക്കുന്നതുപോലെ തോന്നി. കൂരിരുട്ടിൽ രജതരേഖപോലെ ആക്രോശക്കൂട്ടങ്ങൾക്ക് നടുവിൽ ആ ആത്മീയഗുരു തിളങ്ങിനിന്നു. നാം പ്രാർത്ഥിക്കാറില്ലേ, "ദീർഘശാന്തതയും എളിമയുമുള്ള ഈശോയേ, എൻ്റെ ഹൃദയം അങ്ങേ തിരുഹൃദയത്തിന് ഒത്തതാക്കണമെ"യെന്ന്? നാമൊക്കെ ആർജിക്കാൻ ആഗ്രഹിക്കുന്ന ആ സുദീർഘശാന്തത നേരിട്ട് കാണാൻ കഴിഞ്ഞത് ആശ്വാസമായി. മാതൃഭൂമിക്ക് നന്ദി!
അടിതെറ്റിയ ആക്രോശക്കമ്മിറ്റി
സത്യത്തിൽ, ഈ ആക്രോശക്കൂട്ടത്തിൻ്റെ മാത്രമല്ല, മാതൃഭൂമിയുടെയും കണക്കുകൂട്ടലാകെ പിഴച്ചുപോയിരുന്നു. കാരണം, ആ തോന്ന്യാസികളുടെ കോലാഹലത്തേക്കാൾ പ്രേക്ഷകശ്രദ്ധ ശാന്തനായ ആ വൈദികനിലാണ് പതിഞ്ഞത്. ഒരു ദിവസം മുഴുവനും പാടിനടക്കാൻ പാകത്തിനുള്ള ബ്രേക്കിംഗ് ന്യൂസാണ് അതുമൂലം ദൃശ്യമാധ്യമങ്ങൾക്ക് നഷ്ടപ്പെട്ടത്! സെലസ്റ്റിനച്ചൻ അവിടെ ഒരു പാഠപുസ്തകമായി രൂപാന്തരപ്പെട്ടതുപോലെ! ശാരീരിക ആക്രമണത്തിനടുത്തെത്തുന്ന പ്രകോപനത്തിൻ്റെ പരകോടിയിൽ ഒരു ആത്മീയ മനുഷ്യൻ എങ്ങനെയാണ് പ്രവർത്തിക്കേണ്ടതെന്ന് അദ്ദേഹത്തിലൂടെ ലോകം കണ്ടറിഞ്ഞു.
ആ ഒരൊറ്റ ശാന്തതയ്ക്ക് മുമ്പിൽ രംഗം കലക്കാൻ വന്നവർ നിഷ്പ്രഭരാകുകയും ഈശോമിശിഹാ പ്രകാശിക്കുകയും ചെയ്തു .
ദൈവജനം പ്രതികരിക്കുന്നു
ഒരു നിമിഷം! അമ്പരന്നുപോയ വിശ്വാസിസമൂഹം സടകുടഞ്ഞെഴുന്നേറ്റു. നേതൃത്വഗുണമുള്ള ഒരു മഹിളാരത്നം സധീരം ആ പുരുഷന്മാരുടെ നടുക്ക് കടന്നുവന്ന് അവർ തട്ടിമാറ്റിയ മൈക്ക് തിരിച്ചെടുത്ത് വയ്ക്കുന്നതും, ശക്തമായി പ്രതികരിക്കുന്നതും കണ്ടു - സഭാസ്നേഹത്തിൻ്റെ സ്വഭാവികവും, ഹൃദ്യവുമായ പ്രകാശനം ! പ്രശ്നക്കാരെ ദൈവജനം ദേവാലയത്തിൽനിന്ന് ആട്ടിപ്പുറത്താക്കുന്നതിന് ലോകം സാക്ഷ്യം വഹിക്കാൻ ഈ സംഭവം ഇടയാക്കി- ദൈവത്തിനു സ്തുതി!
ക്രിസ്തീയ പ്രതികരണം: സെലസ്റ്റിൻ മോഡൽ
തുടർന്ന്, പത്രക്കാർ അച്ചനെ വളഞ്ഞു. അദ്ദേഹം അവരോട് സംസാരിച്ചത് അഭിമാനത്തോടെ കേട്ടുകൊണ്ടിരുന്നു. ഒരു ആത്മീയമനുഷ്യൻ്റെ പ്രതികരണത്തിൻ്റെ നേർസാക്ഷ്യമായി അത് അനുഭവപ്പെട്ടു. അച്ച നിൽ നിന്ന് പ്രകോപനപരമായ എന്തെങ്കിലും ലഭിക്കാൻ വേണ്ടി ചോദ്യങ്ങൾ തുടർന്നുകൊണ്ടിരുന്ന പത്രക്കാർ വീണ്ടും ഇളിഭ്യരായി. എത്ര തന്മയത്വത്തോടെയും സമചിത്തതയോടെയും പക്വതയോടെയുമാണ് അദ്ദേഹം കുറിക്കുകൊള്ളുന്ന ഉത്തരങ്ങൾ തൊടുത്തു വിടുന്നത് എന്നോർത്ത് ഞാൻ അത്ഭുതപ്പെട്ടു.
"ഈശോയുടെ ഹൃദയത്തിൻ്റെ ശാന്തതയോടെയും എളിമയോടെയുമാണ് ഞങ്ങൾ ഇതൊക്കെ നേരിടുന്നത്" എന്നും "മറ്റുള്ള സമീപനങ്ങൾക്കൊന്നും ഞങ്ങൾ ഇല്ല. അവർ സാവധാനം കാര്യങ്ങൾ മനസ്സിലാക്കുമ്പോൾ ഇതിനൊക്കെ അയവു വരും" എന്നും തുറന്നു പറഞ്ഞ് അദ്ദേഹം ഈശോയ്ക്ക് സാക്ഷ്യമേകിയപ്പോൾ പല ദുഷ്ടശക്തികളെയും തുറന്നുകാട്ടാനും, ഈശോയെ പ്രഘോഷിക്കാനുമുള്ള നിമിഷങ്ങളായി ഈ പ്രകോപനാവസരം കർത്താവ് മാറ്റിയെടുത്തതുപോലെ തോന്നി.
അൾത്താരയിൽ കയറിനിന്ന് ആക്രോശം നടത്തുകയും, അവഹേളനപരമായ പരാമർശങ്ങളും, ചേഷ്ടകളും കാണിക്കുകയും ചെയ്തവരോട് ക്ഷമിക്കാൻ നാമൊക്കെ ബുദ്ധിമുട്ടുമ്പോൾ അതിന് ഇരയായ സെലസ്റ്റിനച്ചതാകട്ടെ, "തെറ്റായിട്ടുള്ള അറിവിൻ്റെ പുറത്ത് " എടുത്തുചാടിയവരോട് സഹതാപത്തോടെ പ്രതികരിക്കുന്നതുകണ്ട് മനം കുളിർത്തു -ക്രിസ്തീയ സാക്ഷ്യം !
ഒപ്പം, എത്രയൊക്കെ പ്രകോപനം ഉണ്ടായാലും, ഞായറാഴ്ച രണ്ടാമത്തെ കുർബാനയിൽ ഇടയലേഖനം വായിക്കുമോ എന്ന ചോദ്യത്തിന്, അടുത്ത കുർബാനയിലും തീർച്ചയായും താൻ അത് വായിക്കുമെന്നും, ഇതുപോലെ ദൃശ്യ മാധ്യമ പ്രവർത്തകരുടെ മുൻപിൽ നിന്നത് ചെയ്യേണ്ട ഗതികേട് വന്നാലും പിന്മാറില്ലെന്നും കാരണം അത് സഭ തന്നെ ഏൽപ്പിച്ചിരിക്കുന്ന ദൗത്യത്തിൽ പെട്ടതാണെന്നും യാതൊരു കൂസലും കൂടാതെ നട്ടെല്ലുനിവർത്തി അദ്ദേഹം പറയുന്നതു കേട്ടപ്പോൾ എഴുന്നേറ്റ് നിന്ന് കയ്യടിക്കാൻ തോന്നി.
ഏതായാലും ഈ വൈദികനെതിരെ സംഘടിതമായ പടയൊരുക്കം ഉണ്ടാകുമെന്നുറപ്പ്. ലേഖനാരംഭത്തിൽ കുറിച്ചതുപോലെ എനിക്ക് അദ്ദേഹത്തെ മുൻപരിചയമൊന്നുമില്ല. എല്ലാം തികഞ്ഞ ഒരു വ്യക്തിയെയും ഇതുവരെ ഞാൻ കണ്ടിട്ടുമില്ല. അങ്ങനെ ഒരാളെ കണ്ട ശേഷം മാത്രം പ്രചോദനം സ്വീകരിക്കാം എന്നു കരുതുന്നതിൽ കാര്യവുമില്ല. ഈശോ പറഞ്ഞതുപോലെ ഫലങ്ങളിൽ നിന്നാണല്ലോ വൃക്ഷത്തെ അറിയുന്നത്. ഒന്നെനിക്കുറപ്പാണ്, അസാമാന്യവും, അസാധാരണവുമായ ദീർഘശാന്തതയാണ് ഈ വൈദികൻ പരിശുദiധമായ അൾത്താരയിൽ കാഴ്ചവെച്ചത്. ക്രിസ്തീയവും, ആത്മീയ പക്വതയാർന്നതുമായ മറുപടിയാണ് അദ്ദേഹം പത്രക്കാർക്കു കൊടുത്തത്. സത്യം! ഈ മനുഷ്യൻ ഈശോയെ അടയാളപ്പെടുത്തുന്നുണ്ട്.
പ്രതിസന്ധിയിൽ "വാ തുറക്കുമ്പോൾ വചനം നൽകുന്ന" കർത്താവ് അദ്ദേഹത്തിലൂടെ പ്രവർത്തിച്ചു എന്ന കാര്യത്തിൽ സംശയമൊന്നും വേണ്ട. ഈശോ പറഞ്ഞിട്ടുണ്ടല്ലോ "അവര്‍ നിങ്ങളെ ഏല്‍പിച്ചുകൊടുക്കുമ്പോള്‍, എങ്ങനെ പറയണമെന്നോ എന്തു പറയണമെന്നോ നിങ്ങള്‍ ആകുലപ്പെടേണ്ടാ. നിങ്ങള്‍ പറയേണ്ടത് ആ സമയത്തു നിങ്ങള്‍ക്കു നല്‍കപ്പെടും. എന്തെന്നാല്‍, നിങ്ങളല്ല, നിങ്ങളിലൂടെ നിങ്ങളുടെ പിതാവിന്റെ ആത്മാവാണു സംസാരിക്കുന്നത്" (മത്താ. 10:19-20)
ഇതുപോലെയുള്ള വൈദികരും വിശ്വാസികളും ഈ സഭയുടെ അഭിമാനമാണ്. സഭയെയും, അജഗണങ്ങളേയും അങ്ങേയറ്റം സ്നേഹിക്കുന്ന, ശാന്തതയും സൗമ്യതയും പക്വതയുമുള്ള ഇത്തരം വൈദികർ സഭയിൽ ഉള്ളിടത്തോളംകാലം അവഹേളിക്കാൻ വരുന്നവർ ആരാണെങ്കിലും അവർ സ്വയം അപമാനിതരായി പിന്തിരിഞ്ഞു പോകാൻ ഇടവരികതന്നെ ചെയ്യും.
ഒരു കൂട്ടർ കുതന്ത്രപൂർവ്വം നിർമ്മിച്ചെടുത്ത പ്രസന്നപുരം സംഭവത്തെ സവിശേഷമായ ഒരു സുവിശേഷ സാക്ഷ്യമാക്കി രൂപാന്തരപ്പെടുത്തിയ വികാരിയച്ചന് അഭിനന്ദനങ്ങൾ! ദൈവത്തിന് സ്തുതി!
പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും.
☛ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
☛ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക