News

ഭൂകമ്പത്തിനു തകര്‍ക്കുവാന്‍ കഴിയാത്ത വിശ്വാസവുമായി നേപ്പാളിലെ ക്രൈസ്തവ ജനത

സ്വന്തം ലേഖകന്‍ 07-07-2017 - Friday

കാഠ്‌മണ്ഡു: നേപ്പാളിനെ പിടിച്ചുകുലുക്കിയ ഭൂകമ്പം കഴിഞ്ഞിട്ട് രണ്ടു വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ രാജ്യത്തെ ക്രൈസ്തവര്‍ ശക്തമായ വിശ്വാസബോധ്യങ്ങളുമായി കഴിയുന്നുവെന്ന്‍ റിപ്പോര്‍ട്ട്. 'ഫിഡ്സ്' എന്ന മാധ്യമമാണ് രാജ്യത്തെ ക്രൈസ്തവരുടെ ശക്തമായ വിശ്വാസത്തെ കുറിച്ച് റിപ്പോര്‍ട്ട് തയാറാക്കിയിരിക്കുന്നത്. ഭയാനകമായ ഭൂകമ്പത്തിനു ശേഷം നേപ്പാളിലെ ജനങ്ങള്‍ക്കിടയില്‍, പ്രത്യേകിച്ച് ക്രിസ്ത്യാനികള്‍ക്കിടയില്‍ ദൈവവിശ്വാസം കൂടുതല്‍ ശക്തിപ്പെട്ടിട്ടുണ്ടെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ഭൂകമ്പം ഭയാനകമായിരുന്നുവെങ്കിലും അത് തങ്ങളെ കൂടുതലായി ദൈവത്തിലേക്കടുപ്പിച്ചുവെന്നും, പരസ്പരമുള്ള ഐക്യത്തിന്റെ ആത്മാവിനെ തൊട്ടറിയുവാന്‍ സഹായിച്ചുവെന്നും നേപ്പാളിലെ ക്രിസ്ത്യാനികള്‍ 'ഫിഡ്സ്'നോട് വെളിപ്പെടുത്തി. 2015 ഏപ്രില്‍ 25-നാണ് റിക്ടര്‍ സ്കെയിലില്‍ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം നേപ്പാളിനെ പിടിച്ചുകുലുക്കിയത്. ഏതാണ്ട് 8,500-ലധികം ജനങ്ങള്‍ അന്ന്‍ മരണമടഞ്ഞു. അമ്പത് ലക്ഷത്തോളം ആളുകളെ ബാധിച്ച ഈ ഭൂകമ്പം നേപ്പാളിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രകൃതിദുരന്തമായിരുന്നു.

ഭൂകമ്പം ഉണ്ടായ വേദനാജനകമായ സാഹചര്യത്തിലും ക്ഷമ, ശുഭാപ്തിവിശ്വാസം, പ്രതീക്ഷ, ധൈര്യം എന്നിവ അനുഭവിക്കുവാന്‍ തങ്ങള്‍ക്ക് സാധിച്ചുവെന്നും, ദൈവത്തിലുള്ള തങ്ങളുടെ വിശ്വാസം മുന്‍പത്തേതിനേക്കാള്‍ കൂടുതല്‍ ശക്തമായെന്നും കത്തോലിക്ക വിശ്വാസിയായ ഉത്തര 'ഫിഡ്സ്' റിപ്പോര്‍ട്ടറോട് പറഞ്ഞു. ക്രൈസ്തവരും, അക്രൈസ്തവരും തമ്മിലുള്ള സഹകരണം വര്‍ദ്ധിച്ചുവെന്നും, ലോകമെമ്പാട് നിന്നും ലഭിച്ച സഹായം തങ്ങളുടെ ഹൃദയങ്ങളെ സ്പര്‍ശിച്ചുവെന്നും, ഇത് ദൈവത്തിന്റെ കാരുണ്യം തങ്ങളുടെ ജീവിതത്തിലുണ്ടെന്ന് മനസ്സിലാക്കുവാന്‍ സഹായിച്ചുവെന്നും ബബിത എന്ന വിശ്വാസിയും പങ്കുവെച്ചു.

ഹിന്ദു ഭൂരിപക്ഷരാജ്യമായ നേപ്പാളില്‍ ക്രിസ്ത്യാനികള്‍ ഏതാണ്ട് 1.4 ശതമാനം മാത്രമാണ്. അതില്‍ 8,000-ത്തോളം പേരാണ് കത്തോലിക്കര്‍. ഭൂകമ്പം ഉണ്ടായ അടിയന്തിര ഘട്ടത്തില്‍ വളരെചെറിയ ന്യൂനപക്ഷമാണെങ്കിലും സര്‍ക്കാര്‍, പൊതുസ്ഥാപനങ്ങള്‍, സന്നദ്ധ സംഘടനകള്‍, എന്‍‌ജി‌ഓ സംഘടനകള്‍, അന്താരാഷ്ട സംഘടനകള്‍, മത സമുദായങ്ങള്‍ തുടങ്ങിയവയുമായി സഹകരിച്ച് സഭയുടെ കാരിത്താസ് സംഘടന നിരവധി സഹായം ചെയ്തിരിന്നു.

പാശ്ചാത്യ രാജ്യങ്ങളിലെയും ഇന്ത്യ അടക്കമുള്ള അയല്‍രാജ്യങ്ങളിലേയും കാരിത്താസുകളാണ് രാജ്യത്തിന്റെ പുനരുദ്ധാരണത്തിനായി പ്രധാനമായും പ്രവര്‍ത്തിച്ചത്. ഇവരുടെ പ്രവര്‍ത്തന ഫലമായി നിരവധി കുടുംബങ്ങള്‍ക്ക് പുതിയ ഭവനങ്ങള്‍ ലഭിച്ചു. വിദ്യാഭ്യാസം, പാര്‍പ്പിടം, ശുദ്ധജലം തുടങ്ങിയവ ലഭ്യമാക്കുന്നതിലും കത്തോലിക്കാ സഭ ഏറെ പ്രധാനപ്പെട്ട പങ്ക് വഹിച്ചിരിന്നു. ആപത്ത് ഘട്ടത്തിലും തങ്ങളെ സഹായിക്കുവാന്‍ ധാരാളം ആളുകള്‍ കടന്നുവന്നതിനെ ദൈവീകപരിപാലനയായാണ് രാജ്യത്തെ ക്രൈസ്തവര്‍ സാക്ഷ്യപ്പെടുത്തുന്നത്. തങ്ങള്‍ക്ക് ഉള്ളതെല്ലാം നഷ്ട്ടപ്പെട്ടെങ്കിലും ആഴമായ വിശ്വാസബോധ്യങ്ങളുമായി കഴിയുകയാണ് ഇന്ന്‍ നേപ്പാളിലെ ക്രൈസ്തവ ജനത.


Related Articles »