News - 2025

നേപ്പാളില്‍ മതസ്വാതന്ത്ര്യത്തിന് പൂര്‍ണ്ണ വിലക്ക്

സ്വന്തം ലേഖകന്‍ 25-08-2017 - Friday

കാഠ്മണ്ഡു: നേപ്പാളില്‍ മതസ്വാതന്ത്ര്യത്തിന് പൂര്‍ണ്ണവിലക്ക് ഏര്‍പ്പെടുത്തി കൊണ്ട് സുവിശേഷപ്രഘോഷണവും മതപരിവര്‍ത്തനവും നിരോധിച്ചു. സുവിശേഷ പ്രഘോഷണത്തിനും മറ്റ് മതം സ്വീകരിക്കാനുള്ള പൗരന്റെ മതസ്വാതന്ത്ര്യത്തിനും കടിഞ്ഞാണിട്ടുകൊണ്ടാണ് ഇക്കഴിഞ്ഞ ഓഗസ്റ്റ് 8-നു നേപ്പാള്‍ പാര്‍ലമെന്റ് നിയമം പാസ്സാക്കിയത്. പാര്‍ലമെന്റ് പാസ്സാക്കിയ ബില്ലില്‍ നേപ്പാള്‍ പ്രസിഡന്റ് ബിദ്യാ ദേവി ഭണ്ഡാരി അടുത്ത ആഴ്ച ഒപ്പുവെക്കുമെന്നാണ് കരുതപ്പെടുന്നത്.

പുതിയ നിയമമനുസരിച്ച് ഒരാള്‍ ഏത് ജാതിയിലോ, വംശത്തിലോ ആണെങ്കിലും അവന്‍ ജനിച്ചപ്പോള്‍ മുതല്‍ പിന്തുടര്‍ന്ന്‍ വരുന്ന മതമോ, വിശ്വാസമോ, ഭക്തിയോ ക്ഷയിപ്പിക്കുന്ന രീതിയിലുള്ള പ്രവര്‍ത്തികള്‍ ചെയ്യുന്ന ആള്‍ക്ക് 5 വര്‍ഷത്തെ ജയില്‍ ശിക്ഷയായിരിക്കും ലഭിക്കുക. വിദേശിയാണെങ്കിലും ഈ ശിക്ഷ ലഭിക്കുമെന്നാണ് ബില്‍ പറയുന്നത്. മതവികാരം വൃണപ്പെടുത്തുന്ന കുറ്റത്തിന് 2 വര്‍ഷത്തെ തടവിനു പുറമേ 2,000 നേപ്പാളി റുപ്പി പിഴയും ഒടുക്കേണ്ടതായി വരും.

പുതിയ നിയമം നേപ്പാളിലെ മതന്യൂനപക്ഷങ്ങള്‍ക്കിടയില്‍ ആശങ്കക്ക് കാരണമായിട്ടുണ്ട്. ഒരു മതത്തേയും ബില്ലില്‍ പ്രത്യേകം പരാമര്‍ശിക്കുന്നില്ലെങ്കിലും, പാകിസ്ഥാനില്‍ ക്രിസ്ത്യാനികളെ അടിച്ചമര്‍ത്തുവാനുപയോഗിക്കുന്ന ‘ദൈവ നിന്ദാകുറ്റത്തിനു’ സമാനമാണ് നേപ്പാളിലെ പുതിയനിയമമെന്നാണ് വിലയിരുത്തപ്പെടുന്നത്. മതന്യൂനപക്ഷങ്ങളെ, പ്രത്യേകിച്ച് രാജ്യത്തെ കത്തോലിക്കാ സമൂഹത്തെ അടിച്ചമര്‍ത്തുകയെന്ന ലക്ഷ്യമാണ് ഈ നീക്കത്തിന്റെ പിന്നിലെന്നാണ് പരക്കെയുള്ള ആരോപണം. വിശ്വാസത്തിന്റെ പേരില്‍ നേപ്പാളി ക്രിസ്ത്യാനികള്‍ക്ക് ഇതിനുമുന്‍പും വിവേചനം നേരിടേണ്ടിവന്നിട്ടുണ്ട്.

കഴിഞ്ഞവര്‍ഷം യേശുവിനെക്കുറിച്ചുള്ള ഒരു പുസ്തകം പങ്കുവെച്ചുവെന്ന കുറ്റത്തിന് എട്ട് ക്രിസ്ത്യാനികളെ തടവിലാക്കിയിരുന്നു. മതന്യൂനപക്ഷങ്ങളെ സംരക്ഷിക്കുവാനും, മതപരിവര്‍ത്തനവും, സുവിശേഷ പ്രഘോഷണവും, പൊതു ആരാധനയും അനുവദിക്കുകയും ചെയ്യുന്ന അന്താരാഷ്ട്ര നിയമത്തില്‍ നേപ്പാള്‍ ഒപ്പ് വച്ചിരിക്കെ പുതിയ നടപടി ഇതിന്റെ പരസ്യലംഘനമാണെന്ന് അലിയന്‍സ് ഫോര്‍ ഡിഫന്‍സ് ഫ്രീഡമിന്റെ (ADF) നിയമോപദേശകയും, ഡയറക്ടറുമായ ടെഹ്മിനാ അറോറ ആരോപിച്ചു. 80 ശതമാനം ആളുകളും ഹിന്ദുമതവിഭാഗക്കാരായ നേപ്പാളില്‍ വെറും ഒരു ശതമാനം മാത്രമാണ് ക്രിസ്ത്യാനികള്‍.


Related Articles »