News - 2025
ഇന്ത്യയ്ക്കും നേപ്പാളിനും പുതിയ അപ്പസ്തോലിക് നുണ്‍ഷ്യോ
സ്വന്തം ലേഖകന്‍ 22-01-2017 - Sunday
ന്യൂഡൽഹി: ഇന്ത്യയിലെയും നേപ്പാളിലെയും അപ്പസ്തോലിക് നുണ്‍ഷ്യോ ആയി ആർച്ച് ബിഷപ്പ് ഡോ.ജാംബത്തിസ്ത ദിക്വാത്രോയെ നിയമിച്ചു. ബോളീവിയയിലെ അപ്പസ്തോലിക് നുണ്‍ഷ്യോ ആയി സേവനം അനുഷ്ഠിച്ചു വരികെയാണ് പുതിയ നിയമനം. ഇന്നലെ വൈകിട്ടാണ് ഇതുസംബന്ധിച്ച പ്രഖ്യാപനമുണ്ടായത്. ഫെബ്രുവരി പകുതിയോടെ ഡോ. ദിക്വാത്രോ ഇന്ത്യയിലെത്തി ചുമതലയേൽക്കുമെന്നാണ് സൂചന.
ആർച്ച്ബിഷപ് ഡോ. സാൽവത്തോരെ പെനാക്കിയോ ഒക്ടോബറിൽ പോളണ്ടിലേക്കു സ്ഥലം മാറി പോയ സാഹചര്യത്തിലാണ് ഡോ. ദിക്വാത്രോ നിയമിതനായത്. 1985 മേയ് ഒന്നു മുതൽ നയതന്ത്ര രംഗത്ത് പ്രവർത്തിക്കുന്ന ദിക്വാത്രോ, വത്തിക്കാൻ പ്രതിനിധിയായി സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ലിക്, കോംഗോ, ചാഡ്, ഐക്യരാഷ്ട്രസഭ (ന്യൂയോർക്ക്) എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.
വിശുദ്ധ ജോണ്‍ പോൾ രണ്ടാമൻ മാർപാപ്പ 2005-ൽ ആർച്ച്ബിഷപ്പാക്കി ഉയർത്തിയ ഇദ്ദേഹത്തെ പാനമയുടെ അപ്പസ്തോലിക് നുണ്‍ഷ്യോ ആയി നേരത്തെ നിയമിച്ചിരിന്നു. 2008 നവംബർ 21നു ബൊളീവിയയുടെ അപ്പസ്തോലിക് നുണ്‍ഷ്യോ ആയി ബനഡിക്ട് പതിനാറാമൻ മാർപാപ്പയാണ് നിയമിച്ചത്.
ഇറ്റലിയിലെ ബോളോഞ്ഞയിൽ 1954 മാർച്ച് 18നു ജനിച്ച ഡോ. ദിക്വാത്രോ 1981 ഓഗസ്റ്റ് 24ന് വൈദികനായി. കറ്റാനിയ സർവകലാശാലയിൽ നിന്നു സിവിൽ ലോയിൽ ബിരുദാനന്തര ബിരുദവും റോമിലെ ഗ്രിഗോറിയൻ സർവകലാശാലയിൽനിന്നു ഡോഗ്മാറ്റിക് തിയോളജിയിൽ ബിരുദാനന്തര ബിരുദവും ലാറ്ററൻ സർവകലാശാലയില്‍ നിന്നു കാനൻ നിയമത്തിൽ ഡോക്ടറേറ്റും ഡോ. ദിക്വാത്രോ നേടിയിട്ടുണ്ട്.