Faith And Reason - 2024

പതിവ് തെറ്റിക്കാതെ അര്‍ജന്റീന പോലീസിന്റെ മരിയന്‍ തീര്‍ത്ഥാടനം

പ്രവാചകശബ്ദം 01-12-2021 - Wednesday

ബ്യൂണസ് അയേഴ്സ്: മുന്‍ വര്‍ഷങ്ങളിലുള്ള പതിവ് തെറ്റിക്കാതെ അര്‍ജന്റീനിയന്‍ ഫെഡറല്‍ പോലീസ് (പി.എഫ്.എ) ലുജാനിലെ പരിശുദ്ധ കന്യകാമാതാവിന്റെ സന്നിധാനത്തിലേക്ക് തീര്‍ത്ഥാടനം നടത്തി. പി.എഫ്.എയുടെ നാല്‍പ്പത്തിയൊന്നാമത് തീര്‍ത്ഥാടനമായിരുന്നു ഇക്കൊല്ലത്തേത്. രാഷ്ട്രത്തിന്റെ ധാര്‍മ്മികാരോഗ്യത്തിനും ആത്മീയതക്കും വേണ്ടിയുള്ള സേനയുടെ പ്രതിജ്ഞാബദ്ധത മുന്‍നിറുത്തികൊണ്ടായിരുന്നു തീര്‍ത്ഥാടനം നവംബര്‍ 27 ശനിയാഴ്ച സാന്‍ കായെട്ടാനോ ദേവാലയത്തില്‍ നിന്നും ആരംഭിച്ചത്. ഫെഡറല്‍ പോലീസ് അംഗങ്ങള്‍ക്ക് പുറമേ അവരുടെ കുടുംബാംഗങ്ങളും തീര്‍ത്ഥാടനത്തില്‍ പങ്കെടുത്തു. പിറ്റേദിവസം രാവിലെയാണ് തീര്‍ത്ഥാടക സംഘം ലുജാനിലെ ദേവാലയത്തില്‍ എത്തിയത്. അര്‍ജന്റീനിയന്‍ പോലീസിന്റെ ജനറല്‍ ചാപ്ലൈനായ ഫാ. ഡിയഗോ ഡെ കാംപോസിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ ലുജാനിലെ ദേവാലയത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു.

ലുജാനിലെ പരിശുദ്ധ കന്യകാമാതാവിനെ ‘പി.എഫ്.എ’യുടെ മധ്യസ്ഥയായി പ്രഖ്യാപിച്ചതിന്റെ എഴുപത്തിയഞ്ചാമത് വാര്‍ഷികം കൂടിയാണ് ഇക്കൊല്ലമെന്ന്‍ ഫാ. ഡിയഗോ വിശുദ്ധ കുര്‍ബാന മദ്ധ്യേ നടത്തിയ പ്രസംഗത്തില്‍ ഓര്‍മ്മിപ്പിച്ചു. നമ്മള്‍ ഒരു കുടുംബം പോലെയാണെന്ന്‍ പറഞ്ഞ ഫാ. ഡിയഗോ, നമ്മുടെ വ്യക്തിഗത നിയോഗങ്ങള്‍ അര്‍ജന്റീനയുടെ മധ്യസ്ഥ വിശുദ്ധയായ മാതാവിന്റെ പാദാരവിന്ദങ്ങളില്‍ സമര്‍പ്പിക്കുവാനും, ദൈവമാതാവിന്റെ മേലങ്കിയില്‍ അഭയം തേടി മാതാവിന്റെ മാതൃത്വപരമായ സ്നേഹ കടാക്ഷത്തിലായിരിക്കുവാനും പി.എഫ്.എ അംഗങ്ങളോട് ആഹ്വാനം ചെയ്തു.



കൊറോണ പകര്‍ച്ചവ്യാധി മൂലം തീര്‍ത്ഥാടനത്തില്‍ പങ്കെടുക്കുവാന്‍ കഴിയാത്തവരെയും, ജോലിയില്‍ ആയിരിക്കുന്ന പി.എഫ്.എ ഉദ്യോഗസ്ഥരേയും വിശുദ്ധ ബലിയില്‍ പ്രത്യേകം സ്മരിച്ചു. ഒരു രാഷ്ട്രമെന്ന നിലയിലും, അര്‍ജന്റീനിയന്‍ പോലീസെന്ന ഒറ്റ കുടുംബമെന്ന നിലയിലും നമ്മെ ഒരുമിപ്പിക്കുന്ന മൂല്യങ്ങളിലും, തത്വങ്ങളിലും ജീവിക്കുവാനുള്ള സഹായത്തിനായും, ജനങ്ങളുടെ ധാര്‍മ്മികവും, ആത്മീയവുമായ ആരോഗ്യത്തിനു വേണ്ടിയും മാതാവിനോട് പ്രാര്‍ത്ഥിക്കണമെന്ന ആഹ്വാനത്തോടെയാണ് ഫാ. ഡിയാഗോയുടെ പ്രസംഗം അവസാനിച്ചത്. അര്‍ജന്റീനയുടെ സൈന്യത്തില്‍ ആത്മീയ സേവനങ്ങള്‍ ഉള്‍പ്പെടുത്തിയതിന്റെ 208-മത് വാര്‍ഷികാഘോഷമായിരുന്നു നവംബര്‍ 29ന്.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 61