Faith And Reason

ബോംബാക്രമണത്തില്‍ ഗ്വാഡലുപ്പ ചിത്രത്തിന് പ്രതിരോധം തീര്‍ത്ത കുരിശ്: അത്ഭുതകരമായ ആ സംരക്ഷണത്തിന് നൂറുവര്‍ഷം

പ്രവാചകശബ്ദം 16-11-2021 - Tuesday

ഗ്വാഡലുപ്പ: 1531-ല്‍ മെക്സിക്കന്‍ കര്‍ഷകനായ ജുവാന്‍ ഡീഗോക്ക് പരിശുദ്ധ കന്യകാമാതാവ് നല്‍കിയ പ്രത്യക്ഷീകരണങ്ങളിലൂടെ പ്രസിദ്ധമായ ഗ്വാഡലുപ്പയിലെ പരിശുദ്ധ കന്യകാമാതാവിന്റെ അത്ഭുത ചിത്രം ബോംബാക്രമണത്തില്‍ നിന്ന് അത്ഭുതകരമായി സംരക്ഷിക്കപ്പെട്ടതിന്റെ സ്മരണകള്‍ക്ക് നൂറുവര്‍ഷം. 1921 നവംബര്‍ 14-നാണ് ഗ്വാഡലുപ്പയിലെ പഴയ ബസിലിക്കയിലെ ദൈവമാതാവിന്റെ ചിത്രത്തിന് സമീപം പൂക്കള്‍ക്കിടയില്‍ ആരോ ഒളിപ്പിച്ചിരിന്ന ഡൈനാമിറ്റ് ബോംബ്‌ പൊട്ടിത്തെറിച്ചത്. അള്‍ത്താരയുടെ മാര്‍ബിള്‍ പതിച്ച നടക്കല്ലുകളും, വെങ്കലത്തില്‍ തീര്‍ത്ത മെഴുക് തിരിക്കാലുകള്‍ക്കും കേടുപാടുകള്‍ പറ്റിയെങ്കിലും ദൈവമാതാവിന്റെ രൂപത്തിന് നേര്‍ക്കുള്ള ആക്രമണത്തെ സ്വയം ഏറ്റെടുത്തപോലെ മൂന്നടി പൊക്കമുള്ള ക്രൂശിത രൂപം വളഞ്ഞു പോവുകയായിരുന്നു.

സ്ഫോടനത്തില്‍ ദൈവമാതാവിന്റെ അത്ഭുതചിത്രത്തിന് യാതൊരു കേടുപാടും സംഭവിച്ചില്ലെന്ന് മാത്രമല്ല ചിത്രം സൂക്ഷിച്ചിരിക്കുന്ന ഗ്ലാസ് ഫ്രെയിമിന് ഒരു പോറല്‍ പോലും ഏറ്റിരിന്നില്ല. വളഞ്ഞ ക്രൂശിത രൂപവും, ബോംബ്‌ സ്ഫോടനത്തിന് ശേഷം എടുത്ത ഫോട്ടോകളും പുതിയ ബസിലിക്കയുടെ അള്‍ത്താരയുടെ പിറകില്‍ സൂക്ഷിച്ചിട്ടുണ്ട്. തന്റെ മാതാവിന് കവചമായി തീര്‍ന്നുകൊണ്ട് മാതാവിനെ സംരക്ഷിക്കുകയും പരിപാലിക്കുകയും ചെയ്ത ക്രിസ്തുവിന്റെ സാക്ഷ്യത്തിന്റെ നൂറാം വാര്‍ഷികവും നമ്മള്‍ ആഘോഷിക്കുകയാണെന്ന് വാര്‍ഷികാഘോഷത്തോട് അനുബന്ധിച്ച് സഭാ ചരിത്ര പണ്ഡിതനും, ‘ഇന്‍സ്റ്റിറ്റ്യൂട്ടോ സുപ്പീരിയര്‍ ഡെ എസ്റ്റൂഡിയോസ് ഗ്വാഡലൂപാനോസ്’ന്റെ ജനറല്‍ ഡയറക്ടറുമായ ഫാ. എഡ്വാര്‍ഡോ ഷാവെസ് എ.സി.ഐ പ്രെന്‍സയ്ക്കു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

യേശുവിനെ തന്റെ അമലോത്ഭവ ഉദരത്തില്‍ വഹിക്കുന്ന മാതാവിന്റെ ചിത്രമാണ് ഗ്വാഡലുപ്പയിലെ ചിത്രം. ചിത്രത്തിന്റെ കേന്ദ്രബിന്ദുവും, ഈ ചിത്രത്തെ സഭയുടെ ഒരടയാളമാക്കി മാറ്റുന്നതും അതുതന്നെയാണെന്ന് ദൈവമാതാവിന്റെ ദര്‍ശന ഭാഗ്യം ലഭിച്ച ജുവാന്‍ ഡീഗോയുടെ നാമകരണ നടപടികളുടെ പോസ്റ്റുലേറ്റര്‍ കൂടിയായിരുന്നു ഫാ. എഡ്വാര്‍ഡോ ഷാവെസ് പറഞ്ഞു. വര്‍ഷങ്ങള്‍ക്ക് ശേഷം ഏലിയാസ് കാല്ലെസിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിന്റെ മതപീഡനത്തിന്റെ മുന്നോടിയായിട്ടാണ് ഈ ആക്രമണത്തെ വിലയിരുത്തുന്നത്. ആക്രമണം ചിത്രത്തെ മാത്രം ലക്ഷ്യമിട്ടല്ലായിരുന്നെന്നും, സഭയെ കൂടി ലക്ഷ്യമിട്ടായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്ഫോടനത്തിന്റെ ആഘാതത്തില്‍ വളഞ്ഞ ക്രൂശിതരൂപം “ആക്രമണത്തിന്റെ വിശുദ്ധ ക്രിസ്തു” എന്നാണ് ഇന്നു അറിയപ്പെടുന്നത്.

1531-ല്‍ മെക്‌സിക്കന്‍ കര്‍ഷകനായ ജുവാന്‍ ഡിഗോയ്ക്ക് നല്‍കിയ പ്രത്യക്ഷപ്പെടലിലൂടെയാണ് ഗ്വാഡലൂപ്പ ആഗോള ശ്രദ്ധ നേടുന്നത്. തനിക്ക് ലഭിച്ച ദര്‍ശനം ബിഷപ്പിന് മുന്നില്‍ സ്ഥിരീകരിക്കുവാന്‍ പരിശുദ്ധ അമ്മ സമ്മാനിച്ച പുഷ്പവുമായി എത്തിയ ജുവാന്‍ തന്റെ മേലങ്കി ബിഷപ്പിന് മുന്നില്‍ തുറന്നപ്പോള്‍ പൂക്കൾ സൂക്ഷിച്ചിരുന്ന സ്ഥാനത്ത് ജുവാനു പ്രത്യക്ഷപ്പെട്ട അതേ രൂപത്തിൽ പരിശുദ്ധ അമ്മയുടെ ചിത്രം അത്ഭുതകരമായി ആലേഖനം ചെയ്തിരിക്കുകയായിരിന്നു. ഈ ചിത്രമാണ് ‘ഗ്വാഡലൂപിലെ പരിശുദ്ധ മാതാവ്’ എന്ന പേരില്‍ പ്രസിദ്ധമായത്. സംഭവത്തിനു ശേഷമുള്ള നൂറ്റാണ്ടുകളില്‍ ആശ്ചര്യജനകമായതും, വിവരിക്കാനാവാത്തതുമായ ചില പ്രത്യേകതകള്‍ 'ഗ്വാഡലൂപിലെ പരിശുദ്ധ മാതാവിന്റെ' ഈ ചിത്രത്തില്‍ ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിട്ടുണ്ട്.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 60