News - 2025
ഇറാനിലെ സുപ്രീം കോടതി ജഡ്ജിയുടെ പ്രസ്താവത്തില്‍ പ്രതീക്ഷയോടെ ക്രൈസ്തവര്‍
പ്രവാചകശബ്ദം 05-12-2021 - Sunday
ടെഹ്‌റാന്‍: തീവ്ര ഇസ്ലാമിക രാഷ്ട്രമായ ഇറാനില്‍ ഭവനങ്ങള്‍ കേന്ദ്രമാക്കിയുള്ള ക്രിസ്ത്യന്‍ ആരാധനകളും പ്രാര്‍ത്ഥനാ കൂട്ടായ്മകളും നിയമപരമാകുവാന്‍ സാധ്യതയേറുന്നു. ഭവന ദേവാലയങ്ങളിലെ പ്രാര്‍ത്ഥനയില്‍ പങ്കെടുത്ത കുറ്റത്തിന് അറസ്റ്റിലായ 9 പരിവര്‍ത്തിത ക്രൈസ്തവരുടെ കേസ് പരിഗണിക്കവേ സുപ്രീം കോടതി ജഡ്ജി നവംബര്‍ 24ന് നടത്തിയ വിധിപ്രസ്താവമാണ് ഇറാനിലെ ക്രിസ്ത്യന്‍ സമൂഹത്തിനു പ്രതീക്ഷയേകുന്നത്. ഭവന കൂട്ടായ്മകള്‍ വഴി ക്രിസ്തീയ പ്രബോധനം നടത്തുന്നത് രാജ്യസുരക്ഷയെ ആഭ്യന്തരമായോ ബാഹ്യമായോ ബാധിക്കുന്ന ഒത്തുചേരല്‍ അല്ലെന്നു സുപ്രീം കോടതി ജഡ്ജിയുടെ വിധിയില്‍ പറയുന്നു. ക്രൈസ്തവ വിശ്വാസം പ്രചരിപ്പിക്കുന്നതും, ഭവന ദേവാലയങ്ങള്‍ രൂപീകരിക്കുന്നതും ക്രിമിനല്‍ കുറ്റമല്ലെന്നും വിധി പ്രസ്താവത്തിലുണ്ട്.
വര്‍ഷങ്ങളായി തങ്ങള്‍ പറഞ്ഞുകൊണ്ടിരിക്കുന്ന കാര്യം തന്നെയാണ് ജഡ്ജി ഇപ്പോള്‍ പറഞ്ഞിരിക്കുന്നതെന്നു ഇറാനിലെ മതസ്വാതന്ത്ര്യ സംരക്ഷണത്തിന് വേണ്ടി യുകെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ‘ആര്‍ട്ടിക്കിള്‍ 18’ എന്ന സംഘടനയുടെ അഡ്വോക്കസി ഡയറക്ടറായ മന്‍സോര്‍ ബോര്‍ജി പറഞ്ഞു. എന്നാല്‍ വിധി പ്രതീക്ഷിച്ചതിലും അപ്പുറമാണെന്നു അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എല്ലാ നിയമങ്ങളും ഇസ്ലാമിക ശരിയ നിയമത്തെ അടിസ്ഥാനമാക്കിയായിരിക്കണം എന്ന് അനുശാസിക്കുന്ന ഇറാന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 167 ആണ് എല്ലാ ആശയകുഴപ്പങ്ങള്‍ക്കും കാരണമെന്നാണ് ബോര്‍ജി പറയുന്നത്.
രണ്ടു വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് അബ്ദോള്‍റേസ, ഷഹറൂസ് എസ്ലാം ഡൌസ്റ്റ്, ബെഹനാം അഖ്ലാഘി, ബാബക് ഹോസ്സൈന്‍സാദേ, മെഹ്ദി ഖത്തിബി, ഖലീല്‍ ദേഘന്‍പോര്‍, ഹോസ്സൈന്‍ കാടിവര്‍, കമാല്‍ നാമനിയന്‍, മൊഹമ്മദ് വഫാദാര്‍ എന്നീ പരിവര്‍ത്തിത ക്രൈസ്തവരെ ഇറാന്‍ പോലീസ് അറസ്റ്റ് ചെയ്യുന്നത്. 2019-ല്‍ ‘മരണത്തിന്റെ ജഡ്ജി’ എന്ന പേരില്‍ കുപ്രസിദ്ധനായ ജഡ്ജി ഇവര്‍ക്ക് 5 വര്‍ഷത്തെ തടവുശിക്ഷ വിധിച്ചിരുന്നു. എന്നാല്‍ സുപ്രീം കോടതി ജഡ്ജിയുടെ വിധിയോടെ ഇവര്‍ മോചിതരാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. വിശ്വാസത്തിന്റെ പേരില്‍ ഇരുപതോളം ക്രൈസ്തവര്‍ നിലവില്‍ ഇറാനിലെ ജയിലുകളില്‍ കഴിയുന്നുണ്ട്. പുതിയ കോടതി വിധി അടുത്ത ദിവസങ്ങളില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും.
☛ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
☛ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക