News

നിസ്സഹായരാണ്, പ്രാര്‍ത്ഥിക്കണം, സഹായിക്കണം: സിറിയൻ ക്രൈസ്തവര്‍ക്ക് വേണ്ടി അഭ്യർത്ഥനയുമായി കൽദായ വൈദികൻ

പ്രവാചകശബ്ദം 21-12-2021 - Tuesday

ഡമാസ്ക്കസ്: കടുത്ത പ്രതിസന്ധികള്‍ക്കിടയില്‍ ജീവിതം തള്ളിനീക്കുന്ന സിറിയയിലെ നിസ്സഹായരായ ക്രൈസ്തവരെ സഹായിക്കണമെന്ന അഭ്യര്‍ത്ഥനയുമായി കൽദായ സഭയിലെ വൈദികനായ ഫാ. നിദൽ അബ്ദൽ മാസിഹ് തോമസ്. വത്തിക്കാൻ ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് സിറിയയിലെ ക്രൈസ്തവരുടെ ദാരുണമായ അവസ്ഥ അദ്ദേഹം വിവരിച്ചത്. ഇപ്പോൾ കുർദുകളുടെ കൈവശമുള്ള വടക്കുകിഴക്കൻ സിറിയയിലെ പാത്രിയാർക്കൽ വികാരി കൂടിയാണ് നിദൽ അബ്ദൽ മാസിഹ്. ഉത്തര സിറിയയിലെ ജസീര പ്രവിശ്യയിൽ നിന്ന് വലിയൊരു ശതമാനം ക്രൈസ്തവർ പലായനം ചെയ്തു കഴിഞ്ഞുവെന്നും 38 ദേവാലയങ്ങൾ ഉണ്ടായിരുന്ന സ്ഥലത്ത് ഇപ്പോൾ രണ്ടെണ്ണം മാത്രമാണ് പ്രവർത്തിക്കുന്നതെന്നും അദ്ദേഹം വെളിപ്പെടുത്തി.

നേരത്തെ 21,000 സിറിയൻ ഓർത്തഡോക്സ് വിശ്വാസികൾ ഇവിടെ ജീവിച്ചിരുന്നുവെങ്കിൽ ഇപ്പോൾ അത് 800 ആയി കുറഞ്ഞു. നാലു വർഷങ്ങൾക്കു മുമ്പ് 150 ക്രൈസ്തവ വിശ്വാസികളെ ഇവിടെനിന്ന് ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികൾ തട്ടിക്കൊണ്ട് പോയിരുന്നു. 15 ദിവസങ്ങൾക്കു ശേഷം അവർ മോചനദ്രവ്യം ആവശ്യപ്പെടുകയും അത് ലഭിക്കാതെ വന്നപ്പോൾ മൂന്ന് പേരെ വധിക്കുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്തു വിടുകയും ചെയ്തു. പിന്നാലെ കൽദായ സഭ മോചനദ്രവ്യം നൽകണമെന്ന് മൂന്ന് ക്രൈസ്തവർ അഭ്യർത്ഥിക്കുന്ന വീഡിയോയും തീവ്രവാദികൾ പുറത്ത് വിട്ടു.

ഇതേതുടർന്ന് കൽദായ സഭ മോചനദ്രവ്യം നൽകുകയും 146 ക്രൈസ്തവരെ തീവ്രവാദികൾ മോചിപ്പിക്കുകയും ചെയ്തു. എന്നാൽ ഒരു സ്ത്രീയെ അവർ വിടാൻ കൂട്ടാക്കിയില്ല. തീവ്രവാദി നേതാക്കന്മാരിൽ ഒരാൾ ആ സ്ത്രീയെ വിവാഹം ചെയ്യുകയും, ഈ ബന്ധത്തിൽ രണ്ടു കുട്ടികൾ ജനിക്കുകയും ചെയ്തു. ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദ സംഘടനയുടെ തകർച്ചയ്ക്കു ശേഷം ആ സ്ത്രീക്ക് തിരികെ മടങ്ങാൻ അനുവാദം ലഭിച്ചെങ്കിലും, സ്വന്തം കുടുംബാംഗങ്ങൾ തന്നെ കൊല്ലുമോ എന്ന ഭയം നിമിത്തം അവർ തിരികെ എത്തിയില്ല. ഇത്തരത്തിലുള്ള സംഭവവികാസങ്ങളെ തുടർന്നാണ് പ്രദേശത്തുനിന്നും ക്രൈസ്തവര്‍ പലായനം ആരംഭിക്കുന്നത്.

80 ശതമാനം അസ്സീറിയൻ വംശജർ സമീപ രാജ്യമായ ലെബനോനിലേക്കാണ് പലായനം ചെയ്തത്. ഇന്ന് തുർക്കി, ഹിസ്ബുളള തുടങ്ങിയവരുടെ സാന്നിധ്യം പ്രദേശത്തുണ്ട്. ഏതാനും ഫ്രഞ്ച്, ഇറാനിയൻ, സിറിയൻ, കുർദിഷ് സൈനികരും ഇവിടെ നിലയുറപ്പിച്ചിരിക്കുന്നു. ക്രൈസ്തവ വിശ്വാസികളിൽ ചിലർ കുർദിഷ് സേനയോടൊപ്പവും, മറ്റുചിലർ സിറിയൻ സേനയോടൊപ്പവും പോരാട്ടം നടത്തുന്നുണ്ടെന്നും ഇത് ക്രൈസ്തവരെ സംശയദൃഷ്ടിയോടെ നോക്കാൻ ചില വിഭാഗങ്ങളെ പ്രേരിപ്പിക്കുന്നുവെന്നും നിദൽ അബ്ദൽ മാസിഹ് ആശങ്കപങ്കുവെച്ചു. രാജ്യത്ത് നിന്ന് പലായനം ചെയ്ത ബന്ധുക്കളുടെ സഹായത്തോടെ അവിടേക്ക് രക്ഷപ്പെടാൻ വേണ്ടിയുള്ള ശ്രമത്തിലാണ് ക്രൈസ്തവ വിശ്വാസികളെന്നും അദ്ദേഹം പറഞ്ഞു. ഇസ്ലാമിക് സ്റ്റേറ്റ്സ് തീവ്രവാദവും ആഭ്യന്തര യുദ്ധങ്ങളും കനത്ത ആഘാതമേല്‍പ്പിച്ച രാജ്യമാണ് സിറിയ. രാജ്യത്തെ ന്യൂനപക്ഷമാണ് ക്രൈസ്തവര്‍.

More Archives >>

Page 1 of 723