News - 2025
ലോക രാജ്യങ്ങളിലെ സമാധാനത്തിനും സഹോദര്യത്തിനും ആഹ്വാനവുമായി പാപ്പയുടെ 'ഊര്‍ബി ഏത്ത് ഓര്‍ബി'
പ്രവാചകശബ്ദം 26-12-2021 - Sunday
വത്തിക്കാന്‍ സിറ്റി: ലോക രാജ്യങ്ങളിലെ സമാധാനത്തിനും സഹോദര്യത്തിനും ആഹ്വാനവുമായി ക്രിസ്തുമസിനോട് അനുബന്ധിച്ച് ഫ്രാന്‍സിസ് പാപ്പയുടെ 'ഊര്‍ബി ഏത്ത് ഓര്‍ബി' സന്ദേശം. ഇന്നലെ വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്റെ ബസിലിക്കയുടെ മട്ടുപ്പാവിൽനിന്ന് 'റോമാ നഗരത്തിനും ലോകത്തിനും' എന്നര്‍ത്ഥം വരുന്ന 'ഊര്‍ബി ഏത്ത് ഓര്‍ബി' സന്ദേശത്തില്‍ വിവിധ ലോകരാജ്യങ്ങളെ പേരെടുത്ത് പരാമര്‍ശിച്ചാണ് പാപ്പ സമാധാനത്തിനും ഐക്യത്തിനും സാഹോദര്യത്തിനും ആഹ്വാനം നല്‍കിയത്. ലോകമെങ്ങും പടർന്നുകൊണ്ടിരിക്കുന്ന കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ കഴിഞ്ഞ വർഷത്തെ ഊർബി എത്ത് ഓർബി സന്ദേശം സാധാരണ രീതിയിൽ നൽകാൻ കഴിഞ്ഞിരുന്നില്ല. എന്നാല്‍ ഇത്തവണ സാധാരണ നടക്കാറുള്ളതുപോലെ വിശുദ്ധ പത്രോസിന്റെ ബസലിക്കയുടെ മുൻവശത്തുള്ള മട്ടുപ്പാവിൽ നിന്നുകൊണ്ടാണ് സന്ദേശവും ആശീർവാദവും നൽകിയത്.
സത്യത്തിൽ, യഥാർത്ഥ സമാധാനത്തിന്റെ ഉറവിടമായ രക്ഷകന്റെ ജനനത്തെക്കുറിച്ചുള്ള പ്രഖ്യാപനം നമുക്കുചുറ്റും, ലോകമെമ്പാടും മുഴങ്ങുമ്പോഴും, നിരവധി സംഘർഷങ്ങളും പ്രതിസന്ധികളും നമുക്ക് കാണാം. ഒരിക്കലും അവസാനിക്കില്ലെന്ന് തോന്നുന്ന അവയെ നമ്മൾ ശ്രദ്ധിക്കുന്നു പോലുമില്ല. അതിതീവ്രമായ ദുരന്തങ്ങൾ പോലും നിശബ്ദമായി കടന്നുപോകുന്ന നിലയിൽ നമുക്കിത് ശീലമായിരിക്കുന്നു. നമ്മുടെ അനേകം സഹോദരീസഹോദരന്മാരുടെ വേദനയുടെയും നിരാശയുടെയും നിലവിളി കേൾക്കാതിരിക്കാൻ പോലുമുള്ള സാധ്യതയുണ്ട്. സിറിയ, ഇറാഖ്, യമൻ രാജ്യങ്ങളിലെ അരക്ഷിതാവസ്ഥ പാപ്പ തുടര്‍ന്നു വിവരിച്ചു.
സിറിയ, ഇറാഖ്, യെമൻ
അനേകർ ദുരിതങ്ങള്‍ക്ക് ഇരയാക്കപ്പെടുകയും എണ്ണമില്ലാത്തത്ര അഭയാർത്ഥികൾ സൃഷ്ടിക്കപ്പെടുകയും ചെയ്ത യുദ്ധത്തിൽ ഏതാണ്ട് ഒരു പതിറ്റാണ്ടിൽപ്പരം നാളുകളായി ജീവിക്കുന്ന സിറിയൻ ജനതയെക്കുറിച്ച് നമുക്ക് ചിന്തിക്കാം. വളരെനാൾ നീണ്ടുനിന്ന ഒരു പോരാട്ടത്തിൽനിന്ന് എഴുന്നേൽക്കാൻ ഇപ്പോഴും പാടുപെടുന്ന ഇറാഖിനെ നോക്കാം. എല്ലാ ദിവസവും നിരവധി മരണങ്ങൾ ഉണ്ടാക്കികൊണ്ടിരിക്കുന്ന, എന്നാൽ എല്ലാവരാലും മറക്കപ്പെട്ട ഒരു വലിയ ദുരന്തം വർഷങ്ങളായി നിശബ്ദതയിൽ കാർന്നുതിന്നുകൊണ്ടിരിക്കുന്ന യെമെനിലെ കുട്ടികളിൽനിന്നുയരുന്ന നിലവിളി കേൾക്കാം.
വിശുദ്ധ നാട്
എക്കാലത്തെയും വലിയ സാമൂഹിക, രാഷ്ട്രീയ പ്രത്യാഘാതങ്ങളോടെ പരിഹാരമില്ലാതെ നീളുന്ന ഇസ്രായേലി, പലസ്തീനിയൻ ജനതകൾക്കിടയിൽ തുടരുന്ന പ്രശ്നങ്ങളെ ഓർക്കാം. ക്രിസ്തു ജന്മമെടുത്ത ബെത്ലെഹേം ഇപ്പോഴത്തെ മഹാമാരിമൂലമുള്ള സാമ്പത്തികബുദ്ധിമുട്ടുകൾ മൂലം ജീവിക്കുന്ന, വിഷമസ്ഥിതിയെ മറക്കാതിരിക്കാം. ഈ മഹാമാരി, ജനജീവിതത്തിന് പ്രതികൂലഫലങ്ങൾ സൃഷ്ടിച്ചുകൊണ്ട്, തീർത്ഥാടകർ വിശുദ്ധനാടുകളിലെത്തുന്നത് തടയുന്നു. ആശങ്കാജനകമായ രീതിയിൽ മുൻപെങ്ങുമില്ലാതിരുന്ന ഒരു സാമ്പത്തിക, സാമൂഹിക പ്രതിസന്ധി അനുഭവിക്കുന്ന ലെബാനോനെക്കുറിച്ച് ഓർക്കാം.
മിഡിൽ ഈസ്റ്റ്, അഫ്ഗാനിസ്ഥാൻ
ഉണ്ണീശോയെ, മധ്യപൂർവ്വദേശങ്ങൾക്കും ലോകം മുഴുവനും സമാധാനവും ഐക്യവും നൽകേണമേ. തങ്ങളുടെ ജന്മനാടുകളിൽനിന്ന് പലായനം ചെയ്യാൻ നിർബന്ധിതരായ ജനങ്ങൾക്ക് മാനവിക സഹായം നൽകാൻ പ്രതിജ്ഞാബദ്ധരായ ആളുകളെ താങ്ങേണമേ. സ്വന്തം നാടുവിട്ടുപോകാൻ പലരെയും പ്രേരിപ്പിച്ച സംഘർഷങ്ങളാൽ നാല്പതുവർഷമായി കഠിനമായി പരീക്ഷിക്കപ്പെട്ടുകൊണ്ടിരിക്കുന്ന .അഫ്ഗാൻ ജനതയെ ആശ്വസിപ്പിക്കണമേ.
മ്യാൻമര്‍, യുക്രൈയിന്‍
ജനതകളുടെ രാജാവേ, പിരിമുറുക്കങ്ങളാലും സംഘർഷങ്ങളാലും അസ്വസ്ഥരായ സമൂഹങ്ങളെ സമാധാനിപ്പിക്കാൻ രാഷ്ട്രീയാധികാരികളെ സഹായിക്കേണമേ. അസഹിഷ്ണുതയും അക്രമവും, പലപ്പോഴും ക്രിസ്ത്യൻ സമൂഹത്തെയും ആരാധനാലയങ്ങളെയും ലക്‌ഷ്യം വയ്ക്കുകയും അങ്ങനെ, ആ ജനതയുടെ സമാധാനപരമായ മുഖം മറയ്ക്കുകയും ചെയ്യുന്ന മ്യാൻമറിലെ ജനങ്ങളെ താങ്ങിനിറുത്തേണമേ. സമൂഹത്തിലെ പൊതുരീതിക്ക് വിപരീതമായിപ്പോലും പരസ്പരമുള്ള കണ്ടുമുട്ടലുകൾക്കും സംവാദങ്ങൾക്കും അനുകൂലമായി വിശ്വസിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നവരെ കാത്തുപരിപാലിക്കുകയും അവർക്ക് വെളിച്ചമേകുകയും ചെയ്യേണമേ. ഒപ്പം യുക്രയിനിലെ ശക്തമായ സംഘർഷത്തിന്റെ വേരുകൾ കൂടുതൽ പടരുവാൻ അനുവദിക്കരുതേ.
എത്യോപ്യ, സഹേൽ, വടക്കേ ആഫ്രിക്ക, സുഡാൻ, ദക്ഷിണ സുഡാൻ
സമാധാനത്തിന്റെ രാജകുമാരാ, ജനങ്ങളുടെ ആവശ്യങ്ങൾക്ക് പ്രഥമസ്ഥാനം നൽകിക്കൊണ്ട്, ആത്മാർത്ഥമായ ചർച്ചയിലൂടെ അനുരഞ്ജനത്തിന്റെയും സമാധാനത്തിന്റെയും പാത വീണ്ടും കണ്ടെത്തുന്നതിന് എത്യോപ്യയെ സഹായിക്കേണമേ. അന്താരാഷ്ട്ര ഭീകരതയുടെ അക്രമം അനുഭവിക്കുന്ന സഹേൽ മേഖലയിലെ ജനങ്ങളുടെ നിലവിളി കേൾക്കേണമേ. ഭിന്നതകൾ, തൊഴിലില്ലായ്മ, സാമ്പത്തിക അസമത്വം എന്നിവയാൽ വലയുന്ന വടക്കേ ആഫ്രിക്കയിലെ രാജ്യങ്ങളിലെ ജനങ്ങളിലേക്ക് അങ്ങയുടെ കണ്ണുകൾ തിരിക്കേണമേ. സുഡാനിലും ദക്ഷിണ സുഡാനിലും ആഭ്യന്തര കലഹങ്ങളാൽ ബുദ്ധിമുട്ടുന്ന അനേകം സഹോദരീസഹോദരന്മാരുടെ കഷ്ടപ്പാടുകൾ നീ ലഘൂകരിക്കേണമേ.
അമേരിക്ക
സംവാദങ്ങൾ, പരസ്പരബഹുമാനം, എല്ലാ മനുഷ്യരുടെയും അവകാശങ്ങളുടെയും സാംസ്കാരികമൂല്യങ്ങളുടെയും അംഗീകാരം എന്നിവയിലൂടെ, അമേരിക്കൻ ഭൂഖണ്ഡത്തിലുള്ള എല്ലാ ആളുകളുടെയും ഹൃദയത്തിൽ, ഐക്യദാർഢ്യത്തിന്റെയും, അനുരഞ്ജനത്തിന്റെയും, സമാധാനപരമായ സഹവർത്തിത്വത്തിന്റെയും മൂല്യങ്ങൾ നിലനിൽക്കേണമേ. നമ്മുടെ കാലഘട്ടത്തിലെ നിരവധി ബുദ്ധിമുട്ടുകൾ ഉണ്ടെങ്കിലും അവയേക്കാൾ ശക്തമാണ് അവിടുന്നിലുള്ള പ്രത്യാശയെന്നും പാപ്പ സന്ദേശത്തിന്റെ അവസാന ഭാഗത്തില്‍ ഓര്‍മ്മിപ്പിച്ചു. സന്ദേശത്തിന് ശേഷം ത്രികാലപ്രാർത്ഥന നയിച്ച പാപ്പ പൂർണ്ണദണ്ഡവിമോചനദായകമായ "ഊർബി ഏത്ത് ഓർബി" ആശീർവ്വാദം നല്കി. ഇതോടെയാണ് വത്തിക്കാനിലെ ക്രിസ്തുമസ് ചടങ്ങുകള്‍ക്ക് സമാപനമായത്.
☛ Translation Courtesy: Vatican Media
☛ Edited by: Pravachaka Sabdam