News - 2025

"സാന്താക്ലോസ് ഹിന്ദുക്കളെ മതം മാറ്റാനുള്ള മിഷ്ണറിമാരുടെ അടവ്": കോലം കത്തിച്ചും ജയ് ശ്രീറാം വിളിച്ചും ഹിന്ദുത്വവാദികള്‍

പ്രവാചകശബ്ദം 26-12-2021 - Sunday

ആഗ്ര: ഹൈന്ദവരെ മതപരിവർത്തനം നടത്താനുള്ള ക്രിസ്ത്യൻ മിഷ്ണറിമാരുടെ "തന്ത്രത്തിന്റെ" ഭാഗമാണെന്ന് ആരോപിച്ച് ആഗ്രയിൽ സാന്താക്ലോസിന്റെ കോലം കത്തിച്ചു. മഹാത്മാഗാന്ധി മാർഗിലെ സെന്റ് ജോൺസ് കോളേജ് കവലയിലാണ് ഹിന്ദു പരിഷത്തും രാഷ്ട്രീയ ബജ്‌റംഗ് ദളും ചേർന്നു കോലം കത്തിച്ചത്. "സാന്താക്ലോസ് മൂർദാബാദ്" എന്ന മുദ്രാവാക്യവും ഇവര്‍ മുഴക്കിയിരിന്നു. ക്രിസ്മസിന് സാന്താക്ലോസിന്റെ രൂപങ്ങൾ ഉപയോഗിച്ച് മതപരിവർത്തനം നടത്തുന്നതിനെതിരാണ് തങ്ങളെന്നും മിഷ്ണറി സ്കൂളുകൾ വിദ്യാർത്ഥികളെ നിർബന്ധിത മതപരിവർത്തനം നടത്തുന്നുവെന്നും ഇവര്‍ ആരോപണം നടത്തി.

"സാന്താക്ലോസ് ഒരു സമ്മാനവും കൊണ്ടുവരുന്നില്ല, ഹിന്ദുക്കളെ ക്രിസ്ത്യാനികളാക്കി മാറ്റുക എന്നതാണ് ഏക ലക്ഷ്യം. ഇനി അത് നടക്കില്ല. മതപരിവർത്തനത്തിനുള്ള ഒരു ശ്രമവും വിജയിക്കാൻ അനുവദിക്കില്ല. ഇത് നിർത്തിയില്ലെങ്കിൽ മിഷ്ണറി സ്‌കൂളുകളിൽ പ്രക്ഷോഭം നടത്തും" അജ്ജു ചൗഹാൻ പറഞ്ഞു. ക്രൈസ്തവ മിഷ്ണറിമാര്‍ക്ക് താക്കീത് നല്‍കുന്ന നിരവധി സന്ദേശങ്ങളും ഇവര്‍ പങ്കുവെച്ചിട്ടുണ്ട്.

അതേസമയം ക്രിസ്തുമസിനോട് അനുബന്ധിച്ച് നിരവധി അക്രമ സംഭവങ്ങളാണ് ഇത്തവണ ഉണ്ടായത്. ആസാമില്‍ തീവ്രഹിന്ദുത്വ വാദികള്‍ ക്രിസ്മസ് ആഘോഷങ്ങള്‍ തടസപ്പെടുത്തി. സില്‍ച്ചാറിലെ പള്ളിയില്‍ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകരുടെ നേതൃത്വത്തിലാണ് അക്രമം നടന്നത്. പള്ളിയുടെ അകത്ത് ബലംപ്രയോഗിച്ച് പ്രവേശിച്ച അക്രമികള്‍ വിശ്വാസികളെ ഭീഷണിപ്പെടുത്തി. നടന്നത് ചെറിയകാര്യമാണെന്നും അതിനാല്‍ സ്വമേധയാ കേസെടുക്കേണ്ട ആവശ്യമില്ലെന്നും പറഞ്ഞ് പോലീസ് സംഭവത്തെ നിസാരവല്‍ക്കരിച്ചു.

സംഭവവുമായി ബന്ധപ്പെട്ട് ആരും പരാതി നല്‍കിയിട്ടില്ലെന്നും അതുകൊണ്ട് കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും പോലീസ് പറഞ്ഞു. കര്‍ണ്ണാടകയിലും മധ്യപ്രദേശിലും സമാനമായ അക്രമങ്ങള്‍ ഉണ്ടായിട്ടുണ്ട്.

More Archives >>

Page 1 of 724