News - 2025
കെനിയയില്‍ ഇസ്ലാമിക തീവ്രവാദികളുടെ ആക്രമണത്തില്‍ 7 ക്രൈസ്തവര്‍ കൊല്ലപ്പെട്ടു
പ്രവാചകശബ്ദം 10-01-2022 - Monday
ലാമുവ: കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യമായ കെനിയയില്‍ മണിക്കൂറുകള്‍ക്കുള്ളില്‍ നടന്ന രണ്ട് തീവ്രവാദി ആക്രമണങ്ങളിലായി ഏഴു ക്രൈസ്തവര്‍ കൊല്ലപ്പെട്ടു. കെനിയയിലെ സോമാലിയന്‍ അതിര്‍ത്തിയോട് ചേര്‍ന്ന് കിടക്കുന്ന ലാമു കൗണ്ടിയിലെ വിധു ഗ്രാമത്തില്‍ അല്‍-ഷബാബ് എന്ന് കരുതപ്പെടുന്ന ഇസ്ലാമിക തീവ്രവാദികള്‍ നടത്തിയ ആക്രമണത്തില്‍ ആറുപേരാണ് കൊല്ലപ്പെട്ടത്. ജനുവരി 3-ന് പുലര്‍ച്ചെയാണ് ആക്രമണം നടന്നതെങ്കിലും ഇക്കഴിഞ്ഞ ദിവസങ്ങളിലാണ് ഇത് മാധ്യമങ്ങളില്‍ വാര്‍ത്തയാകുന്നത്. ഒരാള്‍ വെടിയേറ്റും, മറ്റൊരാള്‍ വെട്ടേറ്റും ബാക്കി നാലു പേരെ അഗ്നിക്കിരയാക്കിയുമാണ് കൊലപ്പെടുത്തിയതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഏഴോളം വീടുകള്‍ തീവ്രവാദികള്‍ അഗ്നിക്കിരയാക്കിയതായി പ്രാദേശിക ദേവാലയത്തിലെ വചനപ്രഘോഷകനായ സ്റ്റീഫന്‍ സില അന്താരാഷ്ട്ര മതപീഡന നിരീക്ഷക സംഘടനയായ ഇന്റര്‍നാഷണല്‍ ക്രിസ്ത്യന്‍ കണ്‍സേണിനോട് പറഞ്ഞു.
ഇതേ ദിവസം രാത്രി 11 മണിക്ക് സമീപ ഗ്രാമമായ ബോബോ-ഹിണ്ടിയില്‍ നടന്ന മറ്റൊരാക്രമണത്തില്‍ മറ്റൊരു ക്രൈസ്തവന്‍ കൂടി കൊല്ലപ്പെടുകയും 3 വീടുകള്‍ അഗ്നിക്കിരയാവുകയും ചെയ്തു. വെന്തു മരിച്ചവരുടെ മൃതദേഹങ്ങള്‍ തിരിച്ചറിയുവാന്‍ കഴിയാത്ത നിലയിലായിരുന്നെന്നും, പുക ഉയരുന്ന വെന്ത് വെണ്ണീറായ വീടുകളുടേയും ചിതറികിടക്കുന്ന മൃതദേഹങ്ങളുടേയും കാഴ്ച ഭയാനകമായിരുന്നെന്നും സ്റ്റീഫന്‍ പറഞ്ഞു. ഗ്രാമത്തിലുണ്ടായിരുന്ന മറ്റുള്ളവര്‍ ഇരുട്ടില്‍ ഓടി ഒളിച്ചു. അവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ ഇപ്പോഴും നടന്നുവരികയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജോണ്‍ ഗിച്ചോയ എന്ന ക്രിസ്ത്യാനിയാണ് ബോബോ-ഹിണ്ടിയില്‍ നടന്ന ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.
സൊമാലിയ ആസ്ഥാനമായി അല്‍ക്വയ്ദയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന അല്‍-ഷബാബ് എന്ന തീവ്രവാദി സംഘടന കെനിയയിലെ ക്രൈസ്തവരെ സംബന്ധിച്ചിടത്തോളം വലിയ ഭീഷണിയായി മാറിയിരിക്കുകയാണ്. ക്രൈസ്തവ വിശ്വാസം പിന്തുടരുന്നവരാണ് ഭൂരിപക്ഷമെങ്കിലും മുസ്ലീം ഭൂരിപക്ഷ വടക്ക്-കിഴക്കന്‍ തീരപ്രദേശങ്ങളില്‍ താമസിക്കുന്ന ക്രൈസ്തവര്‍ ആക്രമണത്തിനിരയാവുന്നത് പതിവായി കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷം ജനുവരിയിലും അല്‍-ഷബാബ് സമാനമായ ആക്രമണങ്ങള്‍ നടത്തിയിരുന്നു. ലാമുവിലെ ഏറ്റവും സുരക്ഷിതമായ സൈനീക കേന്ദ്രത്തിലും, നൈറോബി ഹോട്ടലിലുമാണ് തീവ്രവാദികള്‍ ആക്രമണം നടത്തിയത്.
പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും.
☛ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
☛ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക