News - 2025

മത തീവ്രവാദത്തിനെതിരെ സംയുക്ത പ്രഖ്യാപനവുമായി മൊസാംബിക്കിലെ ക്രിസ്ത്യന്‍ മുസ്ലീം നേതാക്കള്‍

പ്രവാചകശബ്ദം 12-01-2022 - Wednesday

മാപുടോ: തെക്കേ ആഫ്രിക്കന്‍ രാഷ്ട്രമായ മൊസാംബിക്കില്‍ പതിവായിക്കൊണ്ടിരിക്കുന്ന ഇസ്ലാമിക തീവ്രവാദി ആക്രമണങ്ങള്‍ക്കെതിരെ ഒരുമിച്ച് പോരാടുവാന്‍ തീരുമാനമെടുത്ത് ക്രിസ്ത്യന്‍, മുസ്ലീം മത നേതാക്കള്‍. ഇരു മതങ്ങളിലെയും നേതാക്കള്‍ പെംബാ നഗരത്തില്‍ ചേര്‍ന്ന സംയുക്ത യോഗത്തിലാണ് മതതീവ്രവാദത്തിനെതിരെ സംയുക്തമായി പോരാടുവാന്‍ തീരുമാനമായത്. മതത്തിന്റെ യഥാര്‍ത്ഥ അര്‍ത്ഥം ഉയര്‍ത്തിപ്പിടിക്കുവാന്‍ യോഗത്തില്‍ തീരുമാനമായെന്നു ഇരുവിഭാഗം നേതാക്കളും ജനുവരി 3-ന് സംയുക്തമായി പുറത്തുവിട്ട പെംബാ ഇന്റര്‍ഫെയിത്ത് ഡിക്ലറേഷനില്‍ പറയുന്നു. വിവിധ മതങ്ങള്‍ തമ്മില്‍ അറിവുകള്‍ പങ്കുവെക്കുന്നതിനും, സുസ്ഥിരമായ സമാധാനത്തിനുമായി പ്രാര്‍ത്ഥനകള്‍ സംഘടിപ്പിക്കുന്നതിനും യോഗത്തില്‍ ധാരണയായിട്ടുണ്ട്.

മൊസാംബിക്ക് കത്തോലിക്ക മെത്രാന്‍ സമിതിയുടെ പ്രതിനിധിയായി ബിഷപ്പ് അന്റോണിയോ ജൂലിയാസ്സെ സാന്‍ഡ്രാമോ, മൊസാംബിക്ക് ഇസ്ലാമിക് കൗണ്‍സിലിനെ പ്രതിനിധീകരിച്ച് ഷെയിക്ക് ന്‍സെ അസ്സ്വാട്ടെ, മൊസാംബിക് ഇസ്ലാമിക് കോണ്‍ഗ്രസ് പ്രതിനിധി ഷെയിക്ക് നസ്സുരാലാഹെ ദുലാ എന്നിവരാണ് 15 പോയന്റുള്ള ഇന്റര്‍ഫെയിത്ത് പ്രഖ്യാപനത്തില്‍ ഒപ്പുവെച്ച പ്രമുഖര്‍. മൊസാംബിക് ക്രിസ്റ്റ്യന്‍ കൗണ്‍സിലിലെ ആല്‍ബെര്‍ട്ടോ സബാവോ, കാബോ ഡെല്‍ഗാഡോയിലെ ഇസ്ലാമിക് കമ്മ്യൂണിറ്റിയെ പ്രതിനിധീകരിച്ച് ഷെയിഖ് അബ്ദുള്‍ ലാരിഫോ ഇന്‍കാച, മുസ്ലീം യൂത്ത് യൂണിയനില്‍ നിന്നുള്ള ഷെയിഖ് വിക്റ്റോറിനോ ലൂയിസ് പ്രോമോജ, കാബോ ഡെല്‍ഗാഡോയിലെ അലിമോസ് കൗണ്‍സിലിലെ ഷെയിഖ് ഇസ്മായില്‍ സെലെമാനെ തുടങ്ങിയവരാണ് പ്രഖ്യാപനത്തില്‍ ഒപ്പുവെച്ച മറ്റുളളവര്‍.

എല്ലാത്തരം ഭീഷണികള്‍ക്കിടയിലും ശക്തമായ ഐക്യം ഉയര്‍ത്തിപ്പിടിക്കുമെന്നും, മത തീവ്രവാദത്തെ തള്ളിക്കളയുമെന്നും, സാഹോദര്യവും, സമാധാനം പുലര്‍ത്തുവാന്‍ പ്രതിജ്ഞാബദ്ധരായിക്കൊണ്ടു തോളോടു തോള്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും സംയുക്ത പ്രഖ്യാപനത്തില്‍ പറയുന്നു. മൊസാംബിക്കില്‍ 2017 ഒക്ടോബറില്‍ ആരംഭിച്ച തീവ്രവാദി ആക്രമണങ്ങളെ തുടര്‍ന്നു ഇതുവരെ മൂവായിരത്തോളം പേരുടെ ജീവന്‍ നഷ്ടമാവുകയും, എട്ടുലക്ഷത്തോളം പേര്‍ ഭവനരഹിതരാവുകയും ചെയ്തിട്ടുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. കാബോ ഡെല്‍ഗാഡോക്ക് പുറത്തുള്ള നഗരങ്ങളില്‍ നടന്നുവരുന്ന തീവ്രവാദി ആക്രമണങ്ങളില്‍ പൊന്തിഫിക്കല്‍ സന്നദ്ധ സംഘടനയായ എയിഡ് റ്റു ദി ചര്‍ച്ച് നീഡ്‌ (എ.സി.എന്‍) ആശങ്ക പ്രകടിപ്പിച്ചിരിന്നു.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »