News - 2025

ചരിത്രത്തില്‍ ആദ്യമായി സ്കോട്ടിഷ് സര്‍ക്കാരിന് ആത്മീയ ഉപദേശകന്‍

പ്രവാചകശബ്ദം 19-01-2022 - Wednesday

യൂറോപ്യന്‍ രാജ്യമായ സ്‌കോട്ട്‌ലാന്റിന്റെ ചരിത്രത്തില്‍ ആദ്യമായി സ്കോട്ടിഷ് സര്‍ക്കാര്‍ തങ്ങളുടെ ആത്മീയ പരിപാലന സേവനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതിനായി ദേശീയ അഡ്വൈസറെ നിയമിച്ചു. സ്കോട്ടിഷ് സഭയുടെ ഡയക്കനേറ്റ് കൗണ്‍സില്‍ തലവന്‍ മാര്‍ക്ക് ഇവാന്‍സ് ആയിരിക്കും സ്കോട്ടിഷ് സര്‍ക്കാരിനും, നാഷണല്‍ ഹെല്‍ത്ത് സര്‍വീസ് (എന്‍.എച്ച്.എസ്) ബോര്‍ഡുകള്‍ക്കും ആത്മീയ സേവനങ്ങള്‍ സംബന്ധിച്ച ഉപദേശങ്ങള്‍ നല്‍കുക. എല്ലാ നാഷണല്‍ ഹെല്‍ത്ത് ബോര്‍ഡുകളിലും ഒരേ രീതിയിലുള്ള ആത്മീയ സേവനങ്ങള്‍ ലഭ്യമാണെന്ന്‍ ഉറപ്പ് വരുത്തേണ്ടതു ഇദ്ദേഹത്തിന്റെ ചുമതലയാണ്. എന്‍.എച്ച്.എസ് ഫിഫെയുടെ ആത്മീയ പരിപാലനത്തിനും നേതൃത്വം നല്‍കി വരവേയാണ് മാര്‍ക്ക് ഇവാന്‍സിന് പുതിയ ചുമതല ലഭിക്കുന്നത്.

പുതിയ ചുമതലയില്‍ തനിക്ക് സന്തോഷമുണ്ടെങ്കിലും തന്റെ മുന്നിലുള്ള ദൗത്യത്തിന്റെ വലുപ്പമോര്‍ക്കുമ്പോള്‍ അല്‍പ്പം ആശങ്കയുണ്ടെന്നു മാര്‍ക്ക് ഇവാന്‍സ് പ്രീമിയര്‍ ന്യൂസിനോട് പറഞ്ഞു. തനിക്ക് താല്‍പ്പര്യമുള്ള ഒരു വിഷയമാണിതെന്നും, പുതിയ ദൗത്യം സംബന്ധിച്ച് ഒരുപാട് പ്രതീക്ഷകള്‍ ഉണ്ടെന്നും, അതിനൊത്ത് ഉയരുവാന്‍ താന്‍ ശ്രമിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്‍.എച്ച്.എസ് സ്കോട്ട്ലാന്‍റിലെ ആത്മീയ പരിപാലനവും, ആരോഗ്യ പരിപാലന ചാപ്ലൈന്‍സിയും സംബന്ധിച്ച ഒരു ദേശീയ കര്‍മ്മ പദ്ധതിയും നയവും രൂപീകരിക്കുവാനാണ് താന്‍ പ്രഥമ പരിഗണനയെന്നും അദ്ദേഹം പറഞ്ഞു.

മുന്‍ കാലങ്ങളില്‍ ഇതുസംബന്ധിച്ച ഒരു രൂപരേഖയും, മാര്‍ഗ്ഗനിര്‍ദ്ദേശക രേഖകളും ലഭ്യമായിരുന്നു. നിയമനം മുതല്‍, വിദ്യാഭ്യാസം, പരിശീലനം സര്‍വീസ് ഡെലിവറി എന്നിവ ഉള്‍പ്പെടുന്ന കര്‍മ്മപദ്ധതിയും, നയവും രൂപപ്പെടുത്തുക ഇതാദ്യമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്‍.എച്ച്.എസ് സ്കോട്ട്ലാന്‍ഡിലെ ആത്മീയ പരിപാലന സേവനങ്ങള്‍ വികസിപ്പിക്കുന്നതിനും, മേല്‍നോട്ടം നല്‍കുന്നതിനുമായി ബന്ധപ്പെട്ട വിദഗ്ദരെ ഉള്‍പ്പെടുത്തിക്കൊണ്ട് നാഷണല്‍ പ്രോഗ്രാം ബോര്‍ഡ് രൂപീകരിക്കുവാനും അദ്ദേഹം താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.

More Archives >>

Page 1 of 730