News - 2024

ചാവേർ ഭീകരർ ലെബനോനിലെ ക്രൈസ്തവ ഗ്രാമത്തെ ലക്ഷ്യമിടുന്നു.

സ്വന്തം ലേഖകന്‍ 29-06-2016 - Wednesday

സിറിയൻ അതിർത്തിയിൽ നടന്ന ചാവേർ ആക്രമണത്തിൽ സാധാരണക്കാരായ അഞ്ചു പേർ കൊല്ലപ്പെട്ടു.30 പേർക്ക് ഗുരുതരമായ പരിക്കേറ്റു. ക്രൈസ്തവ ഭൂരിപക്ഷമുള്ള ക്വാ എന്ന ലെബനോൻ ഗ്രാമത്തിൽ തിങ്കളാഴ്ച്ച രാവിലെ നടന്ന ചാവേർ ബോംബാക്രമണങ്ങളിൽ അഞ്ച് ചാവേർ അക്രമികൾ പങ്കെടുത്തതായാണ് റിപ്പോര്‍ട്ടുകള്‍. അതിൽ ഒരാക്രമണം ക്രൈസ്തവ ദേവാലയത്തെ ഉന്നം വെച്ചിട്ടുള്ളതായിരുന്നു.

രാവിലെ നടന്ന അക്രമങ്ങളിൽ കൊല്ലപ്പെട്ടവരുടെയും പരിക്കേറ്റവരുടെയും ബന്ധുക്കളും സുഹൃത്തുക്കളും ദേവാലയത്തിനു പുറത്ത് ഒത്തുകൂടിയിരുന്നു. പെട്ടെന്ന് മോട്ടോർ സൈക്കിളിൽ എത്തിയ ചാവേറുകൾ അവരുടെ നേരെ ഗ്രനേഡ് എറിഞ്ഞതിനു ശേഷം സ്വയം പൊട്ടിത്തെറിക്കുകയായിരിന്നു. ഈ സംഭവത്തിൽ 13 പേർക്ക് പരുക്കേറ്റു.

ഗ്രാമത്തിലെ രൂപതയുടെ ഉടമസ്ഥതയിലുള്ള ഒരു ആംബുലൻസ് ചാവേറാക്രമണത്തിൽ തകർന്നു. ആംബുലൻസ് ഡ്രൈവർ കൊല്ലപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ടുകള്‍. അക്രമസംഭവങ്ങളിൽ പരിഭ്രാന്തരായ ഗ്രാമീണർ വീടുകളില്‍ നിന്നും പുറത്തിറങ്ങാൻ ഭയപ്പെട്ടു കഴിയുകയാണ്. കൂട്ടം കൂടുന്നത് ഒഴിവാക്കാൻ സൈന്യം ജനങ്ങളോട് നിർദ്ദേശിച്ചിട്ടുണ്ട്. അഭ്യന്തര യുദ്ധത്തിൽ നിന്നും രക്ഷപെട്ട് ഒരു മില്യൺ സിറിയൻ അഭയാർത്ഥികൾ ഇതിനകം ലെബനോനിൽ എത്തിചേർന്നിട്ടുണ്ട്.

ലെബനോന്റെ മൊത്തം ജനസംഖ്യയുടെ അഞ്ചിലൊന്നോളം വരുന്ന അഭയാർത്ഥികൾ അവിടത്തെ രാഷ്ടീയ സുസ്ഥിതിക്കു തന്നെ ഭീഷണി ഉയർത്തി കഴിഞ്ഞു. ചാവേർ ആക്രമണങ്ങളുടെ ഉത്തരവാദിത്വം ഏറ്റെടുത്തു കൊണ്ട് ഇതുവരെ ആരും രംഗത്തെത്തിയിട്ടില്ല. തിങ്കളാഴ്ച്ച രാവിലെയുണ്ടായ ചാവേർ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടവരുടെ ശവസംസ്ക്കാരച്ചടങ്ങുകൾക്ക് ഒത്തുകൂടിയവരുടെ നേർക്കാണ് വൈകുന്നേരത്തെ ആക്രമണമുണ്ടായത്. സെന്റ്. ഏലിയാസ് ദേവാലയ പരിസരത്താണ് ബോംബ് സ്ഫോടനങ്ങളും വെടിവെയ്പ്പും നടന്നതെന്ന് ഫാദർ ഏലിയൻ നസറല്ല അറിയിച്ചു.

ലെബനോൻ സേന ഗ്രാമം വലയം ചെയ്ത് അക്രമികൾക്കു വേണ്ടിയുള്ള അന്വേഷണം തുടരുകയാണ്. ഗ്രാമത്തിലും സമീപ പ്രദേശങ്ങളിലും ഗവർണർ ബഷീർ ഖേദർ കർഫ്യു പ്രഖ്യാപിച്ചു. ചൊവ്വാഴ്ച്ച ദേശീയ ദു:ഖാചരണം പ്രഖ്യാപിച്ചു കൊണ്ട് ലെബനോൻ പ്രധാനമന്ത്രി തമാംസലാം ആക്രമണത്തിന് ഇരയായവരോടുള്ള ഐക്യദാർഢ്യം അറിയിച്ചു.

More Archives >>

Page 1 of 54