News - 2024
നൈജീരിയയില്‍ അക്രമികള്‍ തട്ടിക്കൊണ്ടു പോയ വൈദികന്‍റെ മൃതശരീരം കണ്ടെടുത്തു
സ്വന്തം ലേഖകന്‍ 25-06-2016 - Saturday
അബൂജ: 2 മാസങ്ങള്‍ക്ക് മുന്‍പ് അക്രമികള്‍ തട്ടിക്കൊണ്ടു പോയ കത്തോലിക്ക വൈദികന്റെ മൃതശരീരം കണ്ടെത്തി. ഒട്ടുക്‌പോ രൂപതയുടെ വികാരി ജനറാളായിരിന്ന ഫാദര്‍ ജോണ്‍ അദെയിയുടെ മൃതശരീരമാണ് കണ്ടെടുത്തത്. കഴിഞ്ഞ ഏപ്രില്‍ മാസം പ്രാദേശിക പ്രശ്‌നം പരിഹരിക്കുവാനായി ഒട്ടുക്‌പോയില്‍ നിന്ന്‍ ഒക്വുങ്ങാങ്ങ എന്ന സ്ഥലത്തേക്ക് പോകുമ്പോഴാണ് വൈദികനെ അക്രമികള്‍ തട്ടിക്കൊണ്ടു പോയത്.
വൈദികന്റെ തിരോധാനം നടന്നിട്ട് രണ്ട് മാസം പിന്നിട്ടിരിന്നുവെങ്കിലും അക്രമി സംഘം വൈദികനെ എവിടേയ്ക്കാണ് തട്ടികൊണ്ടു പോയതെന്ന് പോലീസിനു കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ഇതിനിടെയാണ് വൈദികന്റെ മൃതദേഹം കണ്ടെത്തിയത്. അദ്ദേഹത്തിന്റെ സഹോദരര്‍ എത്തിയതിന് ശേഷമാണ് മൃതശരീരം ഫാദര്‍ ജോണ്‍ അദെയിയുടെതാണെന്ന് സ്ഥിരീകരിച്ചത്. ജീര്‍ണ്ണിച്ചു തുടങ്ങിയ അവസ്ഥയിലായിരിന്നു മൃതശരീരം.
ഒട്ടുക്‌പോ രൂപതയിലെ ആദ്യത്തെ വൈദികന്‍ കൂടിയാണ് ഫാദര്‍ ജോണ്‍ അദെയിയാന്‍. അടുത്തിടെയാണ് വൈദികന്‍ തന്റെ പൗരോഹിത്യത്തിന്റെ സില്‍വര്‍ ജൂബിലി ആഘോഷിച്ചത്. അദ്ദേഹത്തിന്റെ മോചനത്തിനായി കാത്തിരുന്ന വിശ്വാസികളേയും പ്രദേശവാസികളേയും വൈദികന്‍ കൊല്ലപ്പെട്ടുവെന്ന വാര്‍ത്ത നിരാശയിലാക്കിയിരിക്കുകയാണ്. അക്രമികളെ സംബന്ധിച്ച് വിവരങ്ങള്‍ കൈമാറുന്നവര്‍ക്ക് പാരിതോഷികം നല്‍കുമെന്ന് പോലീസ് പ്രഖ്യാപിച്ചിട്ടുണ്ട്.