News - 2025

പൗരന്മാർക്ക് ആയുധം കൈവശംവയ്ക്കുവാനുള്ള നിയമത്തില്‍ മാറ്റം വേണമെന്ന് അമേരിക്കൻ മെത്രാന്മാർ

സ്വന്തം ലേഖകന്‍ 27-06-2016 - Monday

വാഷിംഗ്ടണ്‍: സൈനിക ഉദ്യോഗസ്ഥര്‍ ഉപയോഗിക്കുന്ന തീവ്രപ്രഹരശേഷിയുള്ള തോക്കുകള്‍ സാധാരണക്കാര്‍ക്ക് കൈവശംവയ്ക്കുവാനുള്ള യുഎസ് നിയമത്തില്‍ മാറ്റം വേണമെന്ന് അമേരിക്കൻ മെത്രാന്മാർ ആവശ്യപ്പെട്ടു. ചിക്കാഗോ ആര്‍ച്ച് ബിഷപ്പ് ബ്ലേസ് ജെ. കുപ്പിച്ച്, ഡള്ളാസ് ബിഷപ്പ് കെവിന്‍ ജെ. ഫാരല്‍ എന്നിവരാണ് തീവ്രപ്രഹരശേഷിയുള്ള തോക്കുള്‍ സാധരണക്കാരുടെ കൈകളിൽ എത്തുന്നതിനെ തടയുന്ന നിയമം സര്‍ക്കാര്‍ തലത്തില്‍ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. അടുത്തിടെ യുഎസിലെ ഒര്‍ലാന്‍ഡോയില്‍ നടന്ന വെടിവയ്പ്പില്‍ നിരവധി പേര്‍ കൊല്ലപ്പെട്ട പശ്ചാത്തലത്തിലാണ് ബിഷപ്പുമാര്‍ നിലവിലെ നിയമത്തിനെതിരെ ശബ്ദം ഉയര്‍ത്തിയിരിക്കുന്നത്.

ഒര്‍ലാന്‍ഡോയില്‍ 49 പേരുടെ മരണത്തിനിടയാക്കിയ വെടിവയ്പ്പില്‍ അക്രമി ഉപയോഗിച്ചത് സെമി ഓട്ടോമാറ്റിക്ക് റൈഫിളാണ്. സാധാരണ കൈത്തോക്കിനെ അപേക്ഷിച്ച് നിമിഷനേരത്തില്‍ തന്നെ നിരവധി തവണ വെടിയുതിര്‍ക്കുവാന്‍ സാധിക്കുന്ന തരത്തിലാണ് ഇതിന്റെ പ്രവര്‍ത്തനം. യുഎസില്‍ തോക്കുകള്‍ വില്‍ക്കുന്ന നിരവധി കമ്പനികളാണ് ഉള്ളത്. വലിയ തോതില്‍ പടര്‍ന്നു പന്തലിച്ച ആയുധമാര്‍ക്കറ്റിനെ പിണക്കി നിയമം നിര്‍മ്മിക്കുവാനുള്ള ആര്‍ജവം രാഷ്ട്രീയ നേതൃത്വം യുഎസില്‍ കാണിക്കുന്നുമില്ല. ഈ സാഹചര്യത്തിലാണ് ബിഷപ്പുമാര്‍ നേരിട്ട് തങ്ങളുടെ പ്രതികരണവുമായി എത്തിയിരിക്കുന്നത്.

ബിഷപ്പ് ഫാരലിന്റെ പ്രസ്തവാന രൂപതയുടെ വെബ്‌സൈറ്റിലൂടെയുള്ള ബ്ലോഗിലാണ് രേഖപ്പെടുത്തിയിരിക്കുന്നത്."കണക്റ്റികട്ടില്‍ വെടിവയ്പ്പില്‍ കൊല്ലപ്പെട്ട കുട്ടികളെ ഞാന്‍ ഓര്‍ക്കുന്നു. കൊളറാഡോയിലെ തിയറ്ററില്‍ ഉണ്ടായ വെടിവയ്പ്പില്‍ ജീവന്‍ നഷ്ടപ്പെട്ടവരെ ഓര്‍ക്കുന്നു. ഒര്‍ലാന്‍ഡോയിലും സാന്‍ ബെര്‍ണാഡിനോയിലും കൊല്ലപ്പെട്ടവരെയും സ്മരിക്കുന്നു. മറ്റു മനുഷ്യരും ഇതിനെ കുറിച്ച് ചിന്തിക്കണമെന്ന് ഞാന്‍ കരുതുന്നു. ഇത്രയും ജീവനുകള്‍ നഷ്ടമായിട്ടും മാരകമായ ആയുധങ്ങളുടെ വില്‍പ്പന നിരോധിക്കാതത് എന്തുകൊണ്ടാണ്". തോക്കുകള്‍ നിരോധിക്കേണ്ട ആവശ്യത്തെ കുറിച്ച് ബിഷപ്പ് പറയുന്നു. സ്വയരക്ഷയ്ക്കു വേണ്ടി ഉപയോഗിക്കുന്ന തരം തോക്കുകള്‍ അല്ല ഒര്‍ലാന്‍ഡോയിലെ അക്രമി ഉപയോഗിച്ചതെന്ന കാര്യം ബിഷപ്പ് എടുത്ത് പറയുന്നു. പട്ടാളം ഉപയോഗിക്കുന്ന ഇത്തരം ആയുധങ്ങള്‍ എന്തിനാണ് സാധാരണക്കാര്‍ക്കെന്നും അദ്ദേഹം ചോദിക്കുന്നു.

പ്രത്യേകം പ്രസ്താവന നടത്തിയാണ് ആര്‍ച്ച് ബിഷപ്പ് ബ്ലേസ് ജെ. കുപ്പിച്ച് മാരകായുധങ്ങളെ നിരോധിക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. ജൂണ്‍ 18-നും 19-നും ചിക്കാഗോയില്‍ നടന്ന ആക്രമണ പരമ്പരയെ ചൂണ്ടി കാട്ടിയാണ് ആര്‍ച്ച് ബിഷപ്പ് രംഗത്ത് വന്നിട്ടുള്ളത്. 13 പേര്‍ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടു. സാല്‍വദോര്‍ സുവാരസ് എന്ന 21 വയസുകാരനെ അക്രമി വെടിവച്ചു കൊലപ്പെടുത്തിയത് ഒരു കത്തോലിക്ക ദൈവാലയത്തിനു മുമ്പില്‍ വച്ചാണ്. ഈ സമയം ദേവാലയത്തില്‍ ആരാധന നടന്നുകൊണ്ടിരിക്കുകയായിരുന്നു. ഇത്തരം സംഭവങ്ങള്‍ക്കെതിരെ ഇനിയും മിണ്ടാതിരിക്കുന്നത് ഒരിക്കലും പ്രശ്‌നപരിഹാരത്തിന് വഴിതെളിക്കില്ലെന്നും ആര്‍ച്ച് ബിഷപ്പ് കുപ്പിച്ച് പറയുന്നു.

ജൂണ്‍ 23-ാം തീയതി ഒര്‍ലാന്‍ഡോ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ യുഎസ് കോണ്‍ഗ്രസില്‍ ചര്‍ച്ച നടന്നിരുന്നു. എന്നാല്‍ ഇതില്‍ തോക്കുകള്‍ നിയന്ത്രിക്കുന്നതിന് അനുകൂലമായ ഒരു നിലപാടും സ്വീകരിച്ചിരുന്നില്ല. ഡെമോക്രാറ്റുകളും റിപ്പബ്ലിക്കുകളും തമ്മില്‍ ഇതിന്റെ പേരിലുള്ള രാഷ്ട്രീയ കലഹം രൂക്ഷമായിരിക്കുകയാണ്.

More Archives >>

Page 1 of 53